Connect with us

സിനിമയിലേക്ക് എത്തിപ്പെടാനുള്ള ഒരു വഴിയും അറിയില്ലായിരുന്നു; ആഗ്രഹം പറഞ്ഞാൽ ഭ്രാന്താണെന്ന് പറയും: ടൊവിനോ പറഞ്ഞത്

Movies

സിനിമയിലേക്ക് എത്തിപ്പെടാനുള്ള ഒരു വഴിയും അറിയില്ലായിരുന്നു; ആഗ്രഹം പറഞ്ഞാൽ ഭ്രാന്താണെന്ന് പറയും: ടൊവിനോ പറഞ്ഞത്

സിനിമയിലേക്ക് എത്തിപ്പെടാനുള്ള ഒരു വഴിയും അറിയില്ലായിരുന്നു; ആഗ്രഹം പറഞ്ഞാൽ ഭ്രാന്താണെന്ന് പറയും: ടൊവിനോ പറഞ്ഞത്

ഒന്നിന് പിറകെ ഒന്നായി സിനിമകളുടെ തിരക്കിലാണ് ഇപ്പോള്‍ ടൊവിനോ തോമസ്. സിനിമ എന്ന സ്വപ്‌നത്തിന് പിന്നാലെ കുതിച്ചോടിയ ടൊവിനോ കൊതിച്ചത് എല്ലാം നേടിയെടുക്കുന്ന തിരക്കിലാണ്. അവസരങ്ങൾക്കായി അലഞ്ഞു നടന്നൊരു ഭൂതകാലമുണ്ട് ടൊവിനോയ്ക്ക്. ചെറിയ വേഷങ്ങളിലൂടെയാണ് ടൊവിനോ കരിയർ ആരംഭിക്കുന്നത്. ആ യാത്രയാണ് ഇന്ന് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നായകന്മാരിൽ ഒരാളെന്ന നിലയിലേക്ക് എത്തി നിൽക്കുന്നത്. യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരനാണ് താരം.

2012ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ എബിസിഡിയിലെ വില്ലൻ വേഷമാണ് ടോവിനോയ്ക്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിക്കൊടുത്തത്. പിന്നീട് എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനാവുകയായിരുന്നു ടൊവിനോ. 2016ൽ പുറത്തിറങ്ങിയ ഗപ്പിയിലൂടെയാണ് ആദ്യമായി നായകനാകുന്നത്. പിന്നീട് ഒരുപിടി മികച്ച നായക വേഷങ്ങളിലൂടെ ടൊവിനോ മലയാള സിനിമയുടെ മുൻനിരയിലേക്ക് ഉയർന്നു.

താൻ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും കടന്നുവന്ന വഴികളെ കുറിച്ചുമൊക്കെ പലപ്പോഴായി ടൊവിനോ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, വർഷങ്ങൾക്ക് മുൻപ് വെബ്‌ഇന്ത്യ123.കോമിന് നൽകിയ ടൊവിനോയുടെ ഒരു അഭിമുഖം വീണ്ടും വൈറലാവുകയാണ്. താൻ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചാണ് നടൻ സംസാരിക്കുന്നത്.

ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചാണ് സിനിമയിലേക്കുള്ള വഴി താൻ കണ്ടെത്തിയതെന്നാണ് ടൊവിനോ പറയുന്നത്. ചെറുപ്പം മുതലേ ആഗ്രഹമുണ്ടായിരുന്നു സിനിമ. ഒരു സാധാരണക്കാരന്, സിനിമയുമായി ബന്ധമൊന്നുമില്ലാത്ത ഒരാൾക്ക് സിനിമ ആഗ്രഹിക്കാൻ പറ്റുമോ എന്ന സംശയമുണ്ടായിരുന്നു. സിനിമയിലുള്ള ഒരാളുടെ പോലും, ഒരു പ്രൊഡക്ഷൻ കൺട്രോളറിന്റെയോ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവിന്റെയോ എന്തിന് ഒരു ലൈറ്റ് ബോയിയുടെ പോലും ഫോൺ നമ്പർ ഇല്ലാതെയാണ് സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹവുമായി നടന്നതെന്ന് ടൊവിനോ പറയുന്നു.

സിനിമയിലേക്ക് എത്തിപ്പെടാനുള്ള ഒരു വഴിയും അറിയില്ലായിരുന്നു. അതുകൊണ്ട് ആ ആഗ്രഹം കുറെ കാലം മനസ്സിൽ തന്നെ വെച്ചു. സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞാൽ അവന് ഭ്രാന്താണെന്ന പറയുന്ന, കുറെ സാധാരണക്കാർക്കിടയിൽ ജീവിച്ചു വന്ന ആളാണ്. എന്നാലും ആഗ്രഹം വന്നപ്പോൾ ചാൻസ് ചോദിക്കാനൊക്കെ ആരംഭിച്ചിരുന്നുവെന്ന് ടൊവിനോ പറയുന്നു.


സിനിമാ പാരമ്പര്യമോ മറ്റു ബാക്ക്ഗ്രൗണ്ടോ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് നേരെ സിനിമയിലേക്ക് എത്തുക ബുദ്ധിമുട്ടായിരുന്നു. പിന്നെയുണ്ടായിരുന്ന ഒരു ഓപ്ഷനായിരുന്നു ഷോർട്ട് ഫിലിം. അതുവഴി ഒരു പ്രൊഫൈൽ ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം ചെയ്തത്. അങ്ങനെയാണ് ഞാൻ ഇതിലേക്ക് വരുന്നത്.

സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് മോഡലിങും ഷോർട്ട് ഫിലിമുമൊക്കെ ചെയ്ത് തുടങ്ങിയതെന്നും ടൊവിനോ അഭിമുഖത്തിൽ പറഞ്ഞു.അതേസമയം, ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 ആണ് ടൊവിനോയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. 150 കോടി കളക്ഷൻ നേടി പ്രദർശനം തുടരുന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ഏറെ കയ്യടികൾ വാങ്ങി കൂട്ടുന്നുണ്ട്. ആസിഫ് അലി, കുഞ്ചാക്കോ ബോബൻ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

അ‍ജയന്റെ രണ്ടാം മോഷണമാണ് ടൊവിനോയുടേതായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന്. ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രമാണിത്. ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും

More in Movies

Trending

Recent

To Top