Actress
ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ; നടി ആശാ പരേഖിന് രാജ്കപൂർ സമഗ്രസംഭാവന പുരസ്‌കാരം
ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ; നടി ആശാ പരേഖിന് രാജ്കപൂർ സമഗ്രസംഭാവന പുരസ്‌കാരം
നിരവധി ആരാധകരുള്ള പ്രശസ്ത നടി ആശാ പരേഖിന് മഹാരാഷ്ട്ര സർക്കാരിന്റെ രാജ്കപൂർ സമഗ്രസംഭാവന പുരസ്‌കാരം. ചലച്ചിത്രമേഖലയിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. പത്തുലക്ഷം രൂപയാണ് പുരസ്‌കാരത്തുക. 21-ന് നടക്കുന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിക്കുക.
പുരസ്‌കാരവിതരണ ചടങ്ങിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരുൾപ്പെടെ നിരവധി വിശിഷ്ടാതിഥികൾ പങ്കെടുക്കും.
അതേസമയം,1992-ൽ രാജ്യം പത്മശ്രീ നൽകി ആശയെ ആദരിക്കുകയും ചെയ്തു. 2020 ൽ ദാദാ സാഹിബ് ഫാൽക്കേ പുരസ്‌കാരവും ലഭിച്ചിരുന്നു. 60-70 കാലങ്ങളിൽ ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന താരമാണ് ആശ. അറുപതുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നടികൂടിയാണ് ആശാ പരേഖ്.
ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന ആശാ പരേഖ്, തൊണ്ണൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ഭറോസ, കട്ടി പതംഗ്, നന്ദൻ, ദോ ബദൻ, തീസരി മൻസിൽ, ചിരാഗ് തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ. 1952ൽ ബാലതാരമായി ബേബി ആശാ പരേഖ് എന്ന പേരിലാണ് തന്റെ അഭിനയജീവിതം തുടങ്ങിയത്.
1959ൽ നസീർ ഹുസൈൻ സംവിധാനം ചെയ്ത ദിൽ ദേഖൊ ദേഖൊ എന്ന ചിത്രത്തിൽ ഷമ്മി കപൂറിന്റെ നായികയായി അഭിനയിച്ചു, സിനിമ വൻ ഹിറ്റായി. ഗുജറാത്ത് സ്വദേശിനിയായ ആശ, നിരവധി ഗുജറാത്തി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1998 മുതൽ 2001 വരെ ഇന്ത്യൻ ഫിലിം സെൻസർ ബോർഡ് അധ്യക്ഷയായിരുന്നു.