Actor
സിനിമയിലെത്തും മുമ്പ് തുണിക്കടയിൽ ജോലി, അമ്മയുടെ 25,000 രൂപയുടെ കടം വീട്ടാനാണ് അഭിനയിക്കാനിറങ്ങിയത്; ഒരു നടനാവാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്ന് സൂര്യ
സിനിമയിലെത്തും മുമ്പ് തുണിക്കടയിൽ ജോലി, അമ്മയുടെ 25,000 രൂപയുടെ കടം വീട്ടാനാണ് അഭിനയിക്കാനിറങ്ങിയത്; ഒരു നടനാവാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്ന് സൂര്യ
നിരവധി ആരാധകരുള്ള താരമാണ് സൂര്യ. കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കാത്ത ചുരുക്കം ചില നടൻമാരിൽ ഒരാളും കൂടിയാണ്. വാരിണം ആയിരം, ആയുധ എഴുത്ത്, ഗജിനി, സൂരരൈ പോട്ര്, ജയ് ഭീം തുടങ്ങി നടൻ ചെയ്ത സിനിമകളുടെ വലിയൊരു നീണ്ട ലിസ്റ്റ് തന്നെ സൂര്യയെന്ന നടനെ കുറിച്ച് ആലോചിക്കുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് വരും. പരിഹാസങ്ങളെ അടിത്തറയാക്കിയാണ് നടൻ എന്ന രീതിയിൽ തന്റേതായ സാമ്രാജ്യം സൂര്യ കെട്ടിപടുത്തത്. ഇരുപത്തിയേഴ് വർഷത്തെ കഠിനാധ്വാനമാണ് ഇന്ന് താരത്തിന് ലഭിച്ചിരിക്കുന്ന സ്റ്റാർഡം.
അദ്ദേഹത്തിന്റെ പുതിയ ചിത്രമായ കങ്കുവ റിലീസിന് ഒരുങ്ങുകയുമാണ്. ഈ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരു നടനാവാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നാണ് സൂര്യ പറയുന്നത്. അമ്മയുടെ കടം വീട്ടാൻ വേണ്ടി അഭിനയിച്ചു തുടങ്ങിയതാണ് ഇപ്പോൾ ഇവിടം വരെ എത്തിയതിന് കാരണമെന്നും നടൻ പറഞ്ഞു.
എന്റെ ഈ കഥ എന്റെ ആരാധകർ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് ഒരു തുണിക്കടയിൽ ജോലി ചെയ്തിരുന്നു. ട്രെയിനി എന്ന നിലയിൽ 15 ദിവസം ജോലി ചെയ്യുകയും അതിന് 750 രൂപ പ്രതിഫലമായി ലഭിക്കുകയും ചെയ്തു. മൂന്ന് വർഷം കഴിഞ്ഞതോടെ പ്രതിമാസം 8000 രൂപയായി പ്രതിഫലം.
എന്നെങ്കിലും തനിക്കും ഇതുപോലെ സ്വന്തമായി ഒരു കമ്പനി ഉണ്ടാകുമെന്നും അതിലേക്ക് അച്ഛൻ ഒരു കോടി രൂപ നിക്ഷേപിക്കുമെന്നും ഞാൻ പ്രതീക്ഷിച്ചിരുന്നു. അപ്പോഴും അഭിനയം ഒരിക്കലും എന്റെ ചിന്തയിൽ പോലും ഉണ്ടായിരുന്നില്ല. ഇതിനിടെ എന്റെ അമ്മ ലക്ഷ്മി ഒരു ദിവസം അച്ഛൻ അറിയാതെ 25,000 രൂപ കടം വാങ്ങിയതിനെ കുറിച്ച് എന്നോട് പറഞ്ഞു.
അന്ന് ഞങ്ങളുടെ ബാങ്ക് ബാലൻസ് ഒരു ലക്ഷത്തിലോ ഒന്നര ലക്ഷത്തിലോ കൂടുതലുണ്ടാവില്ല. അച്ഛന് ശമ്പളത്തിന്റെ കാര്യത്തിൽ നിർബന്ധം ഉണ്ടായിരുന്നില്ല. അത് വരുന്നത് വരെ അദ്ദേഹം കാത്തിരിക്കും. അക്കാലത്ത് അച്ഛൻ പത്ത് മാസം വരെ തുടർച്ചയായി ജോലി ചെയ്തിരുന്നില്ല. ഒരു നടന്റെ മകനായതിനാൽ, എനിക്കും അന്ന് സിനിമയിൽ നിന്നും ഓഫറുകൾ ലഭിക്കുന്നത് പതിവായിരുന്നു.
അങ്ങനെ മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കുന്നതിനായി എനിക്ക് നിരന്തരം അവസരം വരുമായിരുന്നു. അങ്ങനൊരു പ്രോജക്റ്റ് വന്നപ്പോൾ അതിൽ ചേരാൻ എന്നോട് ആവശ്യപ്പെട്ടു. അമ്മയുടെ കടം വീട്ടാൻ ഉണ്ടായിരുന്നതിനാൽ ഞാൻ അതിന് സമ്മതം മൂളി. സിനിമയിലേയ്ക്ക് ഞാൻ വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരിക്കലും ക്യാമറയെ അഭിമുഖീകരിക്കാൻ ഞാൻ ആഗ്രഹിച്ചില്ല.
ഒരു അഭിനേതാവാകണമെന്ന സ്വപ്നം കണ്ടിരുന്നില്ല. 25,000 രൂപ എന്റെ അമ്മയ്ക്ക് കൊടുക്കാനും അമ്മയുടെ ലോൺ തീർന്നു, ഇനി നിങ്ങൾ വിഷമിക്കേണ്ടതില്ലെന്ന് പറയാനും വേണ്ടിയാണ് ഞാൻ ഇൻഡസ്ട്രിയിലേയിക്ക് വന്നത്. അവിടെ നിന്നുമാണ് എന്റെ കരിയർ ആരംഭിച്ചതി എന്നും അങ്ങനെയാണ് ഞാൻ സൂര്യയായതെന്നും നടൻ പറയുന്നു.