Connect with us

കഥാചിത്രമെടുത്തവര്‍ക്ക് പ്‌ളേറ്റിലും നോണ്‍ ഫിക്ഷന്‍ സിനിമയെടുത്തവര്‍ക്ക് കുമ്പിളിലും കഞ്ഞി; ചെയര്‍മാന്‍ മാറി പുതിയ ചെയര്‍മാന്‍ വന്നിട്ടും വാഗ്ദാനങ്ങളെല്ലാം അവിടെ തന്നെ കിടക്കുന്നു

News

കഥാചിത്രമെടുത്തവര്‍ക്ക് പ്‌ളേറ്റിലും നോണ്‍ ഫിക്ഷന്‍ സിനിമയെടുത്തവര്‍ക്ക് കുമ്പിളിലും കഞ്ഞി; ചെയര്‍മാന്‍ മാറി പുതിയ ചെയര്‍മാന്‍ വന്നിട്ടും വാഗ്ദാനങ്ങളെല്ലാം അവിടെ തന്നെ കിടക്കുന്നു

കഥാചിത്രമെടുത്തവര്‍ക്ക് പ്‌ളേറ്റിലും നോണ്‍ ഫിക്ഷന്‍ സിനിമയെടുത്തവര്‍ക്ക് കുമ്പിളിലും കഞ്ഞി; ചെയര്‍മാന്‍ മാറി പുതിയ ചെയര്‍മാന്‍ വന്നിട്ടും വാഗ്ദാനങ്ങളെല്ലാം അവിടെ തന്നെ കിടക്കുന്നു

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചതിന് പിന്നാലെ വിവാദം. 2023 ഫെബ്രുവരി 10ന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിയായി ഇന്നലെയാണ് ചലച്ചിത്ര അക്കാദമി അപേക്ഷകള്‍ ക്ഷണിച്ചത്. ഡോക്യുമെന്ററി സിനിമകള്‍ അവാര്‍ഡിനായി പരിഗണിക്കുന്നതില്‍ നിന്നും ഒഴിവാക്കിയതിനെതിരെയാണ് പ്രതിഷേധം. രാംദാസ് കറ്റവള്ളൂര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

എല്ലാ വർഷത്തെയും പോലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി 10 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. പതിവു പോലെ , ഈ വർഷവും നോൺ ഫിക്ഷൻ / ഡോക്യുമൻററി വിഭാഗത്തിലുള്ള സിനിമകൾ അവാർഡിൻ്റെ പരിഗണനയിൽ ഇല്ല. കഥാചിത്രങ്ങൾക്ക് മാത്രമാണ് അവാർഡ്. ലോകത്ത് ഒരിടത്തും ഇല്ലാത്ത തരം വിവേചനമാണ് ഡോക്യുമെൻററി സിനിമകളോട് കേരളം പുലർത്തിക്കൊണ്ടിരിക്കുന്നത്.

ഡോക്യുമെൻ്ററി എന്നത് സിനിമാ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒന്നല്ലേ… ? ഫിക്ഷൻ സിനിമകളും താരമൂല്യമുള്ള സിനിമകളും ഒക്കെയാണ് കേമം എന്ന് പ്രേക്ഷകർക്ക് വേണമെങ്കിൽ ചിന്തിക്കാൻ അവകാശമുണ്ട്. കാരണം , കൂടുതൽ പേർക്കും സിനിമ , ഒരു എൻറർടെയിൻമെൻ്റ് മെറ്റീരിയൽ മാത്രമാണ്. എന്നാൽ സർക്കാരും , ചലച്ചിത്ര അക്കാദമിയും ഇതേ പൊതുബോധം തന്നെയാണ് കൊണ്ടു നടക്കുന്നത് എന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ദേശീയ ചലച്ചിത്ര അവാർഡ് നേടിയ മലയാളത്തിൽ നിന്നുള്ള ഡോക്യുമെൻററിയാണ് അനീസ് കെ മാപ്പിളയുടെ The Slave Genesis.

അങ്ങനെയൊരു നേട്ടം മലയാള സിനിമക്ക് കൈവരിക്കാനായത് ദേശീയ ചലച്ചിത്ര അവാർഡിൽ നോൺ ഫിക്ഷൻ / ഡോക്യുമെൻററി ഒരു പരിഗണന വിഭാഗം ആയതു കൊണ്ടാണ്. ഇക്കഴിഞ്ഞ 75 മത് കാൻസ് ചലച്ചിത്രമേളയിൽ Golden Eye പുരസ്കാരം നേടിയത് , ഷോനക് സെൻ സംവിധാനം ചെയ്ത ഇന്ത്യൻ ഡോക്യുമെൻററി All that breaths എന്ന സിനിമയാണ്.

ഞാൻ ചെയ്ത ‘മണ്ണ്’ പങ്കെടുത്ത വിദേശ മേളകൾ , ധാക്ക ഇൻറർനാഷണൽ ഫിലിം ഫസ്റ്റിവൽ ഉൾപ്പെടെ, എവിടെയും നോൺ ഫിക്ഷൻ സിനിമകൾക്ക് എന്തെങ്കിലും തരത്തിലുള്ള വിവേചനമോ , കഥാചിത്രമെടുത്തവർക്ക് പ്ളേറ്റിലും നോൺ ഫിക്ഷൻ സിനിമയെടുത്തവർക്ക് കുമ്പിളിലും കഞ്ഞി എന്ന ആറ്റിറ്റ്യൂഡോ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല , നോൺ ഫിക്ഷൻ സിനിമയെടുത്ത ഒരാൾ എന്ന നിലയിൽ കൂടുതൽ ആദരവ് കിട്ടുന്നതായിട്ടാണ് അനുഭവപ്പെട്ടത് പോലും. എന്തുകൊണ്ടാണ് മലയാള ചലച്ചിത്ര അവാർഡുകൾക്ക് ഡോക്യുമെൻററി സിനിമകളെ പരിഗണിക്കാത്തത് എന്നു ചോദിച്ചാൽ അക്കാദമി പറയുന്ന ഒരു വിചിത്ര വാദം , ഡോക്യുമെൻ്ററി സിനിമകൾ ടെലിവിഷൻ അവാർഡുകളുടെ കൂടെ പരിഗണിക്കുന്നുണ്ട് എന്നതാണ്.

അക്കാദമിയോട് തിരിച്ച് ചോദിക്കാനുള്ള കാര്യം , ഇന്ന് മലയാളത്തിലെ ഏത് ടെലിവിഷൻ ചാനലാണ് ഒരു ഡോക്യുമെൻററി സിനിമ സംപ്രേഷണം ചെയ്യുന്നത് …? അഥവാ ഉണ്ടെങ്കിൽ തന്നെ , അതത് ചാനലുകളുടെ സ്വന്തം പ്രൊഡക്ഷൻ അല്ലാതെ ( അതും ഏറിയാൽ ഇരുപത് / ഇരുപത്തഞ്ച് മിനിട്ട് മാത്രമുള്ളത് ) പുറത്തു നിന്നുള്ള ഒരു ഫീച്ചർ ലെങ്ത് സിനിമ മലയാളത്തിലെ ഏതെങ്കിലും ടെലിവിഷൻ ചാനലുകൾ ഇന്ന് സംപ്രേഷണം ചെയ്യാൻ തയ്യാറാവാറുണ്ടോ? അതിനുമപ്പുറം , ഡോക്യുമെൻററി സിനിമയെന്നാൽ ടെലിവിഷനിൽ കാണിക്കാനായി ഉണ്ടാക്കുന്ന ഒരു സാധനം എന്നാണോ അക്കാദമി പോലും ധരിച്ചു വച്ചിരിക്കുന്നത്..?

ടെലിവിഷൻ അവാർഡിൻ്റെ കൂടെ ഡോക്യുമെൻററി സിനിമകളെ പരിഗണിക്കേണ്ടത് , ടെലിവിഷനിൽ സംപ്രേഷണം ചെയ്ത ഡോക്യുമെൻററി സിനിമകൾ മാത്രമായിരിക്കണം.അതല്ലാത്ത , എല്ലാ ഡോക്യുമെൻ്ററി സിനിമകൾക്കും സംസ്ഥാന ചലച്ചിത്ര അവാർഡിൻ്റെ കൂട്ടത്തിൽ തന്നെയാണ് പരിഗണന കിട്ടേണ്ടത്. ഇത്രയും എഴുതിയത് , എൻ്റെ സിനിമക്ക് അവാർഡ് കിട്ടാൻ വേണ്ടിയാണ് എന്ന് കരുതരുത്. നോൺ ഫിക്ഷൻ സിനിമകൾക്കു കൂടി പങ്കെടുക്കാം എന്നൊരു തിരുത്തൽ ഈ സർക്കുലറിൽ വന്നാൽ പോലും ‘മണ്ണ്’ അവാർഡിന് സമർപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല.

അവാർഡിനു വേണ്ടി സിനിമയെടുത്തിട്ടില്ല എന്നതു കൊണ്ട് തന്നെയാണ് , സിനിമയെടുത്ത് മൂന്നു കൊല്ലം കഴിഞ്ഞിട്ടും , ദേശീയ ചലച്ചിത്ര അവാർഡിനും ഈ സിനിമ സമർപ്പിക്കാത്തതും.ഞാൻ വാദിക്കുന്നത് ഫിക്ഷൻ സിനിമകളോട് അക്കാദമിക്കും സർക്കാരിനും ഉള്ള വരേണ്യ പരിഗണന തിരുത്താൻ വേണ്ടിയാണ്. മാർജിനലൈസ്ഡ് ആയ മനുഷ്യരുടെ സത്യസന്ധമായ ജീവിതാഖ്യാനങ്ങൾ , അനുഭവങ്ങൾ മുന്നോട്ടു വക്കുന്ന എത്ര ഫിക്ഷൻ സിനിമകൾ എണ്ണാൻ കഴിയും.. ? ആ രേഖപ്പെടുത്തൽ ഏറിയ പങ്കും നടന്നിട്ടുള്ളത് ഡോക്യുമെൻ്ററി സിനിമകളിലൂടെയാണ്. അവാർഡിന് പരിഗണിക്കപ്പെടാം എന്ന് വന്നാൽ പോലും , സർക്കാരുകൾക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത , ഒരു പക്ഷേ സർക്കാർ പ്രമോഷൻ ഡോക്യുമെൻററി സിനിമകൾ ഒക്കെ തന്നെയാകും അവാർഡ് നേടുക.

ആ പഴുതുകൾ ഒക്കെ നിൽക്കുമ്പോഴും , ഡോക്യുമെൻററി സിനിമകളെ , സിനിമകളുടെ ശ്രേണിയിൽ തന്നെ പരിഗണിക്കപ്പെടുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെ വന്നാൽ , ഫിക്ഷൻ ആഖ്യാനങ്ങൾക്ക് വെളിയിൽ നിൽക്കുന്ന വിഷയങ്ങൾ കൂടി പറയാൻ കൂടുതൽ ആളുകൾ മുന്നോട്ടു വരും, ഡോക്യുമെൻററി സിനിമകൾ കൂടി കാണുന്ന സിനിമാ പ്രേക്ഷകസമൂഹവും വലുതായി വരും.. ‘മണ്ണ് ‘ പ്രദർശിപ്പിച്ച IDSFFK യുടെ ഓപ്പൺ ഫോറത്തിൽ ക്ഷണിതാവായ സമയത്ത് ഈ വിഷയം പറഞ്ഞപ്പോൾ സദസ്സിൻ്റെ ഭാഗത്തു നിന്ന് വലിയ acceptance ആണ് കിട്ടിയത്.

അന്ന് സദസ്സിൽ ഉണ്ടായിരുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, ഇക്കാര്യം പരിഗണനക്ക് എടുക്കാം എന്നും, സർക്കാരിനെ കൊണ്ട് തിരുത്തിക്കാം എന്നും അവിടെ വച്ചു തന്നെ വാഗ്ദാനം ചെയ്തതുമാണ്. ചെയർമാൻ മാറി , പുതിയ ചെയർമാൻ വന്നു.. വാഗ്ദാനങ്ങളെല്ലാം അവിടെ തന്നെ കിടന്നു , അക്കാദമി ഇപ്പോഴും കഥാചിത്രങ്ങളെ അവാർഡുകൾക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്നു…! സിനിമയെ ഒരു കലാസൃഷ്ടിയായി പരിഗണിക്കുമ്പോൾ , ഫിക്ഷൻ സിനിമകൾക്കു മാത്രമായി എന്തു വരേണ്യതയാണ് ഉള്ളത്.. ?ഈ സർക്കുലർ തിരുത്തണം , ഈ വർഷം തന്നെ ഡോകുമെൻ്ററി സിനിമകൾ കൂടി സംസ്ഥാന ചലച്ചിത്ര അവാർഡിലേക്ക് പരിഗണിക്കപ്പെടണം എന്നാവശ്യപ്പെട്ട് , സമാനമനസ്കരുടെ കൂടി പിന്തുണയോടെ ഒരു കാംപെയ്ൻ തുടങ്ങിയാലോ എന്നു കൂടി ആലോചിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു…

More in News

Trending

Recent

To Top