general
വാര്‍ത്തകളില്‍ പറഞ്ഞിരിക്കുന്ന ശ്വേത ഞാനല്ല, ബാങ്ക് തട്ടിപ്പിന് ഇരയായിട്ടില്ലെന്ന് വ്യക്തമാക്കി ശ്വേത മേനോന്‍
വാര്‍ത്തകളില്‍ പറഞ്ഞിരിക്കുന്ന ശ്വേത ഞാനല്ല, ബാങ്ക് തട്ടിപ്പിന് ഇരയായിട്ടില്ലെന്ന് വ്യക്തമാക്കി ശ്വേത മേനോന്‍
മുംബൈ പോലീസ് അന്വേഷിക്കുന്ന ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ് കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് നടി ശ്വേത മേനോന്‍. ബാങ്കില്‍ നിന്ന് പണം നഷ്ടമായവരില്‍ നടി ശ്വേത മേനോനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത നല്‍കിയ പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം.
‘വാര്‍ത്തകളില്‍ പറഞ്ഞിരിക്കുന്ന ശ്വേത ഞാനല്ല. കഴിഞ്ഞ ദിവസം മുതല്‍ ഇതേ കാര്യം തിരക്കി ഒരുപാട് കോളുകളാണ് എനിക്ക് വന്നുകൊണ്ടിരിക്കുന്നത്. ഏതോ ടെലിവിഷന്‍ ആര്‍ട്ടിസ്റ്റാണെന്ന് തോന്നുന്നു’ എന്നും ശ്വേത ഒരു മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞു.
മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിന്റെ നാല്‍പതോളം ഇടപാടുകാര്‍ക്ക് മൂന്നു ദിവസത്തിനുള്ളില്‍ അക്കൗണ്ടില്‍നിന്ന് ലക്ഷങ്ങള്‍ നഷ്ടമായെന്നും അതില്‍ നടി ശ്വേത മേനോനും ഉള്‍പ്പെടുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. അതില്‍ ശ്വേതയുടെ ചിത്രം ഉള്‍പ്പെടെയാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ബാങ്കിന്റേതെന്ന വ്യാജേന ലഭിച്ച സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് അക്കൗണ്ടില്‍നിന്ന് പലര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായത്. ശ്വേത മേമന്‍ എന്നു പേരുളള ഒരു ടെലിവിഷന്‍ നടിയാണ് തട്ടിപ്പിനിരയായത്. പേരിലെ സാദൃശ്യകൊണ്ടായിരിക്കാം തന്റെ പേരില്‍ വാര്‍ത്ത വന്നതെന്ന് ശ്വേത പ്രതികരിച്ചു.
കെവൈസി, പാന്‍ വിവരങ്ങള്‍ പുതുക്കണം എന്നാവശ്യപ്പെടുന്ന വ്യാജ സന്ദേശമാണു ലഭിച്ചതെന്ന് പണം നഷ്ടപ്പെട്ട ശേഷമാണു തട്ടിപ്പിനിരയായവരില്‍ പലരും അറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് രഹസ്യവിവരങ്ങള്‍ ആവശ്യപ്പെടുന്ന ഇത്തരം ലിങ്കുകളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്ന് മുംബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി.
കെവൈസി, പാന്‍ വിവരങ്ങള്‍ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടപാടുകാര്‍ക്ക് തട്ടിപ്പുകാര്‍ സന്ദേശം അയച്ചത്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്തപ്പോള്‍ അവരവരുടെ ബാങ്കുകളുടേതിനു സമാനമായ വ്യാജ വെബ്‌സൈറ്റിലാണ് എത്തിയത്. ഇവിടെ കസ്റ്റമര്‍ ഐഡി, പാസ്‌വേഡ്, മറ്റ് സ്വകാര്യ വിവരങ്ങള്‍ എന്നിവ നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതു നല്‍കിയതിനു പിന്നാലെയാണ് നാല്‍പതോളം ഇടപാടുകാരുടെ അക്കൗണ്ടില്‍നിന്നു ലക്ഷങ്ങള്‍ നഷ്ടപ്പെട്ടത്.
