Malayalam
സിനിമ ചിത്രീകരണത്തിനിടെ കാർ നടുറോഡിൽ കീഴായി മറിഞ്ഞുണ്ടായ അപകടം; കേസ് ഒത്തുതീർപ്പാക്കി അണിയറപ്രവർത്തകർ
സിനിമ ചിത്രീകരണത്തിനിടെ കാർ നടുറോഡിൽ കീഴായി മറിഞ്ഞുണ്ടായ അപകടം; കേസ് ഒത്തുതീർപ്പാക്കി അണിയറപ്രവർത്തകർ
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സിനിമ ചിത്രീകരണത്തിനിടെ നടൻ അർജുൻ അശോകൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് പരിക്കേറ്റത്. കൊച്ചി എംജി റോഡിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിയുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ കേസ് ഒത്തുതീർപ്പാക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
സിനിമയുടെ അണിയറപ്രവർത്തകർ മറ്റുള്ളവരോട് സംസാരിക്കുകയും വാഹനങ്ങൾക്കുണ്ടായ കേടുപാടുകൾ പരിഹരിക്കാമെന്ന ഉറപ്പിൽ പരാതിയില്ലാതെ ഒത്തുത്തീർപ്പാക്കുകയായിരുന്നു. അനുമതിയില്ലാതെയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. പുലർച്ചെ 1.30 ഓടെയാണ് കാറ് കീഴ്മേൽ മറിഞ്ഞുള്ള ഞെട്ടിക്കുന്ന ഈ അപകടം സംഭവിച്ചത്.
അർജ്ജുൻ അശോകനും മാത്യു തോമസും സംഗീത് പ്രതാപും കാറിനുള്ളിലായിരുന്നു ഉണ്ടായിരുന്നത്. കാർ കീഴ്മേൽ മറിയുന്നതിനിടെ വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു. തുടർന്ന് എല്ലാവരെയും സിനിമയുടെ അണിയറ പ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ബ്രോമൻസ് സിനിമിലെ നായികയായ മഹിമ നമ്പ്യാരുടെ ഒരു റാഷ് ഡ്രൈവിങ് സീൻ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം നടന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ദിവസം മഹിമ നമ്പ്യാരെ വെച്ച് ഈ സീൻ ഷൂട്ട് ചെയ്തിരുന്നു. ഈ രംഗത്തിന്റെ ഡ്രോൺ ഷോട്ട് എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അർജുന് അപകടത്തിൽ നിസാര പരിക്ക് മാത്രമേ ഉള്ളൂ. അതേസമയം സംഗീതിന്റെ കഴുത്തിന് പൊട്ടലുണ്ടായിട്ടുണ്ട്. താരങ്ങൾ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. അപകടത്തിൽ കാറിന്റെ ബോഡി പൂർണമായും തകർന്നു. വാഹനം കൊച്ചി സെൻട്രൽ പോലീസെത്തി സ്ഥലത്ത് നിന്ന് മാറ്റി.
’18 പ്ലസ്’ എന്ന ചിത്രത്തിന് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോമൻസ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.
ജോ ആൻ ജോ, എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാൻസ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് തിരക്കഥ സംഭാഷണം എഴുതുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു.