Malayalam
സുഷിന്റെ വധു ഉത്തര പാർവതിയുടെ സഹോദരി പുത്രി; വിവാഹത്തിന് മുന്നിൽ നിന്ന് ജയറാമും കുടുംബവും!
സുഷിന്റെ വധു ഉത്തര പാർവതിയുടെ സഹോദരി പുത്രി; വിവാഹത്തിന് മുന്നിൽ നിന്ന് ജയറാമും കുടുംബവും!
മലയാള സിനിമയുടെ സീൻ തന്നെ മാറ്റിയ സംഗീത സംവിധായകനാണ് സുഷിൻ ശ്യാം. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോൾ സുഷിൻ വിവാഹിതനായിരിക്കുകയാണ്. ഉത്തരയാണ് വധു. അടുത്ത ബന്ധുക്കളും അടുത്ത കുറച്ച് സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഫഹദ് ഫാസിൽ, നസ്രിയ, ജയറാമും കുടംബവും, സംഗീത സംവിധായകൻ ദീപക്ക് ദേവ്, ഉണ്ണിമായ, തിരക്കഥകൃത്ത് ശ്യാം പുഷ്കർ തുടങ്ങി വളരെ കുറച്ച് പേർ മാത്രമാണ് പങ്കെടുത്തത്.
പതിവ് സെലിബ്രിറ്റി വിവാഹങ്ങൾക്കുണ്ടാകുന്ന ആർഭാടങ്ങളൊന്നും തന്നെയില്ലാതെയായിരുന്നു സുഷിന്റെയും ഉത്തരയുടെയും വിവാഹം. ക്രീം നിറത്തിലുള്ള ലൂസ് പ്രിന്റഡ് ഷർട്ടും കസവിന്റെ നേർത്ത കരയുള്ള മുണ്ടുമായിരുന്നു സുഷിന്റെ വേഷം. ഓറഞ്ചും ഗോൾഡൻ നിറവും കലർന്ന ഡബിൾ ഷെയ്ഡ് പട്ടുസാരിയും ഹെവി വർക്കുള്ള ബ്ലൗസുമായിരുന്നു വധു ഉത്തരയുടെ വേഷം.
അധികം ആഭരണങ്ങളില്ലാതെ സിംപിൾ ബൺ ഹെയർ സ്റ്റൈലിൽ അതീവ സുന്ദരിയായിരുന്നു ഉത്തര എത്തിയത്. സിനിമ മേഖലയിൽ നിന്നും സുഷിന്റെ അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരുമായ ഫഹദ് ഫാസിൽ, നസ്രിയ, ശ്യാം പുഷ്കരൻ, ഉണ്ണിമായ, ദീപക് ദേവ് എന്നിവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ക്ഷേത്രത്തിലെ താലികെട്ട് ചടങ്ങുകൾക്കെല്ലാം നടൻ ജയറാമാണ് കാരണവർ സ്ഥാനത്ത് നിന്ന് നേതൃത്വം നൽകിയതും കാര്യങ്ങൾ നിയന്ത്രിച്ചതും. ജയറാം മാത്രമല്ല ഭാര്യ പാർവതി മകനും നടനുമായ കാളിദാസ് തുടങ്ങിയവരെല്ലാം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സുഷിന്റെ വിവാഹ ചടങ്ങിന്റെ വീഡിയോകളിൽ ജയറാമും കുടുംബവും നിറഞ്ഞ് നിൽക്കുന്ന വീഡിയോ പുറത്ത് വന്നതോടെ സുഷിനും ജയറാമും തമ്മിൽ ഇത്രയേറെ അടുപ്പമുണ്ടോ അതോ ഇരുവരും ബന്ധുക്കളാണോയെന്നുള്ള സംശയമാണ് ആരാധകർ ചോദിക്കുന്നത്.
എന്നാൽ ഇനി മുതൽ ഇവർ ബന്ധുക്കൾ തന്നെയാണ്. നടിയും ജയറാമിന്റെ ഭാര്യയുമായ പാർവതിയുടെ സഹോദരി പുത്രിയാണ് സുഷിന്റെ വധു ഉത്തര. അതിനാലാണ് ജയറാമും കുടുംബവും ചടങ്ങിൽ നിറസാന്നിധ്യമായി നിന്നത്. മാസങ്ങൾക്ക് മുമ്പ് നടന്ന ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിന് സുഷിൻ ഉത്തരയ്ക്കൊപ്പം എത്തിയിരുന്നു. വിവാഹത്തിൽ വെച്ചാണ് സുഷിൻ ഉത്തരയെ പരിചയപ്പെടുത്തിയിരുന്നത്.
അതേസമയം, അമൽ നീരദിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ‘ബോഗയ്ൻവില്ല’ എന്ന ചിത്രത്തിലാണ് സുഷിൻ അവസാനം സംഗീതം നൽകിയത്. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുമെന്ന് താരം പറഞ്ഞിരുന്നു. ഈ വർഷത്തെ തന്റെ അവസാന ചിത്രം ഇതായിരിക്കും. അടുത്ത വർഷമായിരിക്കും താൻ ഇനി ഒരു സിനിമയുമായി വരിക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് തനിക്ക് ആഗ്രഹമുണ്ട് എന്നാണ് സുഷിൻ പറഞ്ഞത്.
2024ൽ സുഷിൻ സംഗീതം നൽകിയ ആവേശം, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളിലെ സംഗീതം ഗ്രാമി പുരസ്‌കാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ബെസ്റ്റ് കോംപിലേഷൻ ഫോർ വിഷ്വൽ മീഡിയ വിഭാഗത്തിലേക്ക് ആവേശവും ബെസ്റ്റ് സ്‌കോർ സൗണ്ട്ട്രാക്ക് ഫോർ വിഷ്വൽ മീഡിയ വിഭാഗത്തിലേക്ക് മഞ്ഞുമ്മലുമാണ് അയച്ചിരിക്കുന്നത്.
നേരത്തെ, സിനിമയിൽ നിന്നും ഇടവേള എടുക്കുകയാണെന്ന്ൻ പറഞ്ഞിരുന്നു. താൻ ഈ വർഷം സംഗീതം ഒരുക്കുന്ന അവസാന ചിത്രമായിരിക്കും ‘ബോഗയ്ൻവില്ല’ എന്നാണ് സുഷിൻ പറഞ്ഞത്.
ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് സുഷിൻ തന്റെ ഇടവേളയെ കുറിച്ച് മനസ് തുറന്നത്. ഈ വർഷത്തെ തന്റെ അവസാന ചിത്രം ഇതായിരിക്കും. അടുത്ത വർഷമായിരിക്കും താൻ ഇനി ഒരു സിനിമയുമായി വരിക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് തനിക്ക് ആഗ്രഹമുണ്ട് എന്നും സുഷിൻ പറഞ്ഞിരുന്നു.