Malayalam
ഡാഡി പോയിട്ട് മൂന്ന് വർഷം, അദ്ദേഹത്തിന്റെ നമ്പർ ഇപ്പോഴും എന്റെ സ്പീഡ് ഡയലിലുണ്ട്. എനിക്കത് ഡിലീറ്റാക്കാൻ സാധിക്കുന്നില്ല; സുപ്രിയ മേനോൻ
ഡാഡി പോയിട്ട് മൂന്ന് വർഷം, അദ്ദേഹത്തിന്റെ നമ്പർ ഇപ്പോഴും എന്റെ സ്പീഡ് ഡയലിലുണ്ട്. എനിക്കത് ഡിലീറ്റാക്കാൻ സാധിക്കുന്നില്ല; സുപ്രിയ മേനോൻ
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. 2011ൽ യാതൊരുവിധ സൂചനയും നൽകാതെയായിരുന്നു പൃഥ്വിരാജ് മാധ്യമപ്രവർത്തകയായ സുപ്രിയ മേനോനെ വിവാഹം ചെയ്യുന്നത്. ഒരു സ്വകാര്യ റിസോട്ടിൽ കുടുംബാംഗങ്ങളും ചേർന്ന് നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ വൈറലായിരുന്നു.
ഇന്ന് പൃഥ്വിരാജിനെപ്പോലെ തന്നെ സുപ്രിയ മേനോനും മലയാള സിനിമയുടെ ഭാഗമായി കഴിഞ്ഞു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് സുപ്രിയയാണ്. സുപ്രിയയുടെ നിലപാടുകളും കാഴ്ചപ്പാടുകളുമെല്ലാം ചർച്ചയാകാറുണ്ട്. സുപ്രിയയുടെ അഭിമുഖങ്ങൾക്കും ആരാധകരുണ്ട്.
ഇപ്പോഴിതാ സുപ്രിയ പങ്കുവച്ചൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. തന്റെ അച്ഛനെക്കുറിച്ചുള്ള സുപ്രിയയുടെ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മൂന്ന് വർഷം മുമ്പായിരുന്നു സുപ്രിയയുടെ അച്ഛൻ മരണപ്പെടുന്നത്. വികാരഭരിതമായ കുറിപ്പിൽ തനിക്ക് അച്ഛനെ ഇപ്പോഴും മിസ് ചെയ്യുന്നുണ്ടെന്നാണ് സുപ്രിയ പറയുന്നത്. അച്ഛനെക്കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും തങ്ങൾക്കില്ലെന്നുംസുപ്രിയ പറയുന്നു.
ഡാഡി പോയിട്ട് ഇന്നേക്ക് മൂന്ന് വർഷമാകുന്നു. ഡാഡിെ കുറിച്ച് ഞങ്ങൾ ചിന്തിക്കാത്ത ഒരു ദിവസം പോലും ഞങ്ങളുടെ ജീവിതത്തിലില്ല. ഡാഡിയെ ഞാൻ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഡാഡിയോട് സംസാരിക്കുന്നതും ചെറിയ കാര്യങ്ങൾക്ക് പോലും ഫോണെടുത്ത് ഡാഡിയെ വിളിക്കുന്നതും അങ്ങനെയെല്ലാം.
ഡാഡിയുടെ നമ്പർ ഇപ്പോഴും എന്റെ സ്പീഡ് ഡയലിലുണ്ട്. എനിക്കത് ഡിലീറ്റാക്കാൻ സാധിക്കുന്നില്ല. ഞാൻ എത്തിയോ, എവിടെയാണ്, ഭക്ഷണം കഴിച്ചോ, എന്നൊക്കെ ഉറപ്പു വരുത്തുന്നത് പോലെയാണ് നിങ്ങളുടേതായ രീതിയിൽ ഞങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തിയിരുന്നത്. അന്ന് പക്ഷേ, ഞാൻ വളർന്നുവെന്ന് പറഞ്ഞ് ഞാൻ ദേഷ്യപ്പെടുമായിരുന്നു.
പക്ഷേ ഡാഡി.., ഇന്ന് ആ ഒരു ഫോൺ കോളിനായി ഞാൻ കാത്തിരിക്കുകയാണ്, അതിനായ് എന്ത് നൽകാനും ഞാൻ തയ്യാറാണ്. ചിലപ്പോഴൊക്കെ ഡാഡിയുടെ മണവും ഡാഡിയെ തൊടുന്നതും, ഡാഡിയുടെ പരുക്കനായ കൈകൾ കൊണ്ട് എന്റെ കയ്യിൽ പിടിക്കുന്നതുമെല്ലാം ഞാൻ മിസ് ചെയ്യുന്നുണ്ട്.
ഡാഡി എനിക്ക് തന്ന സ്‌നേഹത്തിന്റെ അടുത്തു പോലും ആർക്കും എത്താനാകില്ല. ഞാൻ ഡാഡിയെ എന്നും ഓർക്കാറുണ്ട്. ഒരുപാട് മിസ് ചെയ്യുന്നുവെന്നാണ് സുപ്രിയ മേനോൻ പറഞ്ഞത്. വളരെപ്പെട്ടെന്നാണ് സുപ്രിയയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
അതേസമയം, അച്ഛന്റെ അന്ത്യത്തിലേക്ക് നയിച്ച അസുഖത്തെക്കുറിച്ചും കുടുംബം അതിനെ നേരിട്ടതിനെക്കുറിച്ചുമൊക്കെ സുപ്രിയ മുമ്പ് പറഞ്ഞിരുന്നു. എന്റെ ഹൃദയത്തിന്റെ ഒരു വലിയ ഭാഗം നഷ്ടമായത് കഴിഞ്ഞ ഞായറാഴ്ചയാണ്, നവംബർ 14. പതിമൂന്നു മാസങ്ങളോളം കാൻസറിനോട് പൊരുതി എന്റെ ഡാഡി മടങ്ങിയത് അന്നാണ്.
എന്റെ എല്ലാമായിരുന്നു ഡാഡി. എന്നും സപ്പോർട്ടിവ് ആയിരുന്നു. തന്റെ തീരുമാനങ്ങളെ എന്റെ പുറത്ത് അടിച്ചേൽപ്പിക്കാൻ നോക്കാതെ, ഞാൻ ഇടറുകയോ വീഴുകയോ ചെയ്യുമ്പോൾ പിടിക്കാനായി എന്നുമെന്റെ നിഴൽ പോലെ പോന്നു. ഇന്ന് എന്റെ സ്വഭാവത്തിൽ ഉണ്ടെന്നു പറയുന്ന എല്ലാ നന്മയും അദ്ദേഹത്തിൽ നിന്നും കിട്ടിയതാണ്.’
എനിക്ക് പകർന്നു തന്ന പാഠങ്ങൾ എല്ലാം എന്റെ മകൾക്കും നൽകി. അവൾ ജനിച്ച അന്ന് മുതൽ തന്നെ ഡാഡി അവളെ ലാളിച്ചു തുടങ്ങി. അമ്മയ്‌ക്കൊപ്പം അല്ലിയും ഡാഡിയുടെ സന്തതസഹചാരിയായി. അവളെ നടക്കാൻ കൊണ്ട് പോവുക, നടക്കാൻ പഠിപ്പിക്കുക, കളിയ്ക്കാൻ കൊണ്ട് പോവുക, സ്‌കൂളിൽ നിന്നുമുള്ള പിക്കപ്പും ഡ്രോപ്പും, പാട്ട് ക്ലാസും എല്ലാം ഡാഡിയ്‌ക്കൊപ്പം ആയിരുന്നു. അങ്ങനെ അവളുടെയും ഡാഡിയായി അദ്ദേഹം എന്നാണ് സുപ്രിയ പറഞ്ഞിരുന്നത്.