Tamil
സൂര്യ 44ൽ കാളിദാസ് ജയറാമും പ്രശാന്തും ഇല്ല; പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് നിർമാതാവ്
സൂര്യ 44ൽ കാളിദാസ് ജയറാമും പ്രശാന്തും ഇല്ല; പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് നിർമാതാവ്
കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത് സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂര്യ 44’. പ്രഖ്യാപന നാൾ മുതൽ തന്നെ തമിഴ് – മലയാളം സിനിമ പ്രേക്ഷകർക്കിടയിൽ സൂര്യ 44വലിയ സ്വീകാര്യതയാണ് നേടിയത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടൻ കാളിദാസ് ജയറാമും പ്രശാന്തും ചിത്രത്തിന്റെ ഭാഗമാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാണ കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റ് സിഇഒ രാജശേഖർ പാണ്ഡ്യൻ.
ഇരുവരും സിനിമയുടെ ഭാഗമല്ല. ജയറാമിന്റെ രംഗങ്ങൾ അവസാനിച്ച ദിവസം സെറ്റിൽ കേക്ക് മുറിച്ചിരുന്നു. ഈ ആഘോഷത്തിൽ പങ്കെടുക്കാൻ കാളിദാസ് എത്തിയിരുന്നു. ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്നുമാണ് അദ്ദേഹം പറയുന്നത്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമായി ഒരുങ്ങുന്ന സൂര്യ 44 ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ ചിത്രീകരണത്തിനായി സൂര്യ കേരളത്തിലേക്ക് എത്തിയിരുന്നു.
സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന് ചിത്രമാണ് ‘സൂര്യ 44’. ‘ലവ് ലാഫ്റ്റര് വാര്’ എന്നാണ് ‘സൂര്യ 44’ന്റെ ടാഗ് ലൈന്. മലയാളത്തില് നിന്ന് ജയറാമും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പൂജ ഹെഗ്ഡെ നായികയാവുന്ന സിനിമയിൽ കരുണാകരനും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അതേസമയം, ശിവ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് പീരിയഡ് ആക്ഷൻ ചിത്രമായ ‘കങ്കുവ’ ആണ് ഉടൻ പുറത്തിറങ്ങാനുള്ള സൂര്യ ചിത്രം. ചിത്രം ഒക്ടോബർ 10-ന് ആഗോളവ്യാപകമായി 38 ഭാഷകളില് തീയേറ്ററുകളിലെത്തും. ബോളിവുഡ് നടൻ ബോബി ഡിയോൾ ആണ് വില്ലനായി എത്തുന്നത്.