Malayalam
”മാറ്റം അനിവാര്യമാണ് അതിനെ തടയാനാവില്ല”, സുരേഷ് ഗോപിയുടെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് മകന്‍ മാധവും മരുമകന്‍ ശ്രേയസ് മോഹനും
”മാറ്റം അനിവാര്യമാണ് അതിനെ തടയാനാവില്ല”, സുരേഷ് ഗോപിയുടെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് മകന്‍ മാധവും മരുമകന്‍ ശ്രേയസ് മോഹനും
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ വമ്പിച്ച വിജയത്തില്‍ സന്തോഷം പങ്കുവച്ച് മകന്‍ മാധവും മരുമകന്‍ ശ്രേയസ് മോഹനും. ‘തൃശൂര്‍ എടുത്തു’ എന്നാണ് മാധവ് ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്. ”മാറ്റം അനിവാര്യമാണ് അതിനെ തടയാനാവില്ല”, എന്നാണ് സുരേഷ് ഗോപിയുടെ ചിത്രത്തോടൊപ്പം ശ്രേയസ് കുറിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന കണക്കുപ്രകാരം 75079 ആണ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറിനാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാല് ലക്ഷത്തിലേറെ വോട്ട് നേടി കൊണ്ടാണ് സുരേഷ് ഗോപി വെന്നിക്കൊടി പാറിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനിടെ ‘തൃശൂര്‍ എനിക്ക് വേണം, ഞാനങ്ങ് എടുക്കുവാ’ എന്ന സുരേഷ് ഗോപി പറഞ്ഞിരുന്നു. ആ ഡയലോഗ് വലിയ രീതിയില്‍ തന്നെ ഹിറ്റായിരുന്നു.
തൃശൂരിലെ വിജയത്തിന് ശേഷം തിരുവനന്തപുരത്തെ ബിജെപി ഓപീസിലെത്തി മാധ്യമ പ്രവര്‍ത്തകരോട് സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ: ‘വ്യക്തി കേന്ദ്രീകൃതമായ തെരഞ്ഞെടുപ്പ് നയം മലയാളികള്‍ സ്വീകരിക്കും. അതോടെ കേരളത്തിലെ രാഷ്ട്രീയവും മാറും. നേതാക്കളുടെ അഹങ്കാരവും മാറും.
ബിജെപിയുടെ സാന്നിധ്യം കേരളത്തില്‍ എല്ലാ തലത്തിലും വര്‍ധിക്കും. തൃശൂരിലെ കറ തീര്‍ന്ന മതേതര വോട്ടുകളാണ് തനിക്ക് കിട്ടിയത്. ഒരു വര്‍ഗീയ പ്രചാരണവും താന്‍ നടത്തിയിട്ടില്ല. പാര്‍ട്ടിയുടെ നല്ല അനുസരണയുള്ള പ്രവര്‍ത്തകനും എംപിയും ആയിരിക്കും. മാധ്യമങ്ങള്‍ ഉണ്ടാക്കിയ വിഷമതകള്‍ തനിക്ക് ഗുണം ചെയ്തു’.
‘രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി അങ്ങയുടെ വിജയത്തില്‍ സന്തോഷിക്കുന്നു അഭിനന്ദനങ്ങള്‍ സുരേഷേട്ടാ’ എന്നാണ് സുരേഷ് ഗോപിയുടെ വിജയത്തെ കുറിച്ച് സലിം കുമാര്‍ പറഞ്ഞത്.
