പത്ത് വർഷം വരെ തടവുശിക്ഷ; രാ സല ഹരി പിടിച്ചെടുത്ത സംഭവത്തിൽ തൊപ്പി ഒളിവിൽ
സോഷ്യൽ മീഡിയ പ്രേക്ഷകർക്കേറെ സുപരിചിതനാണ് തൊപ്പി എന്ന വിവാദ യൂട്യൂബർ നിഹാദ്. ഇയാളുടെ താമസ സ്ഥലത്ത് നിന്ന് രാ സല ഹരി പിടിച്ചെടുത്ത സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ നിഹാദും സുഹൃത്തുക്കളും ഒളിവിൽ പോയിരിക്കുകയാണെന്നാണ് വിവരം.
നിഹാദും സുഹൃത്തുക്കളായ മൂന്ന് പെൺകുട്ടികളുമാണ് ഒളിവിൽ. ഇവർ മുൻകൂർ ജാമ്യം തേടി എറണാകുളം പ്രിൻസിപ്പൽ കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് സംഭവം. നിഹാദിന്റെ തമ്മനത്തെ വീട്ടിൽ നിന്നാണ് പൊലീസ് എം ഡിഎംഎ പിടിച്ചെടുത്തത്. പാലാരിവട്ടം പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.
നിഹാദിന്റെ ഡ്രൈവറായ ജാമറിൽ നിന്നാണ് രാസലഹരി പിടികൂടിയത്. തൊപ്പി ഉൾപ്പെടെ എട്ട് പേരാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. നിഹാദിന്റെ സുഹൃത്തുക്കളായ നാല് യുവാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണിത്.
അടുത്തിടെ എല്ലാം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് യൂട്യൂബിലൂടെ നിഹാദ് രംഗത്തെത്തിയിരുന്നു. വിഷാദത്തിലൂടെ കടന്നു പോവുകയാണെന്നും ഇനിയിത് തുടരാനാകില്ലെന്നുമായിരുന്നു നിഹാദ് പറഞ്ഞത്. വീട്ടുകാർ തന്നെ സ്വീകരിക്കുന്നില്ലെന്നും പണവും പ്രശസ്തിയുമുണ്ടായിട്ട് ഒരു കാര്യവുമില്ലെന്നും പറഞ്ഞിരുന്നു.
‘തൊപ്പി’ എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാർത്ഥ വ്യക്തിത്വത്തിലേക്ക് മടങ്ങുക മാത്രമാണ് ജീവിതത്തിലേക്ക് തിരികെവരാനുള്ള ഏക പോംവഴിയെന്നും നിഹാദ് പറഞ്ഞിരുന്നു. കണ്ണൂർ ശൈലിയിലുള്ള സംസാരത്തിലൂടെ ഫാൻസിനെ സൃഷ്ടിച്ച തൊപ്പി, അ ശ്ലീല സംഭാഷണത്തിന്റെയും മറ്റും പേരിൽ വിമർശനവും നേരിടുന്നുണ്ട്.
ഇയാളുടെ വീഡിയോയുടെ ഉള്ളടക്കം അശ്ശീലവും സ്ത്രീവിരുദ്ധവുമാണെന്ന് കാണിച്ച് നേരത്തെത്തന്നെ നിരവധി പേർ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിനോടകം നിരവധി കേസുകൾ തൊപ്പിയ്ക്കെതിരെയുണ്ട്. യൂട്യൂബിൽ ആറ് ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് തൊപ്പിക്കുണ്ട്.