Tamil
വിജയ് യുടെ 69ാം ചിത്രമല്ല താരത്തിന്റെ അവസാന ചിത്രം; അറ്റ്ലിയുടെ ചിത്രത്തിൽ എത്തുമെന്ന് റിപ്പോർട്ട്
വിജയ് യുടെ 69ാം ചിത്രമല്ല താരത്തിന്റെ അവസാന ചിത്രം; അറ്റ്ലിയുടെ ചിത്രത്തിൽ എത്തുമെന്ന് റിപ്പോർട്ട്
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി, ആരാധകരുടെ നെഞ്ചിൽ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്.
ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. കരാർ ഒപ്പിട്ട ചിത്രങ്ങൾക്ക് ശേഷം സിനിമാ അഭിനയം നിർത്തുമെന്നും പൂർണ ശ്രദ്ധ രാഷ്ട്രീയത്തിലേയ്ക്ക് ആയിരിക്കുമെന്നുമാണ് താരം പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴിതാ വിജയ് ആരാധകരെ സന്തോഷത്തിലാഴ്ത്തുന്ന വാർത്തയാണ് പുറത്ത് വരുന്നത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന വിജയ് യുടെ 69ാം ചിത്രമായിരിക്കും താരത്തിന്‍റെ അവസാന ചിത്രമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ ചിത്രത്തിന് ശേഷവും വിജയ് ഒരു ചിത്രത്തിൽ പ്രത്യക്ഷ്യപ്പെടുമെന്നാണ് വിവരം. സംവിധായകൻ അറ്റ്ലിയുടെ അടുത്ത ചിത്രത്തിൽ വിജയ് അതിഥി വേഷത്തിലെത്തുന്നു എന്നാണ് റിപ്പോർട്ട്.
അറ്റ്‌ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ വിജയ്യോട് പറഞ്ഞെന്നും ഇതിൽ അതിഥി വേഷത്തിൽ അഭിനയിക്കാൻ വിജയ് സമ്മതിച്ചെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ. നേരത്തെ അറ്റ്‌ലിയുടെ സംവിധാനത്തിലെത്തിയെ ‘തെരി’, ‘മെർസൽ’, ‘ബിഗിൽ’ എന്നീ ചിത്രങ്ങളിൽ വിജയ് നായകനായി എത്തിയിരുന്നു. ഈ ചിത്രങ്ങൾ എല്ലാം തന്നെ ബോക്‌സോഫീസിൽ വൻ വിജയമായിരുന്നു.
അതേസമയം, ഷാരൂഖ് ഖാൻ നായകനായ ‘ജവാൻ’ ആണ് അറ്റ്‌ലിയുടെതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം. കമൽഹാസനെയും സൽമാൻഖാനെയും പ്രധാന കഥാപാത്രങ്ങളാക്കി അറ്റ്‌ലി ഒരുക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. എന്നാൽ ചിത്രത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.