Actor
ഇന്ത്യൻ 2 കാണാൻ ആഗ്രഹമില്ല, കണ്ടിട്ട് എന്ത് കാര്യം; വേണുച്ചേട്ടൻ എനിക്ക് നഷ്ടപ്പെട്ടു, കൂടെയുള്ളതായി സങ്കൽപ്പിക്കാനേ എനിക്ക് പറ്റൂ; കണ്ണീരോടെ സുശീല നെടുമുടി വേണു
ഇന്ത്യൻ 2 കാണാൻ ആഗ്രഹമില്ല, കണ്ടിട്ട് എന്ത് കാര്യം; വേണുച്ചേട്ടൻ എനിക്ക് നഷ്ടപ്പെട്ടു, കൂടെയുള്ളതായി സങ്കൽപ്പിക്കാനേ എനിക്ക് പറ്റൂ; കണ്ണീരോടെ സുശീല നെടുമുടി വേണു
മലയാള സിനിമയ്ക്കും, മലയാളികൾക്കും വലിയ നഷ്ട്ടമായിരുന്നു നടൻ നെടുമുടി വേണുവിന്റെ വിയോഗം. അദ്ദേഹം അവസാനമായി അഭിനയിച്ച ചില ചിത്രങ്ങളിൽ ഒന്നാണ് കമൽഹാസന്റെ ഇന്ത്യൻ 2. എന്നാൽ ആ സിനിമയിൽ ചില രംഗങ്ങളിൽ അദ്ദേഹത്തിന് അഭിനയിക്കാൻ സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പല രംഗങ്ങളും എഐ ഉപയോഗിച്ചാണ് സിനിമയിൽ ശങ്കർ ചിത്രീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യൻ രണ്ടാം ഭാഗത്തിൽ നെടുമുടി വേണു അഭിനയിച്ചതിനെപ്പറ്റി വെളിപ്പെടുത്തുകയാണ് ഭാര്യ സുശീല നെടുമുടി വേണു.
“ഇന്ത്യൻ വൺ കണ്ടിരുന്നു. കമൽഹാസൻ സേനാപതി ആയും വേണുച്ചേട്ടൻ ഐപിഎസ് ഓഫീസർ ആയും വന്നത് വളരെ മനോഹരമായിരുന്നു. അതിലെ രംഗങ്ങളും വളരെ രസകരമായിരുന്നു. എന്നാൽ ഇന്ത്യൻ2 വിന്റെ ചിത്രീകരണം പല കാരണങ്ങൾ കൊണ്ട് നീണ്ടുപോയി. പിന്നീട് രണ്ടാം ഭാഗം എടുക്കാറായപ്പോഴേക്കും വേണുച്ചേട്ടന് അസുഖത്തിന്റെ തുടക്കമായിരുന്നു. ശരീരം ക്ഷീണിച്ചു. ആ സമയം ശങ്കർ വിളിക്കുകയും വേണുച്ചേട്ടൻ തന്നെ വേഷം ചെയ്യണമെന്ന് പറയുകയും ചെയിതു. എന്നാൽ വേണു ചേട്ടൻ ചെയ്യണമോ വേണ്ടയോ എന്ന ആശങ്കയിലായിരുന്നെങ്കിലും പെട്ടെന്ന് തന്നെ ചെയ്യാം എന്ന് തീരുമാനിച്ചു.
അങ്ങനെ സിനിമ ചെയ്തു. രണ്ടുമൂന്ന് ഷെഡ്യൂൾ കഴിഞ്ഞു. പക്ഷേ പിന്നീടങ്ങോട്ട് വീണ്ടും നീണ്ടു പോയി. അപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യം മോശമായി. ഉയർന്ന പ്രദേശത്തൊക്കെ മഞ്ചലുപോലെ ഒന്നുണ്ടാക്കി അതിലിരുത്തിക്കൊണ്ട് വേണു ചേട്ടനെ കൊണ്ടുപോവുകയായിരുന്നു. ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെങ്കിലും എല്ലാം അദ്ദേഹം ചെയ്തു. കമൽഹാസനുമായി ഒന്നിച്ചിരിക്കാനുള്ള അവസരങ്ങൾ കിട്ടിയതിൽ അദ്ദേഹം വളരെ സന്തോഷവാനായിരുന്നു”.- സുശീല നെടുമുടി വേണു പറഞ്ഞു.
“അതേസമയം സിനിമയിൽ നിരവധി ഭാഗങ്ങൾ വേണുച്ചേട്ടൻ അഭിനയിച്ച തീർന്നതാണ്. അതിൽ വളരെ കുറച്ചു സീനുകൾ മാത്രമാണ് എഐ വച്ച് പൂർത്തിയാക്കിയത്. നല്ല കാര്യത്തിനുവേണ്ടി ആ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി. എന്നാൽ സിനിമ കണ്ടിട്ട് എന്ത് കാര്യം. വേണുച്ചേട്ടൻ എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. എഐ ഉപയോഗിച്ച് എങ്ങനെ വേണു ചേട്ടനെ കൊണ്ടുവന്നിട്ടുണ്ട് എന്ന് കാണാൻ സത്യത്തിൽ എനിക്ക് ആഗ്രഹമില്ല. എപ്പോഴും കൂടെയുള്ളതുപോലെ സങ്കൽപ്പിക്കാനേ എനിക്ക് പറ്റുകയുള്ളൂ.”- സുശീല നെടുമുടി വേണു കൂട്ടിച്ചേർത്തു.