News
വിവാഹത്തിന് വേണ്ടി മാത്രമായി അവള്‍ ഇസ്ലാമിനെ സ്വീകരിച്ചാലും അത് അല്ലാഹുവിനാല്‍ സ്വീകരിക്കപ്പെടില്ലെന്ന് പുരോഹിതന്‍; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
വിവാഹത്തിന് വേണ്ടി മാത്രമായി അവള്‍ ഇസ്ലാമിനെ സ്വീകരിച്ചാലും അത് അല്ലാഹുവിനാല്‍ സ്വീകരിക്കപ്പെടില്ലെന്ന് പുരോഹിതന്‍; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
കഴിഞ്ഞ ദിവസമായിരുന്നു നടി സ്വര ഭാസ്‌കര്‍ വിവാഹിതയായത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. സമാജ്‌വാദി പാര്‍ട്ടി യുവനേതാവ് ഫഹദ് അഹമ്മദ് ആണ് വരന്‍. ആഡംബരങ്ങളൊക്കെ ഒഴിവാക്കി നടത്തിയ വിവാഹത്തിന് ഏറ്റവും അടുപ്പമുള്ള ചിലര്‍ക്ക് മാത്രമായിരുന്നു ക്ഷണം.
സ്വരയുടെ വിവാഹം കഴിഞ്ഞതോടെ താരം ഫഹദിനെ സഹോദരന്‍ എന്ന് വിശേഷിപ്പിച്ച ട്വീറ്റുകള്‍ വരെ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരുന്നു. എന്നാല്‍ ഒരു പുരോഹിതന്റെ ട്വീറ്റ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. രണ്ട് മതത്തില്‍ പെട്ടവര്‍ വിവാഹിതരായതിന് വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് പുരോഹിതന്‍.
‘സ്വര ഭാസ്‌കര്‍ മുസ്ലിം അല്ലാത്തപക്ഷം, അവരുടെ ഭര്‍ത്താവെന്ന് കരുതപ്പെടുന്നയാള്‍ മുസ്ലിം ആയിരിക്കുന്ന പക്ഷം ഈ വിവാഹത്തിന് ഇസ്ലാമികമായി സാധുതയില്ല. ബഹുദൈവ വിശ്വാസികളായ സ്ത്രീകളെ, അവര്‍ വിശ്വാസികളാകും വരെ വിവാഹം ചെയ്യരുതെന്ന് അല്ലാഹു പറയുന്നു. ഇനി വിവാഹത്തിന് വേണ്ടി മാത്രമായി അവള്‍ ഇസ്ലാമിനെ സ്വീകരിച്ചാലും അത് അല്ലാഹുവിനാല്‍ സ്വീകരിക്കപ്പെടില്ല’ എന്നാണ് ഡോ. യാസിര്‍ നദീം അല്‍ വാജിദി എന്ന ഇസ്ലാമിക പുരോഹിതന്റെ ട്വീറ്റ്.
വിമര്‍ശനങ്ങളാണ് ഈ പുരോഹിതന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘കടന്നു പോകൂ’ എന്നായിരുന്നു ഒരാളുടെ പ്രതികരണം. ഇതിനോട് പ്രതികരിച്ച് യാസിര്‍ നദീം വീണ്ടും എത്തി. ‘പുരോഗമന രോഗം പിടിപെട്ട ഒരാള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഖുറാനോട് കടന്നുപോകാനാണ് അവര്‍ പറയുന്നത്. എങ്കിലും സ്വന്തം പേരിനാല്‍ ഇസ്ലാമിനോട് അവര്‍ ബന്ധപ്പെട്ടിരിക്കുന്നു’ എന്നായിരുന്നു യാസിറിന്റെ പ്രതികരണം.
ഇതിന് സമേയ എന്ന വ്യക്തി മറുപടിയും നല്‍കി. ‘ആരാണ് നിങ്ങള്‍? മറ്റുള്ളവരെ വിലയിരുത്താനായി അല്ലാഹു ചുമതലപ്പെടിത്തിയതാണോ? ഞങ്ങള്‍ അല്ലാഹുവിനോട് മാത്രമാണ് ഇത്തരം പറയേണ്ടത്. ആരെങ്കിലും അഭിപ്രായം ചോദിക്കുന്നതുവരെ നിങ്ങളുടെ അഭിപ്രായം കൈയില്‍ തന്നെ സൂക്ഷിച്ചാല്‍ മതി. ഒരു നല്ല മുസ്ലിം ആവുക’ എന്നാണ് മറുപടി.