News
സുരേഷ് ഗോപി ഹാജരായില്ല; മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് പരിഗണിക്കുന്നത് മാറ്റി
സുരേഷ് ഗോപി ഹാജരായില്ല; മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് പരിഗണിക്കുന്നത് മാറ്റി
നടനും എംപിയുമായ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു. സുരേഷ് ഗോപി കോടതിയിൽ ഹാജരാകാത്തതിനാലാണ് കേസ് മാറ്റിയത്. കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നാല് ആണ് കേസ് പരിഗണിച്ചത്. കഴിഞ്ഞവർഷം ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ അനുവാദമില്ലാതെ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു. ഉടൻ തന്നെ അതൃപ്തി പ്രകടിപ്പിച്ച് മാറി നിന്നെങ്കിലും സുരേഷ് ഗോപി വീണ്ടും അത് തന്നെ ആവർത്തിച്ചു. വീണ്ടും തോളിൽ കൈ വെച്ചപ്പോൾ മാധ്യമപ്രവർത്തക അപ്പോൾ തന്നെ തട്ടിമാറ്റി. വീഡിയോ വൈറലായതോടെ സോഷ്യൽമീഡിയയിൽ അടക്കം വലിയ രീതിയിൽ വിമർശനം ഉയരുകയായിരുന്നു.
അനുമതിയില്ലാതെ ശരീരത്തിൽ സ്പർശിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമുള്ള പരാതിയിൽ ഐപിസി 354 എയിലെ ഒന്നു മുതൽ നാലുവരെ വകുപ്പുകൾ ചുമത്തിയാണ് കേസ്. സുരേഷ് ഗോപിയുടെ പെരുമാറ്റം തനിക്കു കടുത്ത പ്രയാസവും മാനഹാനിയും ഉണ്ടാക്കിയെന്നും, ഇത്തരം അനുഭവം ആർക്കും ഇനി ഉണ്ടാകാതിരിക്കാനാണു നിയമനടപടിയുമായി മുന്നോട്ടു പോകുന്നതെന്നും മാധ്യമപ്രവർത്തക വ്യക്തമാക്കിയിരുന്നു.
ആളുകൾ വിമർശിക്കാൻ തുടങ്ങിയതോടെ സുരേഷ് ഗോപി മാപ്പ് പറഞ്ഞ് എത്തി. ഒരു മകളെപ്പോലെ കണ്ട് വാത്സല്യത്തോടെയാണ് പെരുമാറിയത് എന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. മാധ്യമങ്ങളുടെ മുന്നിൽ വെച്ച് വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല.
എന്നാൽ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു’, എന്നായിരുന്നു മാപ്പ് പറഞ്ഞ് സുരേഷ് ഗോപി പങ്കുവെച്ച കുറിപ്പ്.
