Connect with us

മാണിക്യനും കാർത്തുമ്പിയും ഇരുപത്തി അഞ്ചിൻ്റെ നിറവിൽ ….

Articles

മാണിക്യനും കാർത്തുമ്പിയും ഇരുപത്തി അഞ്ചിൻ്റെ നിറവിൽ ….

മാണിക്യനും കാർത്തുമ്പിയും ഇരുപത്തി അഞ്ചിൻ്റെ നിറവിൽ ….

കേരളാ – കർണാടക അതിർത്തി പ്രദേശങ്ങളിൽ എവിടെയോയുള്ള ശ്രീഹള്ളിയെന്ന സാങ്കൽപ്പിക ഗ്രാമത്തിൽ ഇതൾവിരിഞ്ഞൊരു മനോഹരചിത്രം മലയാളികൾ നെഞ്ചിലേറ്റിയിട്ട് ഇന്നേക്ക് ഇരുപത്തഞ്ചു വർഷങ്ങൾ പൂർത്തിയാവുന്നു.പ്രിയദർശൻ തമിഴിൽ സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ‘ഗോപുര വാസലിലെ..’ നമ്മുടെ പാവം പാവം രാജകുമാരൻറെ തമിഴ് പതിപ്പ്. കാർത്തിക് നായകനായി എത്തിയ ചിത്രം ഗാനങ്ങൾ കൊണ്ടും മോഹൻലാൽ-സുചിത്ര , എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. പി സി ശ്രീറാം ആയിരുന്നു ഗോപുരവാസലിലെ യുടെ ക്യാമറാമാൻ. പിസി ശ്രീറാമിനെ അസിസ്റ്റ് ചെയ്തുകൊണ്ട് മിടുക്കരായ ചില ഛായാഗ്രഹണ സഹായികളും അദ്ദേഹത്തോടൊപ്പം ഗോപുരവാസലിലെയിൽ ഉണ്ടായിരുന്നു. അതിൽ പിസി ശ്രീറാമിനോടൊപ്പം മികവോടെ പ്രവർത്തിച്ച കഴിവുറ്റ , മിടുമിടുക്കരായ ഊർജസ്വലരായ രണ്ടുപേരെ പ്രിയദർശൻ പ്രത്യേകം ശ്രദ്ധിക്കുകയും അവരുടെ മികവിൽ ആകൃഷ്ടനാകുകയും ചെയ്തു.

പിന്നീട് അഭിമന്യു സിനിമ ചെയ്യാൻ വേണ്ടി ഇതിൽ ഒരാളെ പ്രിയൻ ഒപ്പം കൂട്ടി. പ്രിയന്റെ പ്രതീക്ഷകൾ ഒട്ടും തന്നെ തെറ്റിയില്ല ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് നേടിയാണ് ജീവ എന്ന പിസി ശ്രീറാമിന്റെ അസിസ്റ്റന്റ് വരവറിയിച്ചത്. ജീവ പിന്നീട് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നിലവാരത്തിലേക്ക് ഉയരുകയും ചെയ്തു. മദ്രാസിൽ വച്ചായിരുന്നു അഭിമന്യുവിന്റെ പൂജ. ആ പൂജയിൽ പങ്കെടുക്കാൻ വന്ന ഒരഥിതിയായിരുന്നു ഉസ്മാൻ(രഞ്ജിനി ഉസ്മാൻ). ഉസ്മാൻ വന്നപ്പോൾ രഞ്ജിനിക്കു വേണ്ടി സ്ഥിരം സംഗീത ആൽബങ്ങൾ ചെയ്യുന്ന സംഗീത സംവിധായകരെയും തന്റെയൊപ്പം കൂട്ടിയിരുന്നു. സഹോദരങ്ങളായ ബേണിയും ഇഗ്നേഷ്യസും. ഉസ്മാൻ അവരെ പ്രിയന് പരിചയപ്പെടുത്തുകയും അവർക്ക് ഉടനെ ഒരു സിനിമ ചെയ്യാൻ കഴിഞ്ഞേക്കും എന്നും പറ്റിയാൽ പ്രിയനും അവസരം നൽകണം എന്ന് കൂടി ആവശ്യപ്പെടുകയും ചെയ്തു. ഈ സംഗീത സംവിധായകരുടെ ചില വർക്കുകൾ താൻ ശ്രദ്ധിച്ചിട്ടുണ്ട് എന്നും എന്നാൽ ഇപ്പോൾ കമ്മിറ്റഡ് ആയ ചിത്രങ്ങൾ ഇവർക്ക് ചേരുന്ന നിലയിലുള്ളവ അല്ലെന്നും ഇവർക്ക് അനുയോജ്യമായ സിനിമകൾ വരുമ്പോൾ തീർച്ചയായും പരിഗണിക്കാം എന്ന് പ്രിയനും പ്രതികരിച്ചു.

വൈകാതെ പ്രിയദർശന്റെ സുഹൃത്തും സഹചാരിയുമായ വി ആർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കാഴ്ചക്കപ്പുറം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകരായി അവർ അരങ്ങേറ്റം കുറിച്ചു. മണിച്ചിത്രത്താഴ് റിലീസായി ആ സിനിമയും അതിന്റെ ഗാനങ്ങളും തരംഗം തീർക്കുന്ന സമയത്താണ് തേന്മാവിൻ കൊമ്പത്തിന്റെ ചർച്ചകൾ പുരോഗമിക്കുന്നതും സ്ക്രിപ്റ്റ് വർക്കുകൾ പൂർത്തിയാവുന്നതും. മണിച്ചിത്രത്താഴ് ലെ പലവട്ടം പൂക്കാലം… എന്ന ഗാനത്തിന്റെ അവസാന വരിയിൽ അതായത്, നിറയെ തളിർക്കുന്നു പൂക്കുന്നു കായ്ക്കുന്നു കനവിലെ തേന്മാവിൻ കൊമ്പ്…എന്റെ കരളിലെ തേന്മാവിൻ കൊമ്പ് ……. എന്ന വരിയിൽ ഉപയോഗിക്കുന്ന തേന്മാവിൻ കൊമ്പ്….എന്ന ആ വാക്കിൽ നിന്നുമാണ് തേന്മാവിൻ കൊമ്പത്ത്.. എന്ന പേര് പ്രിയദർശൻ ഈ സിനിമയ്ക്കായി തീരുമാനിക്കുന്നത്.

പ്രിയൻ ചിത്രങ്ങളിലെ ആസ്ഥാന എഡിറ്റർ കൂടിയായ ഗോപാലകൃഷ്ണൻ ആദ്യമായി നിർമാതാവിന്റെ മേലങ്കി അണിഞ്ഞ ചിത്രം കൂടെയായിരുന്നു തേന്മാവിൻ കൊമ്പത്ത്. ഇക്കുറി പി സിയുടെ രണ്ടാമത്തെ അസിസ്റ്റന്റ് ആയ കെ വി ആനന്ദിന് കാമറാമാനായി അരങ്ങേറുവാനും ബേണി-ഇഗ്നേഷ്യസ് നു സംഗീത സംവിധായകനായി പ്രവർത്തിക്കുവാനും പ്രിയദർശൻ അവസരമൊരുക്കി. ഇക്കുറിയും പ്രിയന്റെ കണക്കുകൂട്ടലുകൾ തെറ്റിയില്ല, ജീവ സംസ്ഥാന അവാർഡ് നേടിയാണ് വരവറിയിച്ചതു എങ്കിൽ ആനന്ദ് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ് നേടിയാണ് പ്രിയന്റെ തെരഞ്ഞെടുപ്പിനെ നീതീകരിച്ചത്. ബേണി-ഇഗ്നേഷ്യസ് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി.

തേന്മാവിൻ കൊമ്പത്തു ഇന്നും ജനപ്രിയമായി നില നിൽക്കുന്നതിന്റെ ഏറ്റവും മികച്ച ചേരുവകളിൽ രണ്ടെണ്ണം ഈ അണിയറ ശില്പികളുടെ തെരഞ്ഞെടുപ്പുകൾ തന്നെയായിരുന്നു.മാഗ്ന സൗണ്ട് റിലീസ് ചെയ്ത തേന്മാവിൻ കൊമ്പിലെ ഗാനങ്ങൾ എല്ലാം തന്നെ ശ്രവണ സുന്ദരവും പ്രേക്ഷക പ്രീതി നേടിയെടുത്തതും ആയിരുന്നു. ബേണി-ഇഗ്നേഷ്യസ് രഞ്ജിനിക്കു വേണ്ടി ചെയ്ത ഓണപ്പാട്ടുകളിൽ ഒന്നായ’കറുത്ത പെണ്ണെ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ…’ എന്ന ഗാനത്തിന്റെ ഈണവും ആദ്യ വരിയും തേന്മാവിന്കൊമ്പത്തിനായി കടം കൊള്ളുകയായിരുന്നു. ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു തേന്മാവിൻ കൊമ്പത്തിനായി ഗാനരചന നിർവഹിച്ചത്.

കറുത്തപെണ്ണേ കൂടാതെ, മാനം തെളിഞ്ഞേ നിന്നാൽ … കള്ളിപ്പൂങ്കുയിലെ……. എന്തേ മനസിലൊരു നാണം ……. നിലാപൊങ്കൽ ആയെലോ തുടങ്ങിയ തേന്മാവിലെ ഗാനങ്ങളും ഹിറ്റുകളായി. ഗാനങ്ങൾക്ക് അതിനേക്കാൾ മികച്ച ദൃശ്യാവിഷിക്കാരവും നൃത്താവിഷ്‌ക്കാരവും കൂടിയായപ്പോൾ പ്രേക്ഷർക്ക് തേന്മാവിലെ ഗാനരംഗങ്ങൾ പുതിയൊരുഭവമായി. എന്നാൽ ഗാനങ്ങളുടെ ജനപ്രീതി പോലെ ഗാനങ്ങളെ കുറിച്ചുള്ള വിവാദങ്ങളും ചില്ലറ ആയിരുന്നില്ല. ഇന്ത്യ ഒട്ടാകെ ശ്രദ്ധേയമായ പങ്കജ് മാലിക്കിന്റെ പിയാ മിലൻ കോ ജാനാ……. യും ബാലുമഹേന്ദ്രയുടെ മറുപടിയും സിനിമയിലെ ആസൈ അധികം വച്ച്…….. എന്നീ ഗാനങ്ങൾ ആയിരുന്നു യഥാക്രമം തേന്മാവിലെ എന്തേ മനസിലൊരു നാണം, മാനം തെളിഞ്ഞേ നിന്നാൽ … എന്നീ ഗാനങ്ങളായി പരിണമിച്ചത്.

ആ വർഷത്തെ സംസ്ഥാന അവാർഡിൽ ബേണി-ഇഗ്നേഷ്യസ് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരത്തിന് അര്ഹരായപ്പോൾ വിവാദങ്ങൾ ഉച്ചസ്ഥായിലെത്തി. ജി ദേവരാജൻ പോലുള്ള മുതിർന്ന സംവിധായകർ വളരെ രൂക്ഷമായി ജൂറിയുടെ തിരഞ്ഞെടുപ്പിനെ വിമർശിക്കുകയും ജൂറി തീരുമാനത്തിൽ പ്രതിക്ഷേധിച് തനിക്കു ലഭിച്ച സംസ്ഥാന അവാർഡുകൾ തിരികെ നൽകുന്നതായും പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ ഈ വക കാര്യങ്ങൾ ഒന്നും തന്നെ ഈ ചിത്രത്തിന്റെ പ്രേക്ഷക പ്രീതിയെ തെല്ലും ബാധിച്ചില്ല. സിനിമയുടെ- കഥാപാത്രങ്ങളുടെ പേരിൽ പോലും തുടങ്ങുന്ന കൗതുകവും ആകർഷണീയതയും സിനിമയിലുടനീളം കാത്തുസൂക്ഷിക്കാൻ പ്രിയനായി. രസകരമായ അവതരണം കൊണ്ടും ദൃശ്യഭംഗി കൊണ്ടും മനോഹരമായ ഗാനങ്ങൾ കൊണ്ടും മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളിൽ ഒന്നായ മോഹൻലാൽ- ശോഭന കൂട്ടുകെട്ടിന്റെ മികച്ച പ്രകടനം കൊണ്ടും എല്ലാം ഈ സിനിമ ചലച്ചിത്ര ആസ്വാദകർക്ക് പ്രിയപ്പെട്ടതായി മാറി.

നെടുമുടിവേണു, ശ്രീനിവാസൻ, സോണിയ, പപ്പു, കവിയൂർ പൊന്നമ്മ തുടങ്ങിയ അഭിനേതാക്കൾ എല്ലാം വളരെ മികച്ച പ്രകടനം കാഴ്ചവച്ചു എങ്കിലും മോഹൻലാൽ- ശോഭന കെമിസ്ട്രി ഒന്ന് വേറെ തന്നെ ആയിരുന്നു. മാണിക്യനും കാർത്തുമ്പിയുമായി അക്ഷരാർത്ഥത്തിൽ അവർ നിറഞ്ഞാടി. ഒരിടവേളക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചു അഭിനയിച്ച കുറെയധികം സിനിമകൾ പുറത്തുവന്നൊരു സീസൺ കൂടിയായിരുന്നു അത്.മണിച്ചിത്രത്താഴിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ- സംസ്ഥാന അവാർഡുകൾ ശോഭനയെ തേടിയെത്തിയ കാലം , കൂടാതെ 1994 ലെ ഏറ്റവും വലിയ വിജയങ്ങൾ ആയ തേന്മാവിൻ കൊമ്പത്, കമ്മീഷണർ തുടങ്ങിയവകളിലൊക്കെ നായികാ പദവിയും അങ്ങനെ ശോഭനയുടെ അഭിനയജീവിതം അതിന്റെ കൊടുമുടി കയറിയ സമയം കൂട്ടിയായിരുന്നു അത്.നാടോടിക്കഥകളോട് സമാനമായ ഒരു ലോകം പ്രേക്ഷകന് മുന്നിൽ സൃഷ്ട്ടിക്കാൻ വേണ്ടി സംവിധായകനോടൊപ്പം ഛായാഗ്രാഹകനും കലാ സംവിധായകനും കൊറിയോഗ്രാഫറും വസ്ത്രലങ്കാര സംവിധായകനും എല്ലാം മത്സരബുദ്ധിയോടെ അണി നിരന്നപ്പോൾ പ്രേക്ഷകന് ലഭിച്ചത് അന്നോളമുള്ള മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികവുറ്റ ഒരു ദൃശ്യ വിരുന്നുകളിൽ ഒന്നായിരുന്നു. കെ വി ആനന്ദിന്റെ ഛായാഗ്രഹണ മികവും സബ് സിറിളിന്റെ കലാസംവിധാനവും ഉന്നത നിലവാരം പുലർത്തി. പുറത്തിറങ്ങി കാൽനൂറ്റാണ്ട് കഴിഞ്ഞിട്ട് പോലും ഇന്നും സിനിമാ ഗ്രൂപ്പുകളിൽ ആവർത്തിച്ചു വരുന്ന തേന്മാവിന്കൊമ്പത്തിന്റെ ദൃശ്യ സമ്പന്നത വിളംബരം ചെയ്യുന്ന പോസ്റ്റുകൾ സ്വയം വിളിച്ചുപറയും തേന്മാവിന്റെ മഹിമ. 

ഹിറ്റുകളും സൂപ്പർ ഹിറ്റുകളും നന്നേ കുറവായ ഒരു വർഷം കൂടി ആയിരുന്നു1994 . ആ വർഷം സൂപ്പർ ഹിറ്റുകൾ എന്ന് പറയാവുന്ന ചിത്രങ്ങൾ തേന്മാവിൻ കൊമ്പത്ത്, കമ്മീഷണർ, കാബൂളിവാല എന്നിവകൾ ആയിരുന്നു അതിൽ തേന്മാവിൻ കൊമ്പത്, കമ്മീഷണർ എന്നിവകൾ ബ്ളോക് ബസ്റ്ററുകൾ ആയിമാറി. ഒരു പുതുമുഖ ബാനർ നിർമിച്ച ചിത്രമായിട്ടും താരതമ്യേന പ്രാധാന്യം കുറഞ്ഞൊരു വിതരണക്കമ്പനിയായ സൂര്യ സിനി ആർട്സ്& സുദേവ് റിലീസ് നിർവഹിച്ചിട്ടും റിലീസായ എല്ലാ തീയറ്ററിലും50 ദിവസം പ്രദർശിപ്പിച്ച ഒരു ചിത്രം കൂടി ആയിരുന്നു തേന്മാവിൻ കൊമ്പത്ത് (ആദ്യ റിമൂവൽ വരുന്നത് പോലും 60 ദിവസത്തിന് ശേഷമാണു എന്നാണ് ഓർമ്മ) ഈ ചിത്രം വൻ വിജയമായതിനെ തുടർന്നാണ്സൂര്യ സിനി ആർട്സ്& സുദേവ് ന്റെ അമരക്കാരനായ മുകേഷ് ആർ മേത്ത മലയാളത്തിൽ ചിത്രങ്ങൾ സ്വതന്ത്രനായി നിർമിക്കാൻ പ്രാപ്തനായത്(അദ്ദേഹം കഴിഞ്ഞകൊല്ലം തേൻമാവ് 25 വർഷം പൂർത്തിയാക്കുമ്പോൾ അതിന്റെ ഡിജിറ്റലി റീ മാസ്റ്ററെഡ് പ്രിന്റ് വിതരണത്തിനെത്തിക്കും എന്ന് പറഞ്ഞിരുന്നു ). തേന്മാവിൻ കൊമ്പത്തിന്റെ റീമേക്കുകൾക്കും ക്ഷാമമുണ്ടായില്ല. ആ കാലഘട്ടത്തിലെ വേറൊരു ജനപ്രിയ ഐറ്റെം ആയിരുന്നു കോമഡി- പാരഡി കാസറ്റുകൾ . നവോദയ കാസറ്റിനു വേണ്ടി സൈമൺ നവോദയ ഓണം തോറും പുറത്തിറങ്ങുന്ന’ ഓണത്തിനിടക്ക് പുട്ടുകച്ചവടം’ എന്ന സീരിസ് ഏറെ ജനപ്രിയമായ ഒന്നായിരുന്നു എന്നാൽ സൈമണുമായി തെറ്റി നാദിർഷ , ദിലീപ് , സലിം കുമാർ എന്നിവരൊക്കെ ചേർന്ന് പുതിയൊരു ഓണം സ്പെഷ്യൽ കോമഡി- പാരഡി കാസറ്റ് ഇറക്കിയപ്പോൾ തേന്മാവിന്റെ ചുവടുപിടിച്ചു ദേ മാവേലി കൊമ്പത്തു എന്ന പേരായിരുന്നു സ്വീകരിച്ചത്. തേന്മാവിൻ കൊമ്പതുപോലെ മാവേലികൊമ്പത്തും ഏറെ ശ്രദ്ധേയമായി മാറുകയും നിരവധി വാല്യങ്ങളായി അതിനു തുടർച്ചയുണ്ടാവുകയും ചെയ്തു.

Thenmavin kombath Turns 25…

More in Articles

Trending