ആ കഥാപാത്രം ചെയ്ത് കഴിഞ്ഞിട്ടും തന്റെ പുറകില്‍ തന്നെ ഉണ്ടായിരുന്നു. എന്നെ ഇപ്പോഴും വേട്ടയാടുന്നു ; സുധീര്‍ കരമന
ഭാവാഭിനയത്താല്‍ എന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടനാണ് സുധീര്‍ കരമന.ഇപ്പോഴിതാ തന്നെ വേട്ടയാടിയ ഒരു കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സുധീര്‍ കരമന. തന്നെ ഇന്നും പിന്തുടരുന്ന കഥാപാത്രം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അലിയാരാണെന്ന് കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്. തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയും താനുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ട്. താന്‍ ഏറെ ഇഷ്ടപ്പെടുന്ന വളരെക്കുറച്ച് എഴുത്തുകാരില്‍ ഒരാള്‍ കൂടിയാണ് മുരളി ഗോപി.
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അഭിനേതാവിന് ചില കഥാപാത്രങ്ങളില്‍ എത്തുമ്പോള്‍ അവിടെ ഇടിച്ചുനില്‍ക്കും. അതില്‍ ഇങ്ങനെ ഇടിച്ചുനിന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അലിയാരെന്നും അദ്ദേഹം പറഞ്ഞു. മുരളി ആ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ എത്രത്തോളം സീരിയസായിട്ടാണ് അദ്ദേഹം ആ റോളിനെ കണ്ടിരിക്കുന്നത് മനസിലായി.
പലപ്പോഴും ചില കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ നമ്മള്‍ ഉടുപ്പ് ഊരിയിട്ട് പോവുകയാണ്.എന്നാല്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അലിയാര്‍ അങ്ങനെ അല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അലിയാറിന്റെ അവസാനം ആ കഥാപാത്രത്തെ കൊല്ലാന്‍ ആരോ പുറകെ പോവുന്നുണ്ട്, കൊല്ലുന്നുമുണ്ട്.
ആ കഥാപാത്രം ചെയ്ത് കഴിഞ്ഞിട്ടും തന്റെ പുറകില്‍ തന്നെ ഉണ്ടായിരുന്നു. തന്നെ എറ്റവും കൂടുതല്‍ വേട്ടയാടിയത് അലിയാറാണ് എന്നും സുധീര്‍ കരമന പറഞ്ഞു. അത് എന്തുക്കൊണ്ടാണ് തന്നറിയില്ല. തന്റെ മനസില്‍ കയറിയ കഥാപാത്രമാണ്. ആ കഥാപാത്രത്തിലേക്ക് അത്രയ്ക്കും ഇറങ്ങിച്ചെന്നത് കൊണ്ടാവാം, ചിലപ്പോ ആ കഥാപാത്രത്തോടുളള ഇഷ്ടം കൊണ്ടാവും.
അതുമല്ലെങ്കില്‍ മുരളി ഗോപിയുടെ രചനയുടെ പ്രത്യേകതയാവാം, അരുണ്‍ കുമാര്‍ അരവിന്ദ് എടുത്തതിന്റെ പ്രത്യേകതയാവാം. സിനിമ കഴിഞ്ഞിട്ടും അലിയാര്‍ എന്ന കഥാപാത്രം തന്റെ പുറകെയുളളത് പോലെ പലപ്പോഴും തനിക്ക് തോന്നിട്ടുണ്ടെന്നും സുധിര്‍ കൂട്ടിച്ചേര്‍ത്തു
