News
വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ച് കാറിന് കേടുപാട്; 48 മണിക്കൂറിനകം നടപടിയെടുത്ത് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി
വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ച് കാറിന് കേടുപാട്; 48 മണിക്കൂറിനകം നടപടിയെടുത്ത് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി
പെട്രോളിലും ഡീസലിലും വെള്ളവും മറ്റും കലര്‍ത്തുന്നത് പലപ്പോഴും വലിയ വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയെക്കാറുണ്ട്. മായം കലര്‍ന്ന ഇന്ധനം നിറച്ചാല്‍ വാഹനത്തിന്റെ എഞ്ചിന് ഗുരുതരമായ കേടുപാടുകള്‍ ആണ് സംഭവിക്കുന്നത്. എന്നാലും തങ്ങളുടെ ലാഭത്തിന് വേണ്ടി ചിലര്‍ ഇത്തരത്തിലുള്ള തിരിമറികള്‍ നടത്തി വരുന്നുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്പ് വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ചതിനെ തുടര്‍ന്ന് കാറിന് കേടുപാട് പറ്റിയ സംഭവം സോഷ്യല്‍ മീഡിയയിലടക്കം വലിയ വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ ഈ സംഭവത്തില്‍ ഇടപെട്ടിരിക്കുകയാണ് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഐ സി ഐ സി ഐ ബാങ്കിന്റെ കോട്ടയത്തെ മാനേജരായ ജിജു കുര്യന്റെ പരാതിയിലാണ് സുരേഷ് ഗോപിയുടെ ഇടപെടല്‍. കോട്ടയം ജില്ലയിലെ പാലാ കടപ്പാട്ടൂരുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്പില്‍ നിന്ന് ജൂണ്‍ 17 നായിരുന്നു ജിജു കുര്യന്‍ ഡീസല്‍ അടിച്ചത്.
36 ലീറ്ററോളമാണ് ഡീസല്‍ കാറില്‍ അടിച്ചത്. ഇതിനിടെ തന്നെ പല തവണ ബീപ് ശബ്ദം കേട്ടിരുന്നുവെന്നും ഇതിനൊപ്പം സൂചനാ ലൈറ്റുകള്‍ തെളിയുകയും ചെയ്തിരുന്നു എന്നും ജിജു കുര്യന്‍ പറയുന്നു. ഉടന്‍ തന്നെ ജിജു കുര്യന്‍ തന്റെ കാര്‍ കമ്പനിയുടെ കോട്ടയത്തെ വര്‍ക്ഷോപ്പില്‍ എത്തിച്ച് പരിശോധിച്ചു. അപ്പോഴാണ് ഡീസലില്‍ വെള്ളം ചേര്‍ന്നിട്ടുണ്ട് എന്ന് കണ്ടെത്തിയത്.
ഇതോടെ ജിജു തന്റെ ഭാര്യാപിതാവും മുണ്ടുപാലം സ്വദേശിയും സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ മാനേജിംഗ് ട്രസ്റ്റിയുമായ ജയിംസ് വടക്കനോട് കാര്യം പറഞ്ഞു. തുടര്‍ന്ന് ബിജെപി മുന്‍ വക്താവ് പി ആര്‍ ശിവശങ്കറിന്റെ സഹായത്തോടെ ജിജു മന്ത്രി സുരേഷ് ഗോപിയ്ക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ ഉടന്‍ തന്നെ സുരേഷ് ഗോപി ഇടപെടുകയും 48 മണിക്കൂറിനകം സംഭവത്തില്‍ നടപടി സ്വീകരിക്കുകയും ആയിരുന്നു.
ഇതോടെ ജിജു കുര്യന് ഡീസലിന് ചെലവായ പണവും കാറിന്റെ അറ്റകുറ്റ പണിക്കു ചെലവായ തുകയും പമ്പുടമ മടക്കി നല്‍കി. ഡീസല്‍ തുകയായ 3394 രൂപയും നഷ്ടപരിഹാരവും അടക്കം 9894 രൂപയാണ് പമ്പുടമ, ജിജു കുര്യന് നല്‍കിയത്. പമ്പിലെ ഡീസലിന്റെ വില്‍പ്പന ഐ ഒ സി അധികൃതര്‍ എത്തി തടയുകയും ചെയ്തിട്ടുണ്ട്. മിക്ക പെട്രോള്‍ പമ്പുകള്‍ക്കെതിരേയും ഉയരുന്ന പരാതികളിലൊന്നാണ് ഇന്ധനത്തില്‍ മായം കലര്‍ത്തുന്നത്.
അതേസമയം ഒരു ഫില്‍ട്ടര്‍ പേപ്പര്‍ ടെസ്റ്റ് ഉപയോഗിച്ച് ഇന്ധനത്തില്‍ മായം കലര്‍ത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. ഫില്‍ട്ടര്‍ പേപ്പറില്‍ ഏതാനും തുള്ളി പെട്രോള്‍ തുള്ളി ഒഴിച്ചുനോക്കിയാല്‍ അത് മായം കലര്‍ന്നതാണോ അല്ലയോ എന്ന് അറിയാം. പെട്രോള്‍ ശുദ്ധമാണെങ്കില്‍ കറകള്‍ അവശേഷിപ്പിക്കാതെ ആവിയായി പോകും. എന്നാല്‍ ഇന്ധനത്തില്‍ മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ പേപ്പറില്‍ കറകള്‍ അവശേഷിക്കുമെന്നും പറയുന്നു.
അതേസമയം, ഈ ജൂണ്‍ 24 നായിരുന്നു സുരേഷ് ഗോപി പാർലമെൻ്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് മുൻപ് ‘കൃഷ്ണാ…ഗുരുവായൂരപ്പാ…ഭഗവാനെ’ എന്ന് അദ്ദേഹം പ്രാർത്ഥിച്ചു. തുടർന്ന് അദ്ദേഹം മലയാളത്തിലായിരുന്നു ലോക്സഭ അംഗമായുള്ള സത്യപ്രതിജ്ഞ. ഇതോടെ കേരള ബി ജെ പി നിന്നുള്ള ആദ്യത്തെ ബി ജെ പി എം പിയായി മാറി. 74686 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത. മൂന്നാം മോദി മന്ത്രിസഭയിൽ വിനാേദസഞ്ചാരം,പെട്രോളിയം – പ്രകൃതിവാതക സഹമന്ത്രിയാണ് അദ്ദേഹം.
