Movies
റീ റിലീസിന് പിന്നാലെ തുംബാഡ്2 എത്തുന്നു; ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ
റീ റിലീസിന് പിന്നാലെ തുംബാഡ്2 എത്തുന്നു; ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ
ബോളിവുഡിൽ തുടങ്ങി, തമിഴിലും തെലുങ്കിലും മലയാളത്തിലും ഇപ്പോൾ റീ റിലീസിന്റെ കാലമാണ്. മിക്ക സിനിമകൾക്കും തിയറ്ററിൽ മികച്ച പ്രതികരണവും കളക്ഷനുമാണ് ലഭിക്കുന്നത്. പരാജയപ്പെട്ട ചിത്രം പോലും റീ റിലീസ് ചെയ്ത് കോടികൾ കൊയ്തിരിക്കുകയാണ്. ഇപ്പോഴിതാ പ്രേക്ഷകരെ വീണ്ടും ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ എത്തുകയാണ് തുംബാഡ്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായി കണക്കാക്കുന്ന ചിത്രം കൂടിയാണിത്. സിനിമ നേരത്തെ റീ റിലീസ് ചെയ്യുന്നുവെന്ന് വിവരം വന്നിരുന്നു. ഇതിന് പിന്നാലെ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സംഭവിച്ചിരിക്കുകയാണ്. 75-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ക്രിട്ടിക്സ് വീക്ക് വിഭാഗത്തിൽ പ്രീമിയർ ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സിനിമയായിരുന്നു ‘തുംബാഡ്’.
2018ൽ റിലീസ് ചെയ്ത ചിത്രം വെറും 15 കോടി രൂപ ബജറ്റിലാണ് ഒരുക്കിയത്. അന്ന് മികച്ച പ്രേക്ഷക പ്രശംസയും മറ്റും ലഭിച്ചിരുന്നുവെങ്കിലും 13 കോടി രൂപ മാത്രമാണ് ചിത്രത്തിന് ആകെ നേടാനായത്. പിന്നാലെ ഒടിടിയിലെത്തിയതോടെയാണ് ചിത്രം കൂടുതൽ പ്രേക്ഷകരിലും പ്രശംസയിലേയ്ക്കും കടന്നത്.
സെപ്റ്റംബർ 13ന് ചിത്രം തിയേറ്ററുകളിൽ വീണ്ടും എത്തിയപ്പോൾ ആദ്യ ദിനം റെക്കോർഡ് കലക്‌ഷനാണ് സ്വന്തമാക്കിയത്. 1.50 കോടിയാണ് ആദ്യ ദിനം നേടിയത്. അനിൽ ബാർവെ സംവിധാനം ചെയ്ത ‘തുംബാഡി’ന് തിരക്കഥ എഴുതിയത് മിതേഷ് ഷാ, ആദേശ് പ്രസാദ്, ആനന്ദ് ഗാന്ധി എന്നിവർക്കൊപ്പം ബി ബാർവെയും ചേർന്നാണ്.
സോഹം ഷാ, ആനന്ദ് എൽ. റായ്, മുകേഷ് ഷാ, അമിത ഷാ എന്നിവരാണ് ചിത്രം നിർമിച്ചത്. ‘തുംബാഡ്’ എന്ന ഗ്രാമത്തിൽ മറഞ്ഞിരിക്കുന്ന നിധിക്കായുള്ള കേന്ദ്ര കഥാപാത്രത്തിൻ്റെ വേട്ടയാണ് സിനിമ പിന്തുടരുന്നത്. സോഹം ഷാ, ഹരീഷ് ഖന്ന, ജ്യോതി മാൽഷെ, രുദ്ര സോണി, മാധവ് ഹരി ജോഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.