Tamil
രായനിലെ ആ സെറ്റിന് മാത്രം ചെലവായത് 30 കോടി രൂപ; വിശ്വസിക്കാനാകാതെ പ്രേക്ഷകർ
രായനിലെ ആ സെറ്റിന് മാത്രം ചെലവായത് 30 കോടി രൂപ; വിശ്വസിക്കാനാകാതെ പ്രേക്ഷകർ
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ധനുഷ് ചിത്രമാണ് രായൻ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ധനുഷിന്റെ 50-ാമത്തെ ചിത്രം കൂടിയാണ് രായൻ. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പുറത്ത് വന്നിരിക്കുന്ന വിവരമാണ് പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്.
ചിത്രത്തിന്റെ ഭൂരിഭാഗവും സെറ്റിട്ടാണൊരുക്കിയിരിക്കുന്നത്. ഇതിൽ റോയാപുരം എന്ന സ്ഥലം പൂർണമായും നിർമ്മിച്ചതാണെന്നും ഈ സെറ്റ് വർക്കിനായി മാത്രം ഏകദേശം 30 കോടിയോളം രൂപ ചെലവായെന്നുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ നടൻ എസ് ജെ സൂര്യ പറയുന്നത്.
റോയാപുരം നിർമ്മിക്കുന്നതിനായി കലാ സംവിധായകൻ ജാക്കി വളരെയേറെ പരിശ്രമിച്ചു. ഒറിജിനലിനെയും വെല്ലുന്ന തരത്തിൽ അത്രയും മനോഹരമായി ആ സ്ഥലം സൃഷ്ടിച്ചതിൽ ജാക്കിയുടെ കഠിനാധ്വാനം ഉണ്ടെന്നും എസ് ജെ സൂര്യ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ധനുഷിന്റെ രായൻ. നേരത്തെ ജൂലെെ 14-നാണ് ചിത്രത്തിൻ്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ‘ഇന്ത്യൻ 2’ റിലീസ് കാരണം രായൻ റിലീസ് നീട്ടിവെച്ചതാണെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. കഴിഞ്ഞ വർഷം ജൂലായിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
ധനുഷിന്റെ മൂന്നാം സംവിധാന സംരംഭമാണ് രായൻ. 2017-ൽ പുറത്തിറങ്ങിയ പാ പാണ്ടിയാണ് ധനുഷ് സംവിധാനംചെയ്ത ആദ്യചിത്രം. മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖാ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ‘നിലവുക്ക് എൻമേൽ എന്നടീ കോപം’ എന്ന ചിത്രവും ധനുഷ് സംവിധാനം ചെയ്യുന്നുണ്ട്. ഇതിന്റെ തിരക്കഥയും ധനുഷിന്റേത് തന്നെയാണ്. പ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരുന്നത്.