Tamil
ധനുഷിന്റെ രായൻ മൊബൈലിൽ പകർത്തി; തമിഴ്‌നാട് സ്വദേശികൾ പിടിയിൽ, സംഭവം തിരുവനന്തപുരത്തെ തിയേറ്ററിൽ
ധനുഷിന്റെ രായൻ മൊബൈലിൽ പകർത്തി; തമിഴ്‌നാട് സ്വദേശികൾ പിടിയിൽ, സംഭവം തിരുവനന്തപുരത്തെ തിയേറ്ററിൽ
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ധനുഷ്. തമിഴിൽ മാത്രമല്ല ബോളിവുഡിലും ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട് ധനുഷിന്. മാത്രമല്ല. ഹോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഇടയ്ക്ക് വെച്ച് ധനുഷിന്റെ വ്യക്തി ജീവിതവും വാർത്തകളിൽപ്പെട്ടിരുന്നു. ഐശ്വര്യയുമായുള്ള വിവാഹമോചനവാർത്തകളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ധനുഷിന്റെ രായൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ഈ ചിത്രം തിയേറ്ററിൽ നിന്നും പകർത്തുന്നതിനിടെ തമിഴ്‌നാട് സ്വദേശികൾ പിടിയിലായി. തിരുവനന്തപുരത്തെ പ്രമുഖ തിയേറ്ററിൽ നിന്നാണ് ഉടമയുടെ സഹായത്തോടെ പ്രതികളെ പിടികൂടിയത്.
തമിഴ്‌നാട് സ്വദേശികളായ ഇവർ സിനിമകളുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചുവെന്ന് സൈബർ പൊലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള തിയേറ്ററിൽ നിന്നാണ് സംഘം സിനിമ പകർത്തുന്നതെന്നും വിവരം ലഭിച്ചിരുന്നു. തുടർന്ന് തിയേറ്റർ ഉടമകളുമായി ചേർന്ന് പൊലീസ് പ്രതികളെ പിടികൂടാൻ നീക്കം നടത്തി. മൊബൈലിൽ സിനിമ പകർത്തുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്
കാക്കനാട് ഇർഫോപാർക്ക് സൈബർ പൊലീസിന്റെ ഒപ്പറേഷന്റെ ഭാഗമായാണ് തട്ടിപ്പ് സംഘം പിടിയിലാകുന്നത്. ഗുരുവായൂർ അമ്പലനടയിൽ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതിൽ നിർമ്മാതക്കളിൽ ഒരാളായ സുപ്രിയ മേനോൻ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഗുരുവായൂർ അമ്പലനടയിൽ ഉൾപ്പെടെ പ്രമുഖ സിനിമകളുടെ വ്യാജ പതിപ്പുകൾ സംഘം പ്രചരിപ്പിച്ചതായി പൊലീസ് അന്വേഷണത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു. അതേസമയം, മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ധനുഷിന്റെ രായൻ. നേരത്തെ ജൂലെെ 14-നാണ് ചിത്രത്തിൻ്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ ‘ഇന്ത്യൻ 2’ റിലീസ് കാരണം രായൻ റിലീസ് നീട്ടിവെച്ചതാണെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. കഴിഞ്ഞ വർഷം ജൂലായിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ധനുഷിന്റെ മൂന്നാം സംവിധാന സംരംഭമാണ് രായൻ. 2017-ൽ പുറത്തിറങ്ങിയ പാ പാണ്ടിയാണ് ധനുഷ് സംവിധാനംചെയ്ത ആദ്യചിത്രം.
മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖാ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ‘നിലവുക്ക് എൻമേൽ എന്നടീ കോപം’ എന്ന ചിത്രവും ധനുഷ് സംവിധാനം ചെയ്യുന്നുണ്ട്. ഇതിന്റെ തിരക്കഥയും ധനുഷിന്റേത് തന്നെയാണ്. പ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരുന്നത്.