Malayalam
മീനൂട്ടിയ്ക്ക് മീനൂട്ടിയുടേതായ കാര്യങ്ങളും രീതികളുമുണ്ട്. അവൾ വളരെ ബ്രില്യന്റാണ്; ഉണ്ണി പിഎസ്
മീനൂട്ടിയ്ക്ക് മീനൂട്ടിയുടേതായ കാര്യങ്ങളും രീതികളുമുണ്ട്. അവൾ വളരെ ബ്രില്യന്റാണ്; ഉണ്ണി പിഎസ്
കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് ഉണ്ണി പിഎസ്. നടി കാവ്യ മാധവൻ അടക്കമുള്ള ഒരുപിടി താരങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റാണ് ഉണ്ണി. താരങ്ങളോടൊപ്പം നിരന്തരം ചിത്രങ്ങളും മറ്റും പ്രത്യക്ഷപ്പെടുന്നത് കൊണ്ട് തന്നെ ഉണ്ണിയ്ക്ക് ആരാധകർ ഏറെയാണ്.
സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ഉണ്ണി പിഎസ്. കാവ്യ-ദിലീപ് വിവാഹ ശേഷമാണ് ഉണ്ണി ശ്രദ്ധിക്കപ്പെടുന്നത്. വിവാഹത്തിന് കാവ്യയെ ഒരുക്കിയത്. വിവാഹദിനത്തിലെ കാവ്യയുടെ മേക്കപ്പ് ചർച്ചയായതോടെയാണ് ഉണ്ണി മേക്കപ്പ് രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് മിക്കപ്പോഴും ഉണ്ണിയാണ് കാവ്യയ്ക്കും മീനാക്ഷിയ്ക്കുമെല്ലാം മേക്കപ്പ് ചെയ്യുന്നത്.
ഇപ്പോഴിതാ താര കുടുംബത്തിനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഉണ്ണി പിഎസ്. മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ഉണ്ണി സംസാരിച്ചു. മീനൂട്ടിയെ ഞാൻ ആദ്യമായി കാണുന്നത് കാവ്യയുടെ കല്യാണത്തിനാണ്. ഞാനാണ് അന്ന് മീനൂട്ടിയ്ക്ക് മേക്കപ്പ് ചെയ്തത്. മീനൂട്ടിയ്ക്ക് മീനൂട്ടിയുടേതായ കാര്യങ്ങളും രീതികളുമുണ്ട്. അവൾ വളരെ ബ്രില്യന്റാണ്.
പതിയെ താനും മീനൂട്ടിയും സുഹൃത്തുക്കളാവുകയായിരുന്നെന്നും ഉണ്ണി പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ അങ്ങോട്ടും ഇങ്ങോട്ടും എപ്പോഴും റീലുകൾ അയക്കാറുണ്ടെന്നും ഉണ്ണി പറയുന്നു. കാവ്യയുടെ മകൾ മഹാലക്ഷ്മിയെക്കുറിച്ചും ഉണ്ണി സംസാരിച്ചു. ഫോണിൽ എന്റെ ഫോട്ടോ കാണുമ്പോൾ ചെറുപ്പത്തിൽ മാമാട്ടിക്കുട്ടി അമ്മയുടെ ഫ്രണ്ട് എന്ന് പറയും. ഫോട്ടോഷൂട്ടൊക്കെ നടക്കുമ്പോൾ ഞാനായിരിക്കില്ല ചിലപ്പോൾ മേക്കപ്പ് ചെയ്യുന്നത്.
ചുമ്മാ കാണാൻ പോകും. അപ്പോൾ മാമാട്ടിക്കൊപ്പം ഒരുപാട് സമയം ചെലവഴിക്കാറുണ്ട്. മാമാട്ടിയെ ആദ്യമായി മേക്കപ്പ് ചെയ്തത് ഞാനാണ്. അതിൽ സന്തോഷമുണ്ട്. മേക്കപ്പ് അവൾക്ക് ഭയങ്കര ഇഷ്ടമാണ്. കാവ്യയെ മേക്കപ്പ് ചെയ്യുമ്പോൾ ഞാൻ മേക്കപ്പ് ആർട്ടിസ്റ്റും കാവ്യ ആർട്ടിസ്റ്റുമാണ്. കാവ്യ വളരെ പെർട്ടിക്കുലർ ആണ്. എന്തൊക്കെയാണ് തന്റെ ഫീച്ചേർസ് എന്ന് കാവ്യക്കറിയാം. ചില സമയത്ത് മേക്കപ്പിൽ ചെറിയൊരു പ്രശ്നമുണ്ടായാൽ തന്നെ ഉണ്ണീ, ഇത് ശരിയായിട്ടില്ലേ എന്ന് പറയും. കണ്ടിട്ടുണ്ട്, ഞാൻ ശരിയാക്കിക്കോളാം എന്ന് ഞാൻ പറയും. കാവ്യയ്ക്ക് സ്വയം നന്നായി ഐ മേക്കപ്പ് ചെയ്യാനറിയാമെന്നും ഉണ്ണി പറഞ്ഞു.
കാവ്യ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. കല്യാണ ദിവസം നല്ല ടെൻഷനായിരുന്നു. കാവ്യയും ദിലീപേട്ടനുമായുള്ള കല്യാണമാണ്. ഞാനാണ് ആദ്യം പോയി റൂം എടുക്കുന്നത്. എന്റെ സ്റ്റാഫുകൾക്കൊന്നും കല്യാണമാണെന്ന് അറിയില്ലായിരുന്നു. ഷൂട്ട് ആണെന്നാണ് ഞാൻ പറഞ്ഞത്. കാവ്യയുടെ ബന്ധുക്കൾ പുറത്ത് നിൽക്കുന്നുണ്ട്. അവരെ കണ്ട് സ്റ്റാഫുകൾ വിചാരിച്ചത് ജൂനിയർ ആർട്ടിസ്റ്റുകൾ ആണെന്നാണ്. അടുത്ത മേക്കപ്പ് ഇപ്പോൾ വേണ്ട, മെയിൻ ആർട്ടിസ്റ്റ് ചെയ്തിട്ട് മതിയെന്ന് പറഞ്ഞ് അവരെ പുറത്തേയ്ക്ക് നിർത്താൻ നോക്കി. അത് കഴിഞ്ഞ് ദിലീപേട്ടൻ മാലയും ബൊക്കയുമായി വന്നു. അപ്പോൾ ഞാൻ പറയട്ടെ എന്ന് കാവ്യ ചോദിച്ചു. അങ്ങനെ പറഞ്ഞു. എല്ലാവർക്കും ഭയങ്കര ഷോക്കായിരുന്നു അതെന്നാണ് ദിലീപ് കാവ്യ വിവാഹത്തെ കുറിച്ച് അടുത്തിടെ ഉണ്ണി പറഞ്ഞത്.
ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ. എന്നാൽ ദിലീപുമായുള്ള വിവാഹശേഷം അഭിനയ ജീവിതം കാവ്യ അഭിനയം പാടെ ഉപേക്ഷിച്ചിരിക്കുകയാണ്. അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാൻ പോകുന്നതായുള്ള ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ തിരിച്ചെത്തില്ലെന്നാണ് കാവ്യ ഒരു പരിപാടിയിൽ പങ്കെടുക്കവെ പറഞ്ഞിരുന്നത്.
