Malayalam
ആ സിനിമയിൽ അഭിനയിക്കുമ്പോൾ ദൂരദർശൻ ബന്ധത്തിലെ പരിഗണനയൊന്നും ദിലീപിന്റെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നില്ല; ടോം ജേക്കബ്
ആ സിനിമയിൽ അഭിനയിക്കുമ്പോൾ ദൂരദർശൻ ബന്ധത്തിലെ പരിഗണനയൊന്നും ദിലീപിന്റെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നില്ല; ടോം ജേക്കബ്
1999-2005 കാലയളവിൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന, പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച ടെലിവിഷൻ സീരിയലാണ് പകിട പകിട പമ്പരം. അവതരണത്തിലും അഭിനയത്തിലും വ്യത്യസ്തത പുലർത്തിയ സീരിയൽ വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ള ഒരുകൂട്ടം പ്രേക്ഷകരെ സമ്പാദിക്കാൻ ഈ സീരിയലിനു കഴിഞ്ഞതോടെ ദൂരദർശൻ ചാനെൽ റേറ്റിങ് റെക്കോർഡുകളിൽ ഒരു പുതുചരിത്രം തന്നെ സൃഷ്ടിക്കുകയായിരുന്നു.
ഈ പമ്പരയിൽ പ്രധാന വേഷത്തിലെത്തിയതും പ്രൊഡ്യൂസ് ചെയ്തതും ടോം ജേക്കബ് ആയിരുന്നു. അന്ന് പ്രശസ്തരായി നിന്നിരുന്ന സിനിമ-സീരിയൽ താരങ്ങളെല്ലാം പകിട പകിട പമ്പരത്തിന്റെ ഭാഗമായിട്ടുണ്ട്. തെസ്നി ഖാൻ, സീമ ജി നായർ, സംഗീതാ രാജേന്ദ്രൻ, മായാ മൗഷ്മി എന്നിവരായിരുന്നു നായികമാർ. ദിലീപും ഹരിശ്രി അശോകനും ആദ്യമായി ദൂരദർശനിലേക്ക് വരുമ്പോൾ അവിടുത്തെ പ്രൊഡക്ഷൻമാനേജരും ടോം ജേക്കബ് ആയിരുന്നു.
പിൽക്കാലത്ത് കൽക്കട്ട ന്യൂസ് എന്ന സിനിമയിൽ ദിലീപിനൊപ്പം ഒരു ചെറിയ വേഷത്തിൽ ടോം ജേക്കബ് അഭിനയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഒരു യൂട്യൂൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ കൽക്കട്ടയിൽ വെച്ച് നടന്ന ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് ടോം ജേക്കബ്.
കൽക്കട്ട ന്യൂസിൽ അഭിനയിക്കുമ്പോൾ ദൂരദർശൻ ബന്ധത്തിലെ പരിഗണനയൊന്നും ദിലീപിന്റെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നില്ല. ദിലീപ് എന്നെ ഓടിച്ച് പിടിക്കുന്ന ഒരു രംഗമാണ് ഷൂട്ട് ചെയ്യുന്നത്. സോനഗച്ചി എന്ന് പറയുന്ന തെരുവിലാണ് സീൻ എടുക്കുന്നത്. ഓടുന്നതിന് ഇടിയിൽ ഞാൻ കണ്ണിൽ കണ്ടതെല്ലാം മറിച്ചിടുകയാണ്. ക്യാമറമാൻ കുമാർ സർ ക്യാമറയുമായി എന്റെ പിന്നാലെ ഓടുന്നുണ്ട്.
മുന്നിൽ ഒരു കാളവണ്ടി വെച്ചിട്ടുണ്ട്, പുറകെ ഓടുന്ന ദിലീപിനെ തടയാൻ വേണ്ടി അതെടുത്ത് ക്രോസ് ആയി വെച്ചിട്ട് വേണം ഓട്ടം തുടരാനെന്ന് പറഞ്ഞു. അപ്പോൾ ദിലീപ് അതിനേയും മറികടന്ന് വരും. പതിമൂന്ന് പ്രാവശ്യം എങ്ങാനും ഓടി. ഞാൻ കാളവണ്ടി എടുത്ത് മാറ്റാൻ നോക്കുമ്പോൾ അത് അനങ്ങുന്നില്ല. ഈ സമയത്ത് തന്നെ അപ്പുറത്ത് ലൈറ്റ് പോയ പ്രശ്നവുമുണ്ട്. കാളവണ്ടിയുടെ പ്രശ്നം എന്താണെന്ന് നോക്കണമെന്ന് ഞാൻ ആർട്ട് ഡയറക്ടറോട് പറയുന്നുണ്ട്.
പതിമൂന്നാമത്തെ പ്രാവശ്യം ഞാൻ ഓടിപ്പോയി കാളവണ്ടി എടുക്കാൻ നോക്കിയപ്പോൾ പൊങ്ങുന്നില്ല. അതോടെ ‘നിങ്ങളെന്താണ് പറയുന്നത് പോലെ ചെയ്യാത്തത്’ എന്നും ചോദിച്ച് ക്യാമറമാൻ എന്റെ നേരെ ഇരച്ചുകൊണ്ട് വന്നു. കാരണം അയാളാണല്ലോ അത്രയും തവണ ക്യാമറയുമായി എന്റെ പിറകെ ഓടുന്നത്. അതേ പോസിൽ തന്നെ ഞാൻ തിരിച്ച് ‘എന്നാൽ നിങ്ങൾ ഇത് അങ്ങോട്ട് എടുത്ത് മാറ്റ്’ എന്ന് തിരിച്ച് പറഞ്ഞുവെന്നും ടോം പറയുന്നു.
അങ്ങനെ ആരും അദ്ദേഹത്തോട് പറയില്ല. മുതിർന്ന ക്യാമറമാനോടാണ് ജൂനിയർ ആർട്ടിസ്റ്റ് പോലുള്ള ഞാൻ അങ്ങനെ പറയുന്നത്. അത് ഒരു വലിയ പ്രശ്നമായി. സെറ്റ് സ്തംഭിച്ചു, പുള്ളി വന്ന് നോക്കിയിട്ടും കാളവണ്ടി പൊക്കാനാകുന്നില്ല. ആർട്ട് ഡയറക്ടർ വന്ന് നോക്കിയിട്ട് അത് തന്നെ സ്ഥിതി. യഥാർത്ഥതിൽ ആരും അറിയാത്ത രീതിയിൽ തറയുമായി വണ്ടി ലോക്ക് ചെയ്തിരിക്കുകയായിരുന്നു.
ഞാൻ ആയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ദിലീപായിരുന്നു അത് മാറ്റേണ്ടിയിരുന്നതെങ്കിൽ അവർ വന്ന് ചോദിക്കും ഇത് എടുത്താൽ പൊങ്ങുമോയെന്ന്. ആ ഒരു വ്യത്യാസമുണ്ട്. ദിലീപ് സമാധാനിപ്പിച്ചൊന്നും ഇല്ല. ഓടാത്തത് എന്താണെന്ന് ചോദിച്ച് വഴക്ക് പറയുകയേയുള്ളു. റോമിയോയിലും ദിലീപിനൊപ്പം അഭിനയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഒട്ടനവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത ടോം ജേക്കബ് ഇതിനിടയിൽ മെസ്സഞ്ചർ ,അന്നം എന്നിങ്ങനെ രണ്ടു ഹ്രസ്വ ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.
