വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ‘ഇല്ലുമിനാറ്റി’ എന്ന പാട്ട് കേട്ടത്, സിനിമയ്ക്കും സംഗീതത്തിനും കാലത്തിനനുസരിച്ചു മാറ്റമുണ്ടായേ തീരൂ; സുഷിൻ ശ്യാം
നിരവധി ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. അദ്ദേഹത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമെല്ലാം ഇന്ന് പ്രേക്ഷകർക്കിടയിൽ വൈറലാണ്. ഈ വർഷം സുഷിന്റേതായി പുറത്തെത്തിയ ബംബര് ഹിറ്റുകളായി മാറിയ ചിത്രങ്ങളായിരുന്നു മഞ്ഞുമ്മൽ ബോയ്സും ആവേശവും. രണ്ട് ചിത്രവും 100 കോടി ക്ലബ്ബിൽ കയറി.
ചിദംബരത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ മഞ്ഞുമ്മൽ ബോയ്സ് മോളിവുഡിന്റെ സർവകാല റെക്കോർഡുകൾ തകർത്താണ് മുന്നേറിയത്. അതിൽ നല്ലൊരും പങ്കും സംഗീതസംവിധായകനും ബാക്ക്ഗ്രൗണ്ട് സംഗീതത്തിനും അവകാശപ്പെട്ടതാണ്. അതുപോലെ തന്നെ ആവേശത്തിലെ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ ആവേശത്തിലെ പാട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് സുഷിൻ ശ്യാം. സിനിമയ്ക്കും സംഗീതത്തിനും കാലത്തിനനുസരിച്ചു മാറ്റമുണ്ടാകും. ഉണ്ടായേ തീരൂ. കൂടുതൽ ആൾക്കാർ കേൾക്കുമ്പോൾ പാട്ടു ഹിറ്റാകും. വാണിജ്യ തലത്തിൽ നോക്കുമ്പോൾ അതാണ് വേണ്ടത്. പാട്ടു ഹിറ്റാകുമ്പോൾ അതു സിനിമ കൂടുതൽ ആളുകളിലേക്കെത്താൻ കൂടിയുള്ള വഴിയാണ്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ‘ഇല്ലുമിനാറ്റി’ എന്ന പാട്ട് കേട്ടത്. ആളുകളെ ആകർഷിക്കാൻ കഴിയുന്നതാകണം സിനിമയിലെ ഗാനങ്ങൾ. ഹുക്ക് എന്ന രീതി പടിഞ്ഞാറ് നിന്ന് വന്നതാകാം. പണ്ടത്തെ പാട്ടുകളിൽ പല്ലവി ആവർത്തിച്ചു വരുന്നതുപോലെ ഇപ്പോൾ ഹുക്കുകളാണ് ട്രെൻഡ്. 8-10 വർഷം കഴിഞ്ഞാൽ മറ്റൊരു രീതി വന്നേക്കാം. അത്രയേയുള്ളു.
മാലിക്കിലെ ‘തീരമേ തീരമേ…’ എന്ന പാട്ട് മറ്റൊരു ശൈലിയല്ലേ. സിനിമയ്ക്കു ചേർന്ന വിധത്തിൽ പാട്ടൊരുക്കുകയെന്നതാണ് പ്രധാനം. സംഗീതമാണ് എൻ്റെ മേഖല. സാഹിത്യത്തിൽ ശ്രദ്ധിക്കാറുണ്ടോ എന്നു ചോദിച്ചാൽ അല്ലെന്നായിരിക്കും ഉത്തരം. പക്ഷേ, എന്താണ് എന്റെ പാട്ടിൽ വേണ്ടതെന്ന് എനിക്കറിയാം.
എനിക്ക് നന്നായി അറിയാവുന്ന എഴുത്തുകാരാണ് എന്റെ സംഗീതത്തിന് വരികളെഴുതുന്നത്. അവർക്കെന്നെയും എനിക്കവരെയും നല്ല വിശ്വാസവുമാണ് എന്നാണ് സുഷിൻ ശ്യാം പറഞ്ഞത്. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ, തൊട്ടതെല്ലാം പൊന്നാക്കുന്ന സുഷിൻ ശ്യാം തന്റെ പുതിയ പ്രൊജക്റ്റുകളുടെ പണിപ്പുരയിലാണ്.