Actor
അമ്മയിലെ കൂട്ട രാജി; കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഉണ്ണി മുകുന്ദൻ
അമ്മയിലെ കൂട്ട രാജി; കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഉണ്ണി മുകുന്ദൻ
കഴിഞ്ഞ ദിവസമായിരുന്നു മലയാള താര സംഘടനയായ അമ്മയിൽ നിന്നും പ്രസിഡന്റായി മോഹൻലാലും 17 എക്സിക്യൂട്ടീവ് അംഗങ്ങളും രാജി വെച്ചത്. പിന്നാലെ അമ്മയിലെ കൂട്ടരാജിയിൽ ഭിന്നത ഉടലെടുത്തിരുന്നു. തങ്ങളായി രാജി വച്ചിട്ടില്ലെന്ന് ആണ് ഒരു വിഭാഗം അറിയിച്ചിരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് പറയുകയാണ് ട്രഷറർ ആയിരുന്ന ഉണ്ണിമുകുന്ദൻ.
നേരത്തെ, രാജിവെയ്ക്കുന്നത് ഒളിച്ചോട്ടത്തിന് തുല്യമാണെന്ന് സരയു പറഞ്ഞിരുന്നു. ഇതിന് എല്ലാവർക്കും ചീത്തപ്പേരുണ്ടാവും. മറുപടിയില്ലാതെ ഒളിച്ചോടരുത്. പിരിച്ചുവിട്ട തീരുമാനം അംഗീകരിക്കാൻ സാധിക്കില്ലെന്നുമാണ് സരയു പറഞ്ഞത്. വ്യക്തിപരമായി തനിക്ക് എതിർപ്പ് ഉണ്ടായിരുന്നു. മറ്റ് മൂന്ന് പേരുടെ കാര്യം താൻ പറയുന്നില്ല. ഭൂരിപക്ഷത്തിന്റെ തീരുമാനം കമ്മറ്റി പിരിച്ചു വിടണം എന്നായിരുന്നു. അതിനൊപ്പം നിൽക്കുന്നു എന്നുമാണ് അനന്യ പറഞ്ഞത്.
അതേസമയം, ഇപ്പോഴത്തെ നിലയിൽ ഇനി മോഹൻലാൽ തലപ്പത്തേക്ക് വരില്ല. മമ്മൂട്ടിക്കും താത്പര്യമില്ലെന്നണ് വിവരം. അങ്ങനെയെങ്കിൽ പൃഥ്വിരാജിനായിരിക്കും സാധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മോഹൻലാലടക്കം നിർബന്ധിച്ചിട്ടും തിരക്കുകൾ പറഞ്ഞ് പൃഥ്വിരാജ് ഒഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അമ്മയ്ക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി പറഞ്ഞ് നടൻ പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു. അമ്മയുടെ നിലപാട് ദുർബലമാണ്.
പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാകണം, ഞാൻ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയാൻ കഴിയില്ല. ഒരു പദവിയിൽ ഇരിക്കുന്നവർ ആരോപണം നേരിടുമ്പോൾ പദവി ഒഴിയുക തന്നെ വേണം. അമ്മ ശക്‌തമായ നിലപാട് എടുക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. മാത്രമലല്, അമ്മയുടെ തലപ്പത്തേക്കൊരു വനിത വരണമെന്ന ആവശ്യവും ശക്തമാണ്.
മുതിർന്ന താരമെന്ന നിലയിൽ ജഗദീഷ് പ്രസിഡൻ്റ് സ്ഥാനത്തേക്കോ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കോ പരിഗണിക്കപ്പെട്ടേക്കാമെന്നും സൂചനയുണ്ട്. അമ്മയിലെ കൂട്ടരാജി ഭീരുത്വമാണെന്നും മറുപടി പറയേണ്ട ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും പാർവതി തിരുവോത്ത് പറഞ്ഞിരുന്നു.