News
സുശാന്തിന്റെ കണ്ണില്‍ മര്‍ദ്ദനം ഏറ്റതിന്റെ പാടുണ്ടായിരുന്നു, എല്ലുപൊട്ടിയിരുന്നു; പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഞാനും ഭാഗമായിരുന്നുവെന്ന് രൂപ്കുമാര്‍ ഷാ
സുശാന്തിന്റെ കണ്ണില്‍ മര്‍ദ്ദനം ഏറ്റതിന്റെ പാടുണ്ടായിരുന്നു, എല്ലുപൊട്ടിയിരുന്നു; പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഞാനും ഭാഗമായിരുന്നുവെന്ന് രൂപ്കുമാര്‍ ഷാ
ഏവരുടെയും പ്രിയപ്പെട്ട ബോളിവുഡ് താരമായിരുന്നു സുശാന്ത് സിംങ് രജ്പുത്ത്. 2020 ജൂണ്‍ 14നാണ് ഏവരെയും കണ്ണീരിലാഴ്ത്തി സുശാന്ത് ഈ ലോകത്തോട് വിട പറഞ്ഞത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരുന്നു.
എല്ലാവരോടും പുഞ്ചിരിയോടെ പെരുമാറിയിരുന്ന യുവനടന്റെ വിയോഗവാര്‍ത്ത ബോളിവുഡ് ലോകം മാത്രമല്ല, ലോകമെമ്ബാടുമുള്ള സിനിമാപ്രേമികളാകെ ഞെട്ടലോടെയാണ് കേട്ടത്. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാന്‍ സുശാന്തിന് കഴിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് പറഞ്ഞ് പോസ്റ്റ്‌മോര്‍ട്ടത്തിന് സാക്ഷ്യം വഹിച്ച കൂപ്പര്‍ ആശുപത്രിയിലെ മോര്‍ച്ചറി ജീവനക്കാന്‍ രൂപകുമാര്‍ ഷാ രംഗത്തെത്തിയത്. ഇത് ഏറെ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. സുശാന്ത് സിംഗ് രജ്പുതിന്റെ കണ്ണില്‍ മര്‍ദ്ദനം ഏറ്റതിന്റെ പാടുണ്ടായിരുന്നുവെന്നും കൊലപാതകം തന്നെയാണെന്നുമാണ് ഇയാള്‍ ആവര്‍ത്തിച്ചു പറയുന്നത്.
സുശാന്തിന്റെ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നു. എല്ലുപൊട്ടിയിരുന്നു. ഇതെല്ലാം മേലധികാരികളോട് പറഞ്ഞപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പണിമാത്രം നോക്കിയാല്‍ മതിയെന്ന് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഞാനും ഭാഗമായിരുന്നു. എന്നാല്‍ ആരാണ് നേതൃത്വം നല്‍കിയതെന്ന് ഓര്‍ക്കുന്നില്ല. നടന്‍ കഴുത്തിലെ പാടുകള്‍ തൂങ്ങിമരിച്ച പോലെയായിരുന്നില്ല. കഴുത്ത് ഞെരിച്ചപോലെയായിരുന്നു എന്നും രൂപ്കുമാര്‍ ഷാ ഇന്ത്യ ടുഡേയോട് പറഞ്ഞു.
സുശാന്ത് മരണപ്പെട്ട സമയത്ത് ഇതെക്കുറിച്ച് പുറത്ത് പറയാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന്, അന്നത്തെ സര്‍ക്കാറില്‍ വിശ്വാസം ഉണ്ടായിരുന്നില്ല. അതുകൊണ്ട് പുറത്ത് പറഞ്ഞില്ല. ഇന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് മുന്‍പില്‍ വരാന്‍ തയ്യാറാണ്. മൊഴി നല്‍കാം. എന്റെ സുരക്ഷയെക്കുറിച്ചോര്‍ത്ത് ഭയമില്ല. സുശാന്തിന് നീതി ലഭിക്കണം എന്നും ഷാ കൂട്ടിച്ചേര്‍ത്തു.
2020 ജൂണ്‍ 14 നാണ് സുശാന്തിനെ മുംബൈയിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കാണപ്പെടുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം ആരംഭിച്ചത്. മുംബൈ പോലീസിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. മയക്കുമരുന്ന് മാഫിയ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇഡി, എന്‍.സി.ബി തുടങ്ങിയ അന്വേഷണ ഏജന്‍സികളും കേസില്‍ ഉള്‍പ്പെട്ടു.
ഒക്ടോബറില്‍ എയിംസ് മെഡിക്കല്‍ ബോര്‍ഡ് സിബിഐക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചിരുന്നു. അതിനിടെ സുശാന്തിന്റെ അച്ഛന്‍ കെകെ സിംഗ് നടി റിയ ചക്രവര്‍ത്തിക്കും കുടുംബത്തിനും എതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. സിനിമയില്‍ വളരുന്നതിന് വേണ്ടി സുശാന്തിനെ റിയ കരുവാക്കിയെന്നും സുശാന്തിന്റെ സ്വത്തിലായിരുന്നു റിയയുടെ കണ്ണെന്നും കെകെ സിംഗ് ആരോപിച്ചു.
സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും റിയ 15 കോടി തട്ടിയെടുത്തുവെന്നും തെറ്റായ മരുന്ന് സുശാന്തിന് നല്‍കിയെന്നും കെകെ സിംഗ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സുശാന്തിന് മയക്കുമരുന്ന് എത്തിച്ച് നല്‍കി എന്ന കേസില്‍ കാമുകി റിയ ചക്രബര്‍ത്തി അറസ്റ്റിലാവുകയും ചെയ്തു. റിയക്കെതിരേ കടുത്ത ആരോപണങ്ങളാണ് സുശാന്തിന്റെ കുടുംബം ഉന്നയിച്ചത്. കേസില്‍ റിയ പിന്നീട് ജാമ്യത്തിലിറങ്ങി.
