Actor
തിലകൻ ആദ്യം മുതലെ വിരൽ ചൂണ്ടുന്ന വ്യക്തി അഴിയെണ്ണും എന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു, അത് പോലെ സംഭവിച്ചല്ലോ, കൂളിംഗ് ഗ്ലാസ് മാറുന്ന ഒരു നടനും തിലകനെ വേട്ടയാടി; തിലകന്റെ സുഹൃത്ത്
തിലകൻ ആദ്യം മുതലെ വിരൽ ചൂണ്ടുന്ന വ്യക്തി അഴിയെണ്ണും എന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു, അത് പോലെ സംഭവിച്ചല്ലോ, കൂളിംഗ് ഗ്ലാസ് മാറുന്ന ഒരു നടനും തിലകനെ വേട്ടയാടി; തിലകന്റെ സുഹൃത്ത്
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുകയാണ്. നടൻ തിലകൻ മുമ്പ് പറഞ്ഞ പല കാര്യങ്ങളെയും അടിവരയിട്ട് ശരിവെയ്ക്കുന്ന തരത്തിലുള്ളതായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. തിലകനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഈ വേളയിൽ തിലകന്റെ ഉറ്റസുഹൃത്തും നാടകപ്രവർത്തകനുമായ അമ്പലപ്പുഴ രാധാകൃഷ്ണന്റെ വാക്കുകളും ശ്രദ്ധ നേടുകയാണ്.
ഞാനെന്ത് കുറ്റം ചെയ്തിട്ടാണ് തന്നെ ക്രൂശിക്കുന്നതെന്ന് തിലകൻ പറയുമായിരുന്നു. അദ്ദേഹം പറഞ്ഞത് ഓരോന്നും ശരിയാണെന്നാണ് ഹേമ കമ്മിറ്റി പറയുന്നത്. അന്തസുള്ളവരാണെങ്കിൽ അമ്മയും ഫെഫ്കയും പിരിച്ചു വിട്ട് കേരള സമൂഹത്തോട് മാപ്പ് പറയണം. ആ മഹാനടനോട് കാണിച്ച ക്രൂരതയ്ക്ക് എന്ത് മാത്രം കഥാപാത്രങ്ങളാണ് നഷ്ടപ്പെടുത്തിയത്.
തിലകൻ എപ്പോഴും പറയുന്ന ഒരു പേര് അമ്മ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റേതാണ്. ആ താരത്തിന് പണിയൊന്നും ഇല്ലാത്തത് കൊണ്ട് ഇടവേളയ്ക്ക് കേറുന്ന ബാബു എന്ന് തിലകൻ പരിഹസിക്കുമായിരുന്നു. കൂളിംഗ് ഗ്ലാസ് മാറുന്ന ഒരു നടനും തിലകനെ വേട്ടയാടി. പേര് പറയില്ല കൂളിംഗ് ഗ്ലാസ് മാറുന്ന നടൻ എന്നായിരുന്നു തിലകൻ പറയുക. കൂളിംഗ് ഗ്ലാസ് സിനിമയിൽ ഉപയോഗിക്കുന്ന നടൻ ആരാണെന്ന് എല്ലാവർക്കും അറിയാമല്ലോ.
മലയാള സിനിമയിലും താരസംഘടനയിലും ഫെഫ്കയിലും ഒരു മാഫിയ ഉണ്ടെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞതാണ്. അദ്ദേഹം ആദ്യം മുതലെ വിരൽ ചൂണ്ടുന്ന വ്യക്തി അഴി എണ്ണും എന്ന് തിലകൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ അയാൾ അഴിയെണ്ണിയെങ്കിലും ആ വലിയ മനുഷ്യന് കാണാൻ സാധിച്ചില്ല.
മോഹൻലാലിനെ തിലകന് ഒരുപാട് ഇഷ്ടമായിരുന്നു. മോഹൻലാലിന് എന്ത് പറ്റി എന്ന് തിലകൻ ചോദിക്കുമായിരുന്നു. ലാൽ എന്നോട് ഇങ്ങനെ കാണിക്കുന്നത് എന്താണെന്ന് മനസ്സിലാവുന്നില്ല, ലാലും അവരുടെ കൂടെ കൂട്ട് നിന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 15 പേരെന്ന് പറയുന്നത് ചെറിയ ആളുകൾ അല്ല. തിലകനെ വച്ച് സീരിയൽ എടുക്കാൻ വന്ന ആളെ വിലക്കിയത് അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്നു. ഗണേഷ് കുമാർ പ്രസിഡന്റ് ആയ സംഘടന ഉള്ളിടത്തോളം കാലം എടുക്കാൻ കഴിയില്ലെന്ന് തിലകൻ പറഞ്ഞിരുന്നുവെന്നും രാധാകൃഷ്ണൻ പറയുന്നു.
അതേസമയം, മലയാള സിനിമയിൽ അങ്ങനൊരു പവർ ഗ്രൂപ്പ് ഉള്ളതായി തനിക്ക് അറിവില്ലെന്നാണ് കെബി ഗണേഷ് കുമാർ പറയുന്നത്. സിനിമയിൽ ആളുകളെ കാസ്റ്റ് ചെയ്യുന്നത് ആ സമയത്തെ ഒരു ആലോചനയുടെ ഭാഗമാണ്. നമ്മുടെ പേരൊക്കെ ചിലർ നിർദേശിക്കും. എന്നാൽ, വേറെ ചിലർ മറ്റൊരു അഭിപ്രായം പറയും. ഇതോടെ നമ്മുടെ പേര് വെട്ടും.
കഥ പറയുന്നിടത്തെ കാഴ്ചക്കാരാണ് ഇത് ചെയ്യുന്നത്. സിനിമയുടെ ചരിത്രത്തിന്റെ കൂടെയുള്ളതാണ് ഇതൊക്കെ. ഒരു നടനേയും സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ ഒതുക്കിയതായിട്ട് എനിക്കറിയില്ല. ഞാനാണ് അന്നും ഇന്നും ആത്മയുടെ പ്രസിഡന്റ്. ടെലിവിഷനിൽ അഭിനയിക്കുന്നവരെ വിലക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തങ്ങൾ ആഗ്രഹിക്കുന്നതെന്തോ അത് ഇവിടെ ചെയ്യാൻ സാധിക്കുന്ന ഒരു മാഫിയ സംഘമായിരിക്കുന്നു മലയാള സിനിമ എന്ന് പറഞ്ഞ ഒരു നടനുണ്ടായിരുന്നു. അദ്ദേഹം തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്ന വ്യക്തിയാണ്. എന്നാൽ അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിലുകൾ പലർക്കും ഇഷ്ടമായില്ല.
മലയാളത്തിലെ ഏറ്റവും മികച്ച നടൻമാരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അഭിനയ പ്രതിഭയിൽ ആർക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ സിനിമയിൽ നിന്ന് മാറ്റിനിർത്താൻ കഴിഞ്ഞു. പത്തോ പതിനഞ്ചോ പേർ ചേർന്ന് അദ്ദേഹത്തെ സിനിമയിൽ നിന്ന് പുറത്താക്കി.
ഈ നടൻ പിന്നീട് സീരിയലിലേയ്ക്ക് എത്തി. എന്നാൽ, അവിടെയും ശക്തമായ ഈ ലോബി പ്രവർത്തിച്ചു. സീരിയൽ താരങ്ങളുടെ ആത്മ എന്ന സംഘടനയെയാണ് ഇവർ ഇതിനായി ഉപയോഗിച്ചത്. ആ സമയത്ത് ആത്മയുടെ അധ്യക്ഷൻ ഒരു സിനിമാ നടൻ കൂടിയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.