കങ്കണ റണാവത്തിനെ തല്ലിയ സംഭവം; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി, എന്നാൽ സസ്പെൻഷൻസിൽ തന്നെ തുടരും!
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു എംപിയും നടിയുമായ കങ്കണ റണാവത്തിനെ സിഐഎസ്എഫ് കോൺസ്റ്റബിൾ തല്ലിയത് വിവാദമായി മാറിയിരുന്നത്. എന്നാൽ ഇപ്പോഴിതാ കുൽവീന്ദർ കൗറിനെ ബെംഗളൂരുവിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. സ്ഥലം മാറ്റിയെങ്കിലും കൗർ സസ്പെൻഷൻസിൽ തന്നെ തുടരും.
സിഐഎസ്എഫ് റിസർവ് ബറ്റാലിയനിലേക്ക് ആണ് മാറ്റം കിട്ടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ജൂൺ ആറിന് ചണ്ഡീഗഢ് വിമാനത്താവളത്തിൽ വച്ചായിരുന്നു സംഭവം. ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ ബിജെപിക്കുവേണ്ടി മത്സരിച്ചു വിജയിച്ച കങ്കണ ഡൽഹിയിലേക്ക് പോകാനായി ഷഹീദ് ഭഗത് സിങ് എയർപോർട്ടിലെത്തിയതായിരുന്നു കങ്കണ.
കർഷകരോട് കങ്കണക്ക് പുച്ഛം ആയിരുന്നു എന്നും തന്റെ അമ്മയടക്കം പങ്കെടുത്ത കർഷക സമരത്തെ അധിക്ഷേപിച്ചതിനാലാണ് തല്ലിയത് എന്നുമാണ് കൗർ അന്ന് പ്രതികരിച്ചത്. 2021 ൽ നടന്ന സമരത്തിൽ പങ്കെടുക്കാൻ എത്തുന്ന സ്ത്രീകൾ 100 രൂപ കൂലി വാങ്ങിയിട്ടാണ് വരുന്നതെന്നും അല്ലാതെ മറ്റൊരു ആവശ്യവും ഇല്ലെന്നുമുള്ള കങ്കണയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു.
കങ്കണയെ മർദിച്ചതിന് പിന്നാലെ, മണിക്കൂറുകൾക്കുള്ളിൽ തന്നെ ഐപിസി 323, 341 വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ആക്രമണം നേരിട്ടതിന് പിന്നാലെ വീഡിയോ സന്ദേശത്തിലൂടെ കങ്കണ റണാവത്ത്, തന്നെ കോൺസ്റ്റബിൾ മർദ്ദിച്ചതായി വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇതേ കുറിച്ച് പറഞ്ഞത്.
എനിക്ക് വേണ്ടപ്പെട്ടവരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ധാരാളം കോളുകൾ വരുന്നുണ്ട്. ഒന്നാമതായി, ഞാൻ സുരക്ഷിതനാണ്. ഇന്ന് ഛണ്ഡീഗഢ് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സംഭവം.
സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് ഞാൻ പുറത്തിറങ്ങിയപ്പോൾ, സിഐഎസ്എഫ് സെക്യൂരിറ്റി ജീവനക്കാരിയായ സ്ത്രീ ഞാൻ കടന്നുപോകുന്നതുവരെ കാത്തുനിന്ന ശേഷം എൻ്റെ മുഖത്ത് അടിച്ചു.
അവർ എന്നെ ഉപദ്രവിക്കാൻ തുടങ്ങി. എന്തിനാണ് എന്നെ ആക്രമിച്ചതെന്ന് ചോദിച്ചപ്പോൾ, കർഷക സമരത്തെ പിന്തുണയ്ക്കുന്നുവെന്നാണ് അവർ എന്നോട് പറഞ്ഞത്. ഞാൻ സുരക്ഷിതനാണ്, പക്ഷേ പഞ്ചാബിൽ വളരുന്ന ഭീക രവാദത്തെക്കുറിച്ചാണ് എൻ്റെ ആശങ്ക. അത് എങ്ങനെ കൈകാര്യം ചെയ്യും എന്നും കങ്കണ ചോദിച്ചിരുന്നു.
