News
ഇനി അതിജീവിതയ്ക്ക് വേണ്ടി എത്തുന്നത് സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍; നടി ആക്രമിക്കപ്പെട്ട കേസ് അന്തിമഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍
ഇനി അതിജീവിതയ്ക്ക് വേണ്ടി എത്തുന്നത് സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍; നടി ആക്രമിക്കപ്പെട്ട കേസ് അന്തിമഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ദിലീപ് എട്ടാം പ്രതി കൂടിയായ കേസ് കേരളക്കരയാകെ ഉറ്റു നോക്കുന്ന സംഭവം കൂടിയാണ്. ഇപ്പോള്‍ വര്‍ഷങ്ങളായി നടക്കുന്ന കേസിന്റെ വിചാരണ അന്തിമ ഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യര്‍ ഉള്‍പ്പടേയുള്ള പ്രധാന സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഇതോടൊപ്പം തന്നെയാണ് ദിലീപിന്റെ അഭിഭാഷകരെ കേസില്‍ പ്രതിചേര്‍ക്കണമെന്ന കാര്യം അതിജീവിത വീണ്ടും ശക്തമാക്കുന്നത്. തെളിവ് നശിപ്പിക്കല്‍, സാക്ഷികളെ കൂറുമാറ്റല്‍ തുടങ്ങി വലിയ ആരോപണങ്ങളാണ് അതിജീവിത ഉന്നയിക്കുന്നത്. ഈ ആവശ്യം കോടതിയില്‍ വീണ്ടും ശക്തമാക്കുമെന്നാണ് അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടിബി മിനി ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറയുന്നത്.
ഈ കേസിന്റെ അന്വേഷണം ഒരു പ്രത്യേക സ്ഥലത്ത് നിന്ന് പോയപ്പോഴാണ് ഞങ്ങള്‍ ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ കൊടുക്കുന്നത്. ആ പെറ്റീഷന്‍ കൊടുത്തതുകൊണ്ടാണ് ഇന്ന് ഈ കാണുന്ന തരത്തിലേക്കുള്ള ഡെവലപ്‌മെന്റിലേക്കെല്ലാം എത്തുന്ന തരത്തിലുള്ള സാഹചര്യമുണ്ടായതെന്നും ടിബി മിനി പറയുന്നു.
കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡില്‍ ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട അന്വേഷണം, തെളിവ് നശിപ്പിക്കുന്നുവെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം തുടങ്ങിയ കാര്യങ്ങളായിരുന്നു ആ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
ചില കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടേയുള്ള എല്ലാ ആളുകളും കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷവും ചാര്‍ജില്‍ ചില കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട്. കോടതിയില്‍ ഞങ്ങള്‍ കൊടുത്ത കേസും ഇതും പ്രസക്തമായി നിലനില്‍ക്കുന്നത് അതുകൊണ്ടാണ്. അന്വേഷിച്ച് പൂര്‍ത്തീകരിച്ചിട്ടില്ലാത്ത കാര്യങ്ങളും വെച്ചാണ് നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്നും ടിബി മിനി ചൂണ്ടിക്കാട്ടുന്നു.
കോടതിയുടെ മുമ്പില്‍ ഇപ്പോള്‍ തെളിവുകള്‍ ശേഖരിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. പ്രോസിക്യൂഷനും ഒരുപാട് തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടുകൊണ്ട് കോടതിക്കൊരു ബോധ്യമുണ്ടെങ്കില്‍ ഏത് ആളുകളേയും അതില്‍ പ്രതിയാക്കാനുള്ള അധികാരം ട്രയല്‍ കോടതിയ്ക്കുണ്ട്. അത് നടക്കണം.
എതിര്‍ഭാഗം വക്കീല്‍ നീണ്ടിക്കൊണ്ട് പോകുന്നത് കൊണ്ടാണ് ഞങ്ങളുടെ വാദം നീണ്ട് പോവുന്നത്. സുപ്രീംകോടതിയില്‍ നിന്നും ഏതെങ്കിലും സീനിയര്‍ അഭിഭാഷകനെ കൊണ്ടുവന്ന് ഇതിന്റെ വാദം പൂര്‍ത്തീകരിക്കാനാണ് ഞങ്ങള്‍ നിലവില്‍ ആലോചിക്കുന്നത്. ഒരു കേസ് ഫയല്‍ ചെയ്താല്‍ അതില്‍ കൗണ്ടര്‍ വെക്കുക എന്നുള്ളത് പ്രധാനാണ്. എന്നാല്‍ അത് കുറേ നീണ്ട് പോവുന്ന സാഹചര്യമാണ് ഇവിടെ വന്നിരിക്കുന്നത്.
വാദത്തിന് എത് സമയത്തും ഞങ്ങള്‍ തയ്യാറാണ്. കേസ് ഇപ്പോള്‍ തീരാറായി. ആ സാഹചര്യത്തിലെങ്കിലും പൂര്‍ണ്ണമായും വാദം പറഞ്ഞ് തീര്‍ക്കണമെന്ന നിലപാട് ഞങ്ങള്‍ക്കുണ്ട്. അന്വേഷണം പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് കുറ്റപത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കൃത്യമായി പറയുന്നുണ്ട്. അതാണ് ഞങ്ങളെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട കാര്യമെന്ന് പറയുന്നതെന്നും ടിബി മിനി പറയുന്നു.
കേസുമായി ബന്ധപ്പെട്ട് പറയുകയാണെങ്കില്‍ നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നു. നേരത്തെ ചില ആരോപണങ്ങളുണ്ടായിരുന്നു. അതൊന്നും ഇല്ലാതെ കൃത്യമായി തന്നെ മുന്നോട്ട് പോവുന്നുവെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. വിധിയെന്താവും എന്നൊന്നും പറയാന്‍ സാധിക്കില്ല. അതിനപ്പുറമുള്ള കാര്യങ്ങളാണ് പറയുന്നത്.
ബാലചന്ദ്രകുമാറിന്റെ വിസ്താരത്തിന് പല ഘട്ടങ്ങളുണ്ടായിരുന്നു. ആദ്യ മൊഴിയെടുപ്പിന് കുറച്ച് ദിവസങ്ങളെടുത്തു. ഇതിനിടയിലാണ് ബാലചന്ദ്രകുമാര്‍ രോഗബാധിതനാവുന്നത്. അദ്ദേഹം ഒരു നിര്‍ണ്ണായക സാക്ഷിയാണ്. ക്രോസും അതില്‍ പ്രധാനമാണ്. എല്ലാവര്‍ക്കും ബോധ്യപ്പെടുന്ന ഒരു സാഹചര്യത്തിലൂടെയാണ് അദ്ദേഹം ഇപ്പോള്‍ കടന്ന് പോവുന്നതെന്നും ടിബി മിനി വ്യക്തമാക്കുന്നു.
ക്രോസ് വിസ്താരം എത്ര ദിവസം വേണമെങ്കിലും നടത്താം. കോടതിക്ക് അതിനുള്ള അവകാശമുണ്ട്. കോടതിയില്‍ നമുക്ക് അതിനെ നിഷേധിക്കാനൊന്നും സാധിക്കില്ല. അത് നിഷേധിക്കാന്‍ പോവുകയുമില്ല. അതില്‍ ആരും ഇടപെടില്ല. എത്രസമയം എടുക്കാമെങ്കിലും അനന്തമായി നീട്ടിക്കൊണ്ടുപോവാതെ എല്ലാ സമയ ബന്ധിതമായി തീര്‍ക്കുന്നതിന്റെ ഷെഡ്യൂളിലായിരിക്കണം കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും അഭിഭാഷക കൂട്ടിച്ചേര്‍ക്കുന്നു.
ബാലചന്ദ്ര കുമാറിനെ ആദ്യഘട്ടത്തില്‍ പത്ത് ദിവസത്തോളം വിസ്തരിച്ചിരുന്നു.. പ്രതിഭാഗം ക്രോസ് വിസ്താരം പൂര്‍ത്തിയാകാനുണ്ട്. എന്നാല്‍ അനാരോഗ്യം കാരണം ബാലചന്ദ്ര കുമാറിന് ഉടനെ കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ല എന്നാണ് വിവരം. വൃക്ക രോഗത്തെ തുടര്‍ന്നാണ് ബാലചന്ദ്ര കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
അദ്ദേഹത്തെ ഡയാലിസിസിന് വിധേയമാക്കിയിരിക്കുകയാണ്. രണ്ട് വൃക്കകളും സ്തംഭിച്ച സാഹചര്യത്തില്‍ ബാലചന്ദ്ര കുമാറിനെ തുടര്‍ച്ചയായ ഡയാലിസിസിന് വിധേയമാക്കുകയാണ്. അദ്ദേഹത്തിന്റെ നിലവിലുളള ആരോഗ്യസ്ഥിതി പരിഗണിച്ചാല്‍ എറണാകുളം കോടതിയില്‍ വിസ്താരത്തിന് ഹാജരാകാന്‍ സാധിച്ചേക്കില്ല.
