News
യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ടിനി ടോം
യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ടിനി ടോം
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതനായ താരമാണ് ടിനി ടോം. ഇപ്പോഴിതാ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരിക്കുകയാണ് നടന്‍. അബുദബി സാംസ്‌കാരിക, വിനോദ സഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ അബുദബി ചേംബര്‍ വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയില്‍ നിന്നുമാണ് ടിനി ടോം ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്.
ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ യുഎഇ സര്‍ക്കാരിനും ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ അവസരം ഒരുക്കിത്തന്ന എം എ യൂസഫലിക്കും നന്ദി അറിയിക്കുന്നതായി ടിനി ടോം പറഞ്ഞു. പുതുവത്സരവേളയില്‍ മലയാളികളുടെ അഭിമാനമായ എം എ യൂസഫലിയുടെ കയ്യില്‍ നിന്നു തന്നെ ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായതില്‍ ഏറെ സന്തോഷമാണുള്ളതെന്നും ടിനി കൂട്ടിച്ചേര്‍ത്തു.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്.
മലയാള സിനിമയില്‍ നിന്ന് നിരവധി പേര്‍ക്ക് ഗോള്‍ഡന്‍ വിസ നേരത്തെ ലഭിച്ചിരുന്നു. പ്രണവ് മോഹന്‍ലാല്‍, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്റോ ജോസഫ്, മീന, ദിലീപ് തുടങ്ങിയവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.
