Malayalam
ആണായി മാറാനുള്ള ശസ്ത്രക്രിയയ്ക്കു മുൻപേ തന്നെ ഇഷാൻ അണ്ഡം സൂക്ഷിച്ചിരുന്നു!
ആണായി മാറാനുള്ള ശസ്ത്രക്രിയയ്ക്കു മുൻപേ തന്നെ ഇഷാൻ അണ്ഡം സൂക്ഷിച്ചിരുന്നു!
മലയാളക്കര ഒന്നടങ്കം ചർച്ചചെയ്തിരുന്ന വിഷയമായിരുന്നു സൂര്യയും ഇഷാനും തമ്മിലുള്ള വിവാഹം.എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് ഇരുവരും വിവാഹം കഴിച്ചപ്പോൾ ആരും പ്രതീക്ഷിച്ചില്ല ഇവർക്ക് ഒരു കുഞ്ഞിനെ ലാളിക്കാൻ കഴിയുമെന്ന്.എന്നാൽ ഇപ്പോളിതാ ആ ഭാഗ്യവും ഇഷാനും സുര്യക്കും ഉണ്ടായിരിക്കുകയാണ്.ഇനി ഇവർ താലോലിക്കും സ്വന്തം രക്തത്തിൽ പിറന്ന പൊന്നോമനയെ.ഇഷാനും സൂര്യയും ഇപ്പോൾ സ്വപ്നം കാണുകയാണ്.ഏതൊരച്ഛനും അമ്മയും കാണുന്നതുപോലെതന്നെ.കഴിഞ്ഞ ദിവസം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സൂര്യയും ഇഷാനും വികാര ഭരിതരായാണ് സംസാരിച്ചത്.ശരീരം മാത്രമല്ല മനസ്സും പാകപ്പെട്ടാൽ മാത്രം തുടങ്ങാവുന്ന യാത്രയിലാണവർ . അതിലേക്കുള്ള ആദ്യ ചുവടുവേപ്പിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഇഷാനും സൂര്യയും.
സൂര്യയുടെ വാക്കുകൾ ഇങ്ങനെ..
‘ആണുടലിൽ നിന്ന് പെണ്ണായും. പെണ്ണിൽ നിന്ന് ആ ണായും മാറിയവരാണ് ഞങ്ങൾ. ഇഷാൻ പെണ്ണുടലിൽ നിന്നാണ് പുരുഷനായി മാറിയത്. കുഞ്ഞെന്ന സ്വപ്നം മനസ്സിൽ ഉദിച്ചപ്പോൾതന്നെ കൊച്ചിയിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറെ നേരിൽ പോയി കണ്ടു. അദ്ദേഹമാണ് മുന്നിലുള്ള സങ്കീർണമായ പ്രക്രിയയെക്കുറിച്ചു പറഞ്ഞു തന്നത്. താണ്ടേണ്ടത് വലിയ ദൂരമാണ്. അവിടെയെത്താനുള്ള മാർഗം അതികഠിനവും.
ശരീരം മാത്രമല്ല മനസ്സും പാകപ്പെട്ടാൽ മാത്രം തുടങ്ങാവുന്ന യാത്ര. അതിലേക്ക് ഞങ്ങൾ ആദ്യ ചുവടുവച്ചു കഴിഞ്ഞു. അതു വിജയമെങ്കിൽ അടുത്ത ഘട്ടം താണ്ടാം. ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്ന രീതിയിലേക്ക് ശരീരത്തെ പാകപ്പെടുത്തിയെടുക്കുക എന്നതാണ് ആദ്യ ഘട്ടം.
സാധാരണ സ്ത്രീ ഗർഭം ധരിക്കുന്നതു പോലെ എളുപ്പമല്ല ട്രാൻസ് സ്ത്രീയുടെ ഗർഭധാരണം. ആരുമായും ഇടപെഴകാതെ മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ മാസങ്ങൾ നീളുന്ന ചികിത്സ. ‘വജൈനൊ പ്ലാസ്റ്റി’എന്ന സർജറിക്കു ശേഷം , യൂട്രസും വജൈനയും തമ്മിൽ ബന്ധിപ്പിക്കുന്ന ശസ്ത്രക്രിയ, ഐവിഎഫ് അങ്ങനെ കടമ്പകൾ ഏറെ. ഇതെല്ലാം കഴിഞ്ഞ ശേഷമാണ് യൂട്രസ് ശരീരത്തിൽ ഘടിപ്പിക്കുന്ന സർജറിയിലേക്ക് കടക്കുന്നത്.
ആണായി മാറാനുള്ള ശസ്ത്രക്രിയയ്ക്കു വിധേയനാകും മുൻപേ തന്നെ ഇഷാൻ അണ്ഡം എടുത്ത് സൂക്ഷിച്ചിട്ടുണ്ട്. ഭാവിയിൽ സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞെന്ന സ്വപ്നം അന്നേ അവൻ താലോലിച്ചിരുന്നിരിക്കാം.‘ഇതിനിടെ ‘വാടക ഗർഭപാത്രം’ എന്ന ആശയവുമായി പലരും ഞങ്ങളെ ബന്ധപ്പെട്ടു. പണമായിരുന്നു പലരുടെയും ലക്ഷ്യം. അതു കൊണ്ട് അതിനു ഞങ്ങൾക്ക് മനസ്സ് വന്നില്ല.’ സൂര്യ പറയുന്നു.
‘ഗർഭപാത്രം വയ്ക്കുന്ന സൂര്യയുടെ ശസ്ത്രക്രിയ വിജയിച്ചാൽ ഞങ്ങളുടെ സ്വപ്നം സഫലമാകും. എന്റെ അണ്ഡം ഒരു ഡോണറുടെ പുരുഷബീജവുമായി സംയോജിപ്പിക്കാൻ കഴിയും. സൂര്യയുടെ ഗർഭപാത്രത്തിൽ ഞങ്ങളുടെ രക്തത്തിൽ തന്നെയുള്ള കൺമണി പിറക്കുകയും ചെയ്യും. ബീജം മറ്റൊരാളുടെയായിരിക്കും എന്ന് മാത്രം. ബീജവും അണ്ഡവും ശേഖരിച്ചു വയ്ക്കാനുള്ള മാർഗങ്ങൾ ബ്ലഡ് ബാങ്ക് പോലെ ഇന്ന് പല ആശുപത്രിയിലുമുണ്ട്. വൃക്കയും കരളും ഒക്കെ മാറ്റി വയ്ക്കുന്നതിനേക്കാൾ സങ്കീർണമാണ് ഈ ശസ്ത്രക്രിയ എന്ന് ഞങ്ങൾക്കറിയാം. പക്ഷേ, ശ്രമിക്കാതിരിക്കാൻ ഞങ്ങൾക്കു കഴിയില്ല. അത്രയുണ്ട് സ്വന്തം കുഞ്ഞിനെ താലോലിക്കാനുള്ള ഞങ്ങളുടെ മോഹം.
‘ഗർഭപാത്രം മാറ്റി വച്ച ശേഷമുള്ള ഗർഭധാരണ ഇന്ത്യയിൽ നടന്നിട്ടുണ്ട്. പുണെയിലെ ഒരു സ്ത്രീ ആണ് ഇത് ആദ്യമായി ചെയ്ത് വിജയിക്കുന്നത്. പക്ഷേ, ചികിൽസാ ചെലവ് ഞങ്ങൾക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. മുപ്പത് ലക്ഷം രൂപയോളം വേണം. സ്വപ്നത്തിലേക്കുള്ള യാത്രയിൽ ഞങ്ങളെ തളർത്തുന്നതും അതുതന്നെ. ഞങ്ങളുടെ ആഗ്രഹത്തെ മനസ്സിലാക്കുന്ന സമൂഹത്തിലെ സുമനസ്സുകളുടെ സഹായം കിട്ടുമെന്നാണ് പ്രതീക്ഷ.
ഞങ്ങളുടെ സുഖവും ദുഃഖവും ലക്ഷ്യവും ആഗ്രഹങ്ങളും എല്ലാം ഞങ്ങളുടെ മാത്രമാണ്. അതു മനസ്സിലാക്കുന്ന പക്വതയിലേക്ക് ലോകം വളർന്നു വരുന്നതേയുള്ളൂ. സ്വന്തം കുഞ്ഞെന്ന വലിയ സ്വപ്നം ഞാനീ ലോകത്തോടു പറയുമ്പോഴും അതാകും സംഭവിക്കാൻ പോകുന്നത്. പലരും കളിയാക്കി ചിരിക്കും. ചിലർ പരിഹസിക്കും. വാക്കുകൾ കൊണ്ടു നോവിക്കും. ഇനിയും ഇരുളകലാത്ത സമൂഹത്തിലെ അപൂർവ ജന്മങ്ങളാണു ഞങ്ങൾ.’
വിവാഹം കഴിഞ്ഞ അന്നു തൊട്ട് കേൾക്കാൻ തുടങ്ങിയതാണ് കുത്തുവാക്കുകൾ. ‘ആദ്യം പ്രസവിക്കുന്നത് നീയോ അവനോ’ എന്ന് ചോദിച്ചവർ വരെയുണ്ട്. മനസുകൊണ്ടും ശരീരം കൊണ്ടും പെണ്ണായി മാറിയിട്ടും ഹിജഡയെന്ന വിളികൾ ഒരുപാട് കേൾക്കേണ്ടി വന്നിട്ടുണ്ട്.
പെണ്ണുടലിലേക്ക് ആരെയും കൂസാതെ എനിക്ക് മാറാനായിട്ടുണ്ടെങ്കിൽ നോക്കിക്കോ വറ്റി വരണ്ടെന്ന് നിങ്ങൾ പറയുന്ന ഈ ദേഹം നാളെയൊരു കുഞ്ഞിന് ജന്മം നൽകും. എന്റെ മടിത്തട്ടിലും ഒരു ഉണ്ണിക്കണ്ണൻ ഓടിക്കളിക്കും.’ വേദനകളിലും സ്വപ്നം നിറയ്ക്കുന്ന പ്രകാശത്തിൽ പുഞ്ചിരിക്കുന്നു സൂര്യ.
‘ഞങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന ഒരു ഫോട്ടോയ്ക്കു കീഴെ പോലുമുണ്ട് ഇത്തരം വേദനിപ്പിക്കുന്ന വാക്കുകൾ. ഞാനൊന്നു ചോദിച്ചോട്ടെ സൂര്യക്ക് ഗർഭം ധരിക്കാനാകില്ല എങ്കിൽ അതു ഞങ്ങളുടെ മാത്രം സ്വകാര്യ പ്രശ്നമാണ്. അതിന്റെ പേരിൽ അവളെ ഹിജഡയെന്നും ആണും പെണ്ണും കെട്ടവളെന്നുമൊക്കെ വിളിക്കുന്നത് എവിടുത്തെ സംസ്കാരമാണ്. പ്രത്യുത്പാദന ശേഷിയില്ലാത്ത എത്രയോ പുരുഷന്മാരുണ്ട്. ഗർഭപാത്രമില്ലാത്ത എത്രയോ പെണ്ണുങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അവരെയൊക്കെ നിങ്ങൾ ഹിജഡകളെന്നു വിളിക്കുമോ? ഞങ്ങളെ പരിഹസിക്കുന്നവർ ഞങ്ങളുടെ ഈ സ്വപ്നത്തെ പറ്റി സംസാരിച്ചുവെന്ന് വരില്ല. കാരണം ഒന്നേയുള്ളൂ, ട്രാൻസ്ജെൻഡർ ആയ വ്യക്തിയെ മനുഷ്യനായി കാണാനുള്ള വിവേകം അവർക്കില്ല.’
surya ishan talks about their dream for a baby