Malayalam
അച്ഛന്‍ നഷ്ടപ്പെടുത്തിയതെല്ലാം തിരിച്ചു പിടിച്ച് ചുറ്റുമുള്ളവരെയെല്ലാം സുരക്ഷിതരാക്കിയ ശേഷമാണ് അവള്‍ ഈ ലോകേത്താട് വിടപറഞ്ഞത്; സുബിയെ കുറിച്ച് തെസ്‌നി ഖാന്‍
അച്ഛന്‍ നഷ്ടപ്പെടുത്തിയതെല്ലാം തിരിച്ചു പിടിച്ച് ചുറ്റുമുള്ളവരെയെല്ലാം സുരക്ഷിതരാക്കിയ ശേഷമാണ് അവള്‍ ഈ ലോകേത്താട് വിടപറഞ്ഞത്; സുബിയെ കുറിച്ച് തെസ്‌നി ഖാന്‍
മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാര്‍ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ നടിക്ക് മിമിക്രി രംഗത്ത് ശോഭിക്കാനായി. പിന്നീട് കോമഡി ഷോകളിലും മറ്റും സജീവമാകുകയായിരുന്നു. സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കുട്ടിപ്പട്ടാളമെന്ന പരിപാടിയില്‍ സുബി ആയിരുന്നു അവതാരകയായി എത്തിയത്.
സുബി സുരേഷിന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ ഞെട്ടലിലാണ് സിനിമാ ലോകവും സുബിയെ സ്‌നേഹിക്കുന്നവരും. നാല്‍പ്പത്തിരണ്ടുകാരിയായ സുബി കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. ടിനി ടോം സുബിയുടെ മരണവാര്‍ത്ത പുറത്തുവിട്ടപ്പോള്‍ ആദ്യം സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവര്‍ വിശ്വസിക്കാന്‍ തയ്യാറായില്ല.
കരള്‍ രോഗത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരിക്കെ അപ്രതീക്ഷിത വിയോഗമായിരുന്നു സുബി സുരേഷിന് സംഭവിച്ചത്. രോഗം വൃക്കകളെ ബാധിച്ചിരുന്നു. കരള്‍ മാറ്റിവയ്ക്കാന്‍ ആശുപത്രി ഇന്‍സ്റ്റിറ്റിയൂഷനല്‍ ബോര്‍ഡ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതിനിടയിലായിരുന്നു മരണം സംഭവിച്ചത്. നിരവധി പേരാണ് താരത്തെ അവസാനമായി ഒന്ന് കാണാന്‍ എത്തിയിരുന്നത്.
എന്റെ മോളേ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചായിരുന്നു സുബിയെ അവസാനമായി കാണാനായി തെസ്‌നി ഖാന്‍ എത്തിയത്. വളരെ വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം സുബിയും തെസ്‌നിയും തമ്മിലുണ്ട്. അതുകൊണ്ട് തന്നെ കൂടപ്പിറപ്പിനെ നഷ്ടപ്പെട്ടപോലെയായിരുന്നു തെസ്‌നി ഖാന്. കുടുംബത്തിന് വേണ്ടിയായിരുന്നു സുബി എന്നും ജീവിച്ചിരുന്നത് അതുകൊണ്ട് തന്നെ തനിക്ക് ചുറ്റുമുള്ളവരെ സെയ്ഫാക്കി നിര്‍ത്തിയ ശേഷമാണ് സുബി മരിച്ചത്.
ഇപ്പോഴിത തനിക്ക് അറിയാവുന്ന സുബിയെ കുറിച്ച് തെസ്‌നി ഖാന്‍ ഒരു ഓണ്‍ലൈന്‍ മീഡിയയില്‍ എഴുതിയ കാര്യങ്ങളാണ് വൈറലാകുന്നത്. അച്ഛന്‍ നഷ്ടപ്പെടുത്തിയതെല്ലാം തിരിച്ചുപിടിച്ച ശേഷമാണ് സുബി പോയതെന്നാണ് തെസ്‌നി ഖാന്‍ പറയുന്നത്. നടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;
വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് നടത്തിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്ക്കിടെയാണ് ഞാന്‍ സുബിയെ ആദ്യമായി പരിചയെപ്പടുന്നത്. അന്ന് അതിഥികളെ വരവേല്‍ക്കാനുള്ള ടീമില്‍ എനിക്കൊപ്പം സുബിയുമുണ്ടായിരുന്നു. സെറ്റ് മുണ്ടൊക്കെ ഉടുത്ത് ഒരു മെലിഞ്ഞ പെണ്‍കുട്ടി. അതായിരുന്നു അന്ന് സുബി. അക്കാലത്ത് അവള്‍ എറണാകുളത്ത് പഠിക്കുകയാണ്.
പിന്നീട് ഞങ്ങള്‍ കാണുന്നതും അടുത്ത സുഹൃത്തുക്കളാകുന്നതും ഏഷ്യാനെറ്റിലെ ഹാസ്യപരിപാടിയായ സിനിമാലയില്‍ വെച്ചാണ്. ഡയാന ചേച്ചി സംവിധാനം ചെയ്ത സിനിമാലയില്‍ ആദ്യഘട്ടം മുതല്‍ ഉണ്ടായിരുന്ന സ്ത്രീ അഭിനേതാക്കള്‍ ഞാനും സുബിയുമായിരുന്നു. പതിനഞ്ച് കൊല്ലത്തോളം ഞങ്ങള്‍ ഒന്നിച്ച് സിനിമാലയുടെ നിരവധി എപ്പിസോഡുകള്‍ അഭിനയിച്ചു. സുബി സ്‌റ്റേജില്‍ എന്നേക്കാള്‍ മിടുക്കിയാണ്.
സ്‌കിറ്റ് ചെയ്യുന്നതിലും ആങ്കറിങ് ചെയ്യുന്നതിലുമെല്ലാം അവള്‍ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. ഞാന്‍ സിനിമയില്‍ വിവിധ കഥാപാത്രങ്ങള്‍ ചെയ്ത അതേ സമയത്ത് സുബി സ്‌റ്റേജുകളില്‍ നിന്ന് സ്‌റ്റേജുകള്‍ ഇടതടവില്ലാതെ പറന്നു. എന്നും വിളിക്കുന്ന സൗഹൃദമായിരുന്നില്ല ഞങ്ങളുടേത്. ഇടയ്ക്ക് വിളിച്ച് വിശേഷങ്ങള്‍ അന്വേഷിക്കും. നേരിട്ട് കാണുമ്പോള്‍ സ്‌നേഹം കൈമാറും. അതായിരുന്നു ഞങ്ങളുടെ രീതി.
കുടുംബത്തിന് വേണ്ടിയാണ് അവള്‍ ജീവിതത്തിന്റെ വലിയൊരു ഭാഗവും ചെലവഴിച്ചത്. സുബിയുടെ പിതാവിന് കുറേ വാഹനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സാമ്പത്തിക ബാധ്യതമൂലം അതെല്ലാം വില്‍ക്കേണ്ടി വന്നു. പിതാവിന്റെ മരണശേഷം അവളും അമ്മയും സഹോദരനും വാടക വീട്ടിലായിരുന്നു താമസിച്ചത്.
സമ്പാദിച്ച കാശുകൊണ്ട് എട്ടുവര്‍ഷം മുമ്പ് അവള്‍ നല്ലൊരു വീടുവെച്ചു. അന്ന് ഗൃഹപ്രവേശത്തിന് ഞങ്ങളെല്ലാം പോയിരുന്നു. സുബിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിനമായിരുന്നു അത്. അവള്‍ അന്ന് എന്നോട് പറഞ്ഞു ചേച്ചീ…. ഉണ്ടായതെല്ലാം നഷ്ടപ്പടുത്തിയ ശേഷമാണ് അച്ഛന്‍ ഞങ്ങളെ വിട്ടുപോയത്. അതെല്ലാം തിരിച്ചുപിടിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
പറഞ്ഞതുപോലെ അവളെല്ലാം തിരിച്ചുപിടിച്ചു. ടിപ്പര്‍, ടെമ്പോ ട്രാവലര്‍, ലോറി എന്നിവ വീണ്ടും വാങ്ങിച്ചു. അനിയന് പുതിയൊരു വീട് വെച്ചുകൊടുത്തു. അടുത്തിടെ ആ വാഹനങ്ങളെല്ലാം വിറ്റ് കുറച്ച് സ്ഥലം ദേശീയ പാതയ്ക്കരികില്‍ വാങ്ങി. ഒരുതരത്തിലും പണം ധൂര്‍ത്തടിച്ചിരുന്നില്ല. ചുറ്റുമുള്ളവരെയെല്ലാം സാമ്പത്തികമായി സുരക്ഷിതരാക്കിയ ശേഷമാണ് അവള്‍ ഈ ലോകേത്താട് വിടപറഞ്ഞത്. കാണുമ്പോള്‍ പലപ്പോഴും അവള്‍ ശാരീരിക അസ്വസ്ഥതകളെക്കുറിച്ച് പറയും.
ഉറക്കമില്ലാതെ തുടര്‍ച്ചയായി പരിപാടികള്‍ ചെയ്യുന്നത് കൊണ്ടാകാം അതെല്ലാമെന്നേ അന്ന് ഞാന്‍ വിചാരിച്ചുള്ളൂ. ഒരിക്കലും ഇത്ര വലിയ അസുഖം ഉള്ളിലുണ്ടെന്ന് തിരിച്ചറിഞ്ഞില്ല. അവളോട് ഞാന്‍ എപ്പോഴും ചോദിക്കും. സുബീ… എപ്പോഴും ഇങ്ങനെ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചാല്‍ മതിയോ? നിനക്കും ഒരു വിവാഹമെല്ലാം കഴിക്കണ്ടേ? സമയമാകട്ടെ ചേച്ചീ… ഇപ്പോള്‍ നല്ല സന്തോഷമുണ്ട്…. വലിയ ദു:ഖമൊന്നുമില്ല.
ഇങ്ങനെത്തന്നെയങ്ങ് പോകട്ടെ എന്നവള്‍ പറയും. അവളുടെ വിവാഹം തീരുമാനിച്ച വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ഞാന്‍ കേട്ടത്. കുറച്ച് വൈകിയെങ്കിലും നല്ലൊരാളെ ആയിരുന്നു അവള്‍ പങ്കാളിയാക്കാന്‍ കണ്ടെത്തിയത്. ആ സന്തോഷനിമിഷത്തിനായി ഞങ്ങളെല്ലാം കാത്തിരിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് കൈയകലത്തില്‍ അവളെ ദൈവം തിരികെ വിളിച്ചു. തെസ്‌നി ഖാന്‍ കുറിച്ചു.