Movies
അരൺമനൈ 3യുടെ വിജയത്തിന് പിന്നാലെ മൂക്കുത്തി അമ്മനിലേയ്ക്ക്; ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദർ സിയെന്ന് റിപ്പോർട്ടുകൾ
അരൺമനൈ 3യുടെ വിജയത്തിന് പിന്നാലെ മൂക്കുത്തി അമ്മനിലേയ്ക്ക്; ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദർ സിയെന്ന് റിപ്പോർട്ടുകൾ
തെന്നിന്ത്യൻ താര സുന്ദരി നയൻതാര പ്രധാന വേഷത്തിലെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു മൂക്കുത്തി അമ്മൻ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതായുള്ള വാർത്തകൾ വന്നിരുന്നു. രണ്ടാം ഭാഗത്തിൽ തൃഷയാണ് മുക്കുത്തിയമ്മനായി എത്തുന്നതെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ നയനാതാര തന്നെയാകുമെന്ന് അണിയറ പ്രവർത്തകര് ഔദ്യോഗികമായി അറിയിച്ചിരുന്നു.
ഇപ്പോഴിതാ നടനും സംവിധായകനുമായ സുന്ദർ സി ആയിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. അരൺമനൈ 3 എന്ന ചിത്രമാണ് സുന്ദറിന്റേതായി പുറത്തെത്തിയ ചിത്രം. സൂപ്പർഹിറ്റ് ആയി മാറിയിരുന്ന ചിത്രത്തിൽ തമന്നയും പ്രധാന വേഷത്തിലെത്തിയിരുന്നു.
2020-ൽ ആണ് മൂക്കുത്തി അമ്മൻ റിലീസ് ചെയ്യുന്നത്. ആർ ജെ ബാലാജി, എൻ ജെ ശരവണൻ എന്നിവർ സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. വളരെ കഷ്ടപ്പെട്ട് ജീവിതം നയിക്കുന്ന യുവാവിന് മുൻപിൽ അവരുടെ കുടുംബ ദേവതയായ മൂക്കുത്തി അമ്മൻ പ്രത്യക്ഷപ്പെടുന്നതും പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
ഉർവ്വശി, അജയ് ഘോഷ് തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. രണ്ടാം ഭാഗത്തിലും ഇതേ താരങ്ങൾ അണിനിരക്കും എന്നാണ് വിവരം. അതേസമയം, മലയാള ചിത്രമായ ‘ഡിയർ സ്റ്റുഡൻസ്’ ആണ് നയൻതാരയുടെ പുതിയ ചിത്രം, നിവിൻ പോളി നായകനായ ചിത്രത്തിന്റെ ചിത്രീകരണം ഫോർട്ട് കൊച്ചിയിൽ പുരോഗമിക്കുകയാണ്. കോളേജ് അദ്ധ്യാപികയുടെ വേഷത്തിലാണ് നയൻതാര എത്തുന്നത്.
‘ലൗ ആക്ഷൻ ഡ്രാമയ്ക്കു’ശേഷം നിവിൻ പോളിയും നയൻതാരയും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. 2019 സെപ്തംബർ അഞ്ചിന് ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിൽ എത്തിയ ചിത്രമായിരുന്നു ലൗ ആക്ഷൻ ഡ്രാമ. നിവിൻ പോളി – നയൻതാര കോമ്പോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ ഗോൾഡിനുശേഷം നയൻതാര അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ്.