Connect with us

മധുരരാജ സ്ത്രീവിരുദ്ധ ചിത്രമല്ല: ഉദയകൃഷ്‌ണ….

Malayalam Breaking News

മധുരരാജ സ്ത്രീവിരുദ്ധ ചിത്രമല്ല: ഉദയകൃഷ്‌ണ….

മധുരരാജ സ്ത്രീവിരുദ്ധ ചിത്രമല്ല: ഉദയകൃഷ്‌ണ….

നിങ്ങള്‍ക്ക് ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം, വിമര്‍ശിക്കാം, പക്ഷേ അയാള്‍ സൃഷ്ടിക്കുന്ന വിജയങ്ങളെ അവഗണിക്കാനാവില്ല. ഈ പറഞ്ഞത് ഉദയകൃഷ്ണ എന്ന തിരക്കഥാകൃത്തിനെപ്പറ്റിയാകുമ്പോള്‍ കൂടുതല്‍ സത്യമാകുന്നു. സിബി കെ തോമസിനൊപ്പം ചേര്‍ന്ന് ട്വന്‍റി20, സി ഐ ഡി മൂസ, പോക്കിരിരാജ, മായാമോഹിനി, ഉദയപുരം സുല്‍ത്താന്‍, മാട്ടുപ്പെട്ടി മച്ചാന്‍, തുറുപ്പുഗുലാന്‍ തുടങ്ങി ഒട്ടേറെ ബ്ലോക്ബസ്റ്ററുകള്‍ സൃഷ്ടിച്ച ഉദയ്കൃഷ്ണ പിന്നീട് തനിച്ച് എഴുതിയപ്പോഴും മഹാവിജയങ്ങള്‍ കൂടെപ്പോന്നു. പുലിമുരുകന്‍, മാസ്റ്റര്‍ പീസ് എന്നിവയാണ് ഉദയ്കൃഷ്ണ ഒറ്റയ്ക്ക് എഴുതിയ തിരക്കഥകള്‍. ഇതില്‍ പുലിമുരുകന്‍ 150 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയപ്പോള്‍ മാസ്റ്റര്‍ പീസ് സൂപ്പര്‍ഹിറ്റായി മാറി. ഒടുവില്‍ ചെയ്ത മധുരരാജ 100 കോടി ക്ലബിലേക്ക് കുതിക്കുന്നു.


“ഞാന്‍ ഇതുവരെ 40 ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിക്കഴിഞ്ഞു. സിബിയോടൊപ്പവും അല്ലാതെയും. ഞങ്ങളുടെ തുടക്കകാലത്തുമുതല്‍ കോമഡിച്ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കള്‍ എന്നാണ് അറിയപ്പെട്ടത്. ട്വന്‍റി20 പോലെയുള്ള ചില ചിത്രങ്ങളില്‍ ഞങ്ങള്‍ ട്രാക്കില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. എങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കോമഡി ഒരു സുപ്രധാന ഘടകം തന്നെയാണ്. ആ തമാശകള്‍ക്കിടയില്‍ നായകനെയും ഒരു ഭാഗമാക്കി മാറ്റുക എന്നത് വലിയ വെല്ലുവിളിയാണ്” – ഉദയ്കൃഷ്ണ പറയുന്നു.


“കഥയെ ആശ്രയിച്ചാണ് ഒരു വലിയ കൊമേഴ്സ്യല്‍ ചിത്രത്തിന്‍റെ ഫോര്‍മുല ഇരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ ഒരു പ്രത്യേക ഘടന പിന്തുടരുന്നുണ്ട്. നായകനും വില്ലനും തമ്മിലുള്ള ഏറ്റുമുട്ടല്‍, വില്ലന്മാരുടെ വലിയ കൂട്ടം, എങ്ങനെ നായകന്‍ പ്രതികാരം ചെയ്യുന്നു എന്നത്… പതിറ്റാണ്ടുകള്‍ക്ക് മുമ്പുതുടങ്ങിവച്ച പാറ്റേണ്‍ തന്നെ ഇപ്പോഴും തുടരുകയാണ്. താരങ്ങളും കഥ പറയുന്ന രീതിയും മാത്രമാണ് മാറുന്നത്” – ഉദയ്കൃഷ്ണ വ്യക്തമാക്കുന്നു.
“എന്നേപ്പോലെയുള്ള എഴുത്തുകാരെ മാസ് മസാല ചിത്രങ്ങള്‍ എഴുതാന്‍ വേണ്ടിയാണ് നിര്‍മ്മാതാക്കളും സംവിധായകരും സമീപിക്കുന്നത്.

മമ്മൂക്കയെയും ലാലേട്ടനെയും പോലെയുള്ള താരങ്ങള്‍ നൂറുകണക്കിന് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകഴിഞ്ഞു. പലതവണ അവര്‍ നാഷണല്‍ അവാര്‍ഡുകളും വാങ്ങി. അവര്‍ക്കുവേണ്ടി ഒരു പുതുമയുള്ള കഥാപാത്രത്തെ സൃഷ്ടിക്കുക, ഒരു പുതിയ കഥ കണ്ടെത്തുക എന്നത് അത്ര ഈസിയല്ല. അത്തരം ശ്രമങ്ങള്‍ക്ക് സമയമെടുക്കും. അവര്‍ക്കുള്ള കഥാപാത്രങ്ങളെ തീരുമാനിച്ചുകഴിഞ്ഞാലും അവരുടെ ഇന്‍‌ട്രൊഡക്ഷന്‍ സീന്‍, കഥപറച്ചില്‍ രീതി, ക്ലൈമാക്സ് എല്ലാം വിഷയമാണ്” – ഉദയ്കൃഷ്ണ വ്യക്തമാക്കുന്നു.


“മധുരരാജയില്‍ സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളോ രംഗങ്ങളോ ഇല്ല. അക്കാര്യത്തില്‍ ഞങ്ങള്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നു. സണ്ണി ലിയോണിന്‍റെ നൃത്തം പോലും വില്ലന്‍റെ ഇഷ്ടാനുസരണം നടക്കുന്നതാണ്. നമ്മുടെ നാടിന് പുറത്തും നമ്മുടെ ചിത്രങ്ങള്‍ക്ക് ബിസിനസ് നടക്കുന്ന സമയമാണിത്. അതുകൊണ്ടുതന്നെ ചിത്രത്തിലെ ആക്ഷനും ഡാന്‍സും പാട്ടുമെല്ലാം പ്രധാനമാണ്” – ഉദയ്കൃഷ്ണ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

Udaykrishna says about Madhuraraja…

More in Malayalam Breaking News

Trending

Recent

To Top