Tamil
സിനിമ ചെയ്യാമെന്നുപറഞ്ഞ് ധനുഷ് അഡ്വാൻസ് വാങ്ങി കയ്യൊഴിഞ്ഞു; ധനുഷിനെതിരെ പരാതിയുമായി തമിഴ് നിർമാതാക്കൾ; നടനെ കുരുക്കുമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ
സിനിമ ചെയ്യാമെന്നുപറഞ്ഞ് ധനുഷ് അഡ്വാൻസ് വാങ്ങി കയ്യൊഴിഞ്ഞു; ധനുഷിനെതിരെ പരാതിയുമായി തമിഴ് നിർമാതാക്കൾ; നടനെ കുരുക്കുമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ധനുഷ്. തമിഴിൽ മാത്രമല്ല ബോളിവുഡിലും ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട് ധനുഷിന്. മാത്രമല്ല. ഹോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഇടയ്ക്ക് വെച്ച് ധനുഷിന്റെ വ്യക്തി ജീവിതവും വാർത്തകളിൽപ്പെട്ടിരുന്നു. ഐശ്വര്യയുമായുള്ള വിവാഹമോചനവാർത്തകളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഇപ്പോഴിതാ ധനുഷിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ. ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിനിടെയാണ് ധനുഷിനി കുരുക്ക് വീഴുന്ന കാര്യങ്ങൾ സംഭവിച്ചത്. തമിഴ് ചലച്ചിത്ര മേഖല നേരിടുന്ന പ്രതിസന്ധികളേക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു ഇന്ന് യോഗം ചേർന്നത്.
അതിൽ ചിത്രീകരണം മുടങ്ങിനിൽക്കുന്ന ചിത്രങ്ങളേക്കുറിച്ചും എത്രയും വേഗം അവയുടെ ചിത്രീകരണം പുനരാരംഭിക്കുന്നതിനേക്കുറിച്ചും ചർച്ചചെയ്യുകയുണ്ടായി. അതോടൊപ്പം താരങ്ങളുടെ കനത്ത പ്രതിഫലവും പ്രൊഡക്ഷൻ ചെലവുമെല്ലാം ചർച്ചയ്ക്കെടുത്ത കൂട്ടത്തിലാണ് ധനുഷിന്റെ പേരും ഉയർന്ന് വന്നത്.
പ്രശസ്ത തമിഴ് നിർമാതാക്കളായ തെനാന്തൽ ഫിലിംസാണ് ധനുഷിനെതിരെ പരാതി നൽകിയിരിക്കുന്നത്. തങ്ങൾക്കൊപ്പം സിനിമ ചെയ്യാമെന്നുപറഞ്ഞ് ധനുഷ് അഡ്വാൻസ് വാങ്ങിയിരുന്നെന്നും പിന്നീട് കയ്യൊഴിയുകയായിരുന്നുവെന്നുമാണ് ഇവർ ആരോപിക്കുന്നത്. ഇതേ തുടർന്ന് അഡ്വാൻസ് വാങ്ങിയിട്ടുണ്ടെങ്കിൽ നടീനടന്മാരും സാങ്കേതിക വിദഗ്ധരും അതാത് ചിത്രങ്ങൾ പൂർത്തിയാക്കണമെന്ന് സംഘടന കർശന നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്.
മാത്രമല്ല, തങ്ങളുടെ ചിത്രങ്ങളിൽ അഭിനയിപ്പിക്കാൻ ധനുഷിനെ സമീപിക്കുന്നതിന് മുമ്പ് പ്രൊഡ്യൂസേഴ്സ് കൗൺസിലുമായി ചർച്ച ചെയ്യണമെന്നും സംവിധായകർക്ക് നിർമാതാക്കളുടെ സംഘടന നിർദേശം നൽകിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.
ധനുഷിനെതിരെ മാത്രമല്ല, നടൻ വിശാലിനെതിയെരും വിമർശനം വന്നിട്ടുണ്ട്. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റായിരിക്കേ 12 കോടി രൂപ ദുരുപയോഗം ചെയ്തു എന്നാണ് കൗൺസിലിന്റെ ആരോപണം. എന്നാൽ താൻ തിരിമറി നടത്തിയിട്ടില്ലെന്നും ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള നിയമാനുസൃതമായ തുകയേ എടുത്തിട്ടുള്ളൂ എന്നുമാണ് വിശാൽ അറിയിച്ചത്.
അതേസമയം, രായൻ എന്ന ചിത്രമാണ് ധനുഷിന്റേതായി പുറത്തെത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ധനുഷിന്റെ 50-ാമത്തെ ചിത്രം കൂടിയാണ് രായൻ. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ സംവിധാനം. ധനുഷിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് രായൻ.