Malayalam
അച്ഛൻ മരിച്ചതിന് ശേഷം ഒരു പ്രധാന നടൻ മോശമായി പെരുമാറി, മോളേ എന്നൊക്കെ വിളിച്ചായിരുന്നു സംസാരിച്ചത്, പക്ഷേ ഉദ്ദേശ്യം വേറെയായിരുന്നു; തിലകന്റെ മകൾ
അച്ഛൻ മരിച്ചതിന് ശേഷം ഒരു പ്രധാന നടൻ മോശമായി പെരുമാറി, മോളേ എന്നൊക്കെ വിളിച്ചായിരുന്നു സംസാരിച്ചത്, പക്ഷേ ഉദ്ദേശ്യം വേറെയായിരുന്നു; തിലകന്റെ മകൾ
കഴിഞ്ഞ ദിവസമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. റിപ്പോർട്ടിൽ നടൻ തിലകൻ അനുഭവിച്ച പ്രശ്‌നങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. തങ്ങൾ ആഗ്രഹിക്കുന്നതെന്തോ അത് ഇവിടെ ചെയ്യാൻ സാധിക്കുന്ന ഒരു മാഫിയ സംഘമായിരിക്കുന്നു മലയാള സിനിമ എന്ന് പറഞ്ഞ ഒരു നടനുണ്ടായിരുന്നു. അദ്ദേഹം തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്ന വ്യക്തിയാണ്. എന്നാൽ അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിലുകൾ പലർക്കും ഇഷ്ടമായില്ല.
മലയാളത്തിലെ ഏറ്റവും മികച്ച നടൻമാരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അഭിനയ പ്രതിഭയിൽ ആർക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ സിനിമയിൽ നിന്ന് മാറ്റിനിർത്താൻ കഴിഞ്ഞു. പത്തോ പതിനഞ്ചോ പേർ ചേർന്ന് അദ്ദേഹത്തെ സിനിമയിൽ നിന്ന് പുറത്താക്കി.
ഈ നടൻ പിന്നീട് സീരിയലിലേയ്ക്ക് എത്തി. എന്നാൽ, അവിടെയും ശക്തമായ ഈ ലോബി പ്രവർത്തിച്ചു. സീരിയൽ താരങ്ങളുടെ ആത്മ എന്ന സംഘടനയെയാണ് ഇവർ ഇതിനായി ഉപയോഗിച്ചത്. ആ സമയത്ത് ആത്മയുടെ അധ്യക്ഷൻ ഒരു സിനിമാ നടൻ കൂടിയായിരുന്നു. ചെറിയ കാരണങ്ങൾ മതി, പത്തോ പതിനഞ്ചോ വ്യക്തികൾ തീരുമാനിച്ചാൽ ആരെയും സിനിമയിൽനിന്ന് മാറ്റി നിർത്താം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇതിന് പിന്നാലെ ‘അമ്മ’യ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തിലകന്റെ മകൾ സോണിയ തിലകൻ. അച്ഛൻ പറഞ്ഞ അറിവാണുള്ളത്. 2010-ലാണ് അച്ഛൻ ആദ്യമായി സിനിമയിലെ വിഷയങ്ങൾ പുറത്തുപറയുന്നത്. അച്ഛനുമായുള്ള പ്രശ്‌നം നടക്കുന്ന സമയത്ത് സംഘടനയുടെ മീറ്റിങ് നടക്കുമ്പോൾ ഏതാണ്ട് 62 ഗുണ്ടകളെ പുറത്ത് സജ്ജമാക്കി നിർത്തിയിരിക്കുകയായിരുന്നു. ഇതൊരു മാഫിയയാണെന്ന് അച്ഛൻ പറഞ്ഞു. അന്ന് പലരും ഇത് മുഖവിലയ്‌ക്കെടുത്തില്ല.
ഈ സംഘടനയുടെ ബൈലോ പ്രകാരം ഇക്കാര്യങ്ങൾ പുറത്തുപറയാൻ പാടില്ലെന്നാണ്. പക്ഷേ, അച്ഛൻ അത് തുറന്ന് പറഞ്ഞു. നിക്ക് സിനിമാക്കാരെ ഭയം ഉണ്ടാകേണ്ട കാര്യമില്ല. കുട്ടിക്കാലം മുതൽ അവരെ കാണുന്നയാളാണ് ഞാൻ. വീട്ടിലെ അംഗങ്ങളെപ്പോലെയാണ് പെരുമാറിയിരുന്നത്. വ്യക്തിപരമായ കാര്യങ്ങളെല്ലാം അച്ഛനുമായി അവർ സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് ഈ പ്രശ്‌നം വന്നപ്പോൾ, എല്ലാവരും ഒറ്റക്കെട്ടായി. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ച് തീർക്കേണ്ട കാര്യമാണ് ഈ നിലയിൽ എത്തിച്ചത്.
പുറത്താക്കാനും പീഡകർക്ക് കൂട്ടുനിൽക്കാനുമാണോ ഈ സംഘടന? ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ സംഘടന പിരിച്ചുവിടുകയാണ് വേണ്ടത്. സർക്കാർ നടപടി സ്വീകരിക്കണം. ഒരാൾ നല്ല ഷർട്ട് ഇട്ടു വന്നാൽ പോലും ഈഗോ കാരണം പുറത്താക്കുന്നതടക്കമുള്ള സംഭവം ഉണ്ടായിട്ടുണ്ടെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.
അച്ഛൻ മരിച്ചതിന് ശേഷം ഒരു പ്രധാനനടൻ എന്നെ വിളിച്ചു. അച്ഛനോട് ചെയ്ത കാര്യങ്ങളിൽ കുറ്റബോധമുണ്ട് എന്നൊക്കെ പറഞ്ഞിട്ട്. മോളേ എന്നൊക്കെ വിളിച്ച് ബഹുമാനത്തോടെയാണ് സംസാരിച്ചത്. പക്ഷേ പിന്നീട് എനിക്ക് വന്ന സന്ദേശങ്ങളിൽ നിന്ന് ഉദ്ദേശ്യം വേറെയാണെന്ന് മനസ്സിലായി. സിനിമയുമായി ബന്ധമില്ലാത്ത എനിക്ക് വരെ ഈ അനുഭവമുണ്ടായി. ഞാൻ അവരുടെ സുഹൃത്തിന്റെ മകളാണ്.
അച്ഛൻ മരിച്ചതിന് ശേഷം സിനിമയിൽ സൗഹൃദങ്ങളൊന്നുമില്ല. വല്ലപ്പോഴും കണ്ടാൽ സംസാരിക്കും. അച്ഛനോട് ചെയ്ത കാര്യങ്ങൾ മനസ്സിൽനിന്ന് അങ്ങനെ പോകില്ലല്ലോ. അച്ഛനെ സിനിമയിൽ നിന്ന് വിലക്കിയ ശേഷം സീരിയലിലും വിലക്കി. സിനിമയിലെ ഒരു നടനായിരുന്നു സീരിയലിന്റെ സംഘടനയുടെ തലപ്പത്ത്. ഇവർ ഒരു പതിനഞ്ച് പേരുണ്ട്. ഒരു ഹിഡൻ അജണ്ട വച്ചാണ് അവർ പ്രവർത്തിക്കുന്നത്. പോക്‌സോ കേസ് പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. കർശനമായി നിയമനടപടിയെടുക്കേണ്ട വിഷയമാണ് എന്നും സോണിയ പറയുന്നു.
