News
തിരുവനന്തപുരത്ത് ഐമാക്‌സ് എത്താന്‍ വൈകും; ഇനിയും കാത്തിരിക്കണം
തിരുവനന്തപുരത്ത് ഐമാക്‌സ് എത്താന്‍ വൈകും; ഇനിയും കാത്തിരിക്കണം
കേരളത്തില്‍ ആദ്യത്തെ ഐമാക്‌സ് തിയേറ്റര്‍ വരുന്നതായ പ്രഖ്യാപനം സിനിമാപ്രേമികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. തിരുവനന്തപുരം ലുലു മാളിലാണ് ആദ്യ ഐമാക്‌സ് തിയറ്ററുകള്‍ വരുന്നതായി ഐമാക്‌സ് അധികൃതരില്‍ നിന്ന് ഒക്ടോബറില്‍ അറിയിപ്പ് ലഭിച്ചത്. ഡിസംബറില്‍ എത്തുന്ന ഹോളിവുഡ് ചിത്രം അവതാര്‍ ആയിരിക്കും ഇവിടുത്തെ ആദ്യ റിലീസ് എന്നും പ്രഖ്യാപിക്കപ്പെട്ടിരുന്നു.
എന്നാല്‍ ജെയിംസ് കാമറൂണ്‍ ചിത്രം അവതാര്‍ എത്തിയിട്ടും കേരളത്തിലെ ആദ്യ ഐ മാക്‌സില്‍ റിലീസ് ഇല്ല. കാര്യമായ പരിശ്രമം നടത്തിയിട്ടും തിരുവനന്തപുരം ലുലു ഐമാക്‌സിന് തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവില്ലെന്ന് ഐമാക്‌സ് ഏഷ്യയുടെ തിയറ്റര്‍ സെയില്‍സ് വൈസ് പ്രസിഡന്റ് പ്രീതം ഡാനിയല്‍ ട്വിറ്ററിലൂടെ അറിയിച്ചു.
തിയേറ്ററുകളുടെ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്നും പക്ഷേ കുറച്ച് ദിവസങ്ങള്‍ കൂടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് ഐമാക്‌സ് പ്രവര്‍ത്തനം ആരംഭിക്കുന്ന വിവരം പ്രീതം ഡാനിയല്‍ തന്നെയാണ് ഒക്ടോബറില്‍ സ്ഥിരീകരിച്ചത്. കേരളത്തില്‍ ഐമാക്‌സ് സ്‌ക്രീനുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രീതം തിരുവനന്തപുരവും കൊച്ചിയും സന്ദര്‍ശിച്ചിരുന്നു.
തിരുവനന്തപുരം ലുലു മാളിലെ ഐമാക്‌സ് കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ ഒരു തുടക്കം മാത്രമാണെന്നാണ് അദ്ദേഹം അന്ന് അറിയിച്ചത്. കൊച്ചിയിലെ ഐമാക്‌സ് സാധ്യതകളും സംഘം കാര്യമായി പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സെന്റര്‍ സ്‌ക്വയര്‍ മാളിലെ സിനിപോളിസ്, ലുലു മാളിലെ പിവിആര്‍ എന്നീ മള്‍ട്ടിപ്ലെക്‌സുകള്‍ ഇവര്‍ സന്ദര്‍ശിച്ചിരുന്നു. കൊച്ചിയും ഐമാക്‌സ് തിയറ്ററിന് പറ്റിയ നഗരമാണെന്നാണ് വിലയിരുത്തല്‍.