Malayalam
ഒരു ചെറിയ പയ്യൻ അങ്ങോട്ടേയ്ക്ക് വന്നപ്പോൾ ഒരു വടിയെടുത്ത് അവനെ ഓടിച്ചു, സ്വന്തം മകനെ പോലെ രണ്ട് അടി പോലും പ്രണവിന് അന്ന് മമ്മൂട്ടി കൊടുത്തു; മണിരത്നം ഞെട്ടിയ സംഭവത്തെ കുറിച്ച് സുഹാസിനി
ഒരു ചെറിയ പയ്യൻ അങ്ങോട്ടേയ്ക്ക് വന്നപ്പോൾ ഒരു വടിയെടുത്ത് അവനെ ഓടിച്ചു, സ്വന്തം മകനെ പോലെ രണ്ട് അടി പോലും പ്രണവിന് അന്ന് മമ്മൂട്ടി കൊടുത്തു; മണിരത്നം ഞെട്ടിയ സംഭവത്തെ കുറിച്ച് സുഹാസിനി
ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേയ്ക്ക് ചുവട് വെയ്ക്കുകയാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിന്റെ പ്രൊമോഷൻ പരിപാടികളിലാണ് നടൻ ഇപ്പോൾ. അതിനാൽ തന്നെ മോഹൻലാലിന്റെ വിശേഷങ്ങളാണ് വൈറലായി മാറുന്നത്. ഈ വേളയിൽ അദ്ദേഹത്തിന്റെ പഴയകാല അഭിമുഖത്തിലെ ചില വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
നടി സുഹാസിനിയുമായുള്ള തമിഴ് അഭിമുഖത്തിൽ പ്രണവ് മോഹൻലാലിനെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രണവ് അവന്റെ ജീവിതം ആസ്വദിക്കുകയാണെന്ന് മോഹൻലാൽ പറഞ്ഞു. സ്കൂളിൽ ഞാൻ ബെസ്റ്റ് ആക്ടർ ആയിരുന്നു. പ്രണവും അതേ പോലെ തന്നെ. ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ ബെസ്റ്റ് ആക്ടർ ആയിരുന്നു.
പക്ഷെ പ്രണവിന് അവന്റേതായ ഒരു ജീവിതമുണ്ട്. അവന് ഒരുപാട് സിനിമകൾ ചെയ്യാൻ ഇഷ്ടമല്ല. യാത്ര ചെയ്യണം. ഇടയ്ക്ക് വന്ന് ഒരു സിനിമ ചെയ്യും. അത് പ്രണവിന്റെ ചോയ്സാണ്. ഞങ്ങൾക്കതിൽ പ്രശ്നമില്ല. അവൻ ജീവിതം ആസ്വദിക്കട്ടെ. ഡിഗ്രി പൂർത്തിയാക്കിയ ശേഷം ഇഷ്ടമുള്ളത് ചെയ്യൂ എന്നാണ് എന്റെ അച്ഛൻ എന്നോട് പറഞ്ഞത്.
പ്രണവിന്റെ പ്രായത്തിൽ എനിക്കും യാത്ര ചെയ്യാൻ ഇഷ്ടമായിരുന്നെന്നും മോഹൻലാൽ ഓർത്തു. പ്രണവിനെക്കുറിച്ച് അഭിമുഖത്തിൽ സുഹാസിനിയും സംസാരിച്ചു. പ്രണവിനൊപ്പം അഭിനയിച്ച ശേഷം നിങ്ങളുടെ മകൻ നല്ല ആക്ടറാണ്, നന്നായി പെരുമാറുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ അങ്ങനെയല്ലേ എന്ന് താങ്കൾ ചോദിച്ചിരുന്നെന്ന് സുഹാസിനി മോഹൻലാലിനെ ഓർമ്മിപ്പിച്ചു.
പ്രണവിനെക്കുറിച്ചുള്ള മറ്റൊരു ഓർമയും സുഹാസിനി പങ്കുവെച്ചു. മണിരത്നം മമ്മൂട്ടിയോട് കഥ പറയാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. ഒരു ചെറിയ പയ്യൻ അങ്ങോട്ടേയ്ക്ക് വന്നപ്പോൾ ഒരു വടിയെടുത്ത് അവനെ ഓടിച്ചു. ആരാണ് ആ പയ്യനെന്ന് ചോദിച്ചപ്പോൾ അവൻ പ്രണവ്, മോഹൻലാലിന്റെ മകനാണെന്ന് പറഞ്ഞു.
മണി ഷോക്കായി. സ്വന്തം മകനെ പോലെ രണ്ട് അടി പോലും അവന് അന്ന് മമ്മൂട്ടി കൊടുത്തെന്നും സുഹാസിനി ചിരിയോടെ ഓർത്തു. ഇത് കേട്ട് മോഹൻലാലും ചിരിച്ചു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലാണ്. മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ഇത്തരത്തിലുള്ള സൗഹൃദങ്ങൾ ഇപ്പോൾ മലയാള സിനിമയിലില്ലെന്നുമെല്ലാമാണ് പ്രേക്ഷകർ കുറിക്കുന്നത്.
അതേസമയം, മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നുവെന്നുള്ള വാർത്തയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 11 വർഷങ്ങൾക്കിപ്പുറമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ താര രാജാക്കന്മാർ ഒന്നിക്കുന്നത്. ശ്രീലങ്ക, യുകെ, അസർബൈജാൻ, ദുബായ്, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് പുരോഗമിക്കുക.
ഇരുവരും ഒന്നിക്കുന്നതിനെപ്പറ്റി അടുത്തിടെനടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് സോഷ്യല്‍മീഡിയായിലൂടെ ആദ്യസൂചന നല്‍കിയത്. ആശീര്‍വാദ് സിനിമാസും മമ്മൂട്ടി കമ്പനിയും ഒന്നിക്കുന്നു എന്നരീതിയിലുള്ള ആ പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. ബിഗ്ബജറ്റില്‍ ആണ് ചിത്രം എത്തുന്നത്.
1982-ല്‍ നവോദയായുടെ പടയോട്ടം എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും പ്രധാനവേഷങ്ങളില്‍ ആദ്യമായി ഒരുമിച്ചത്. അതില്‍ മോഹന്‍ലാലിന്റെ അച്ഛനായാണ് മമ്മൂട്ടി അഭിനയിച്ചത്. പിന്നീട് അഹിംസ, വാര്‍ത്ത, എന്തിനോ പൂക്കുന്ന പൂക്കള്‍, അവിടത്തെപ്പോലെ ഇവിടെയും, അടിയൊഴുക്കള്‍, കരിമ്പിന്‍പൂവിനക്കരെ, നമ്പര്‍ 20 മദ്രാസ് മെയില്‍, അതിരാത്രം, കരിയിലക്കാറ്റുപോലെ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, ഹരികൃഷ്ണന്‍സ് തുടങ്ങി 51 സിനിമകളില്‍ ഇരുവരും ഒരുമിച്ചു. ഇതിലേറെയും സൂപ്പര്‍ഹിറ്റുകളുമായിരുന്നു.
