Malayalam
താന്‍ ഒരുപാട് സിനിമകളില്‍ സൈനികനായി അഭിനയിച്ചിട്ടുണ്ട്, തനിക്ക് കേണല്‍ പദവി ലഭിക്കാന്‍ സാധ്യതയുണ്ടോ എന്നാണ് മോഹന്‍ലാല്‍ വിളിച്ച് ചോദിച്ചത്; ശ്രീനിവാസന്‍
താന്‍ ഒരുപാട് സിനിമകളില്‍ സൈനികനായി അഭിനയിച്ചിട്ടുണ്ട്, തനിക്ക് കേണല്‍ പദവി ലഭിക്കാന്‍ സാധ്യതയുണ്ടോ എന്നാണ് മോഹന്‍ലാല്‍ വിളിച്ച് ചോദിച്ചത്; ശ്രീനിവാസന്‍
മലയാള സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോംബോയാണ് മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ട്. അവരുടെ ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിയും കൗണ്ടര്‍ ടൈമിംഗും ആവര്‍ത്തിച്ച് കണ്ട് പൊട്ടിച്ചിരിക്കാത്ത പ്രേക്ഷകര്‍ ആരും തന്നെ ഉണ്ടാവാന്‍ ഇടയില്ല. ഇവര്‍ ഒന്നിച്ചെത്തിയ നാടോടിക്കാറ്റിലെ ദാസനും വിജയനും ഒക്കെ മലയാളികള്‍ ഇന്നും ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്ന കഥാപാത്രങ്ങളാണ്.
ഇന്നും ടെലിവിഷനില്‍ മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടിലെ ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ ഏറെയാണ്. ഇനിയും ഇവരെ ഒരുമിച്ച് ബിഗ് സ്‌ക്രീനില്‍ കാണണമെന്ന് ആഗ്രഹിക്കുന്ന സിനിമാ പ്രേമികളും ധാരാളമാണ്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് താരസംഘടനയായ അമ്മയുടെ മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ്‌സ് എന്ന പരിപാടിയില്‍ മോഹന്‍ലാലും ശ്രീനിവാസനും ഒരേ വേദിയില്‍ എത്തിയിരുന്നു.
അസുഖ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രീനിവാസന്‍ അതില്‍ നിന്നൊക്കെ മുകതനായി തിരിച്ചെത്തിയപ്പോള്‍ സ്‌നേഹചുംബനം നല്‍കിയാണ് മോഹന്‍ലാല്‍ സ്വീകരിച്ചത്. ശ്രീനിയെ ചേര്‍ത്തുപിടിച്ച് കവിളില്‍ മുത്തം നല്‍കുന്ന മോഹന്‍ലാലിന്റെ ദൃശ്യങ്ങള്‍ അന്ന് ആരാധകര്‍ ഏറ്റെടുത്തിരുന്നു.
മരണക്കിടക്കയില്‍ നിന്ന് തിരിച്ചെത്തുന്ന പ്രിയ സുഹൃത്തിനെ ഇങ്ങനെയല്ലാതെ എങ്ങനെയാണു സ്വീകരിക്കുക എന്നാണ് അന്ന് സോഷ്യല്‍ മീഡിയ പറഞ്ഞത്. അതിനു ശേഷം ആ സന്ദര്‍ഭത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത് പെട്ടെന്ന് ശ്രീനിയെ അങ്ങനെ കണ്ടപ്പോള്‍ തനിക്ക് പഴയ കാര്യങ്ങളൊക്കെ ഓര്‍മ്മ വന്നെന്നും അങ്ങനെ തനിയെ സംഭവിച്ചതാണ് ആ രംഗമെന്നുമാണ്.
എന്നാല്‍ ഇപ്പോഴിതാ, അതേക്കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മോഹന്‍ലാലിനെ കംപ്ലീറ്റ് ആക്ടര്‍ എന്ന വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലായി എന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്റെ ഇത്തരമൊരു പരാമര്‍ശം.
‘ഒരു ചാനല്‍ പരിപാടിയില്‍ വച്ച് മോഹന്‍ലാല്‍ എന്നെ പിടിച്ചു ഉമ്മ വയ്ക്കുന്നുണ്ട്. ചാനലുകാര്‍ എന്നോട് വന്നു ചോദിച്ചു ഈ ഒരു അവസരത്തില്‍ എന്താണ് തോന്നിയത് എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞ മറുപടി മോഹന്‍ലാലിനെ കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്നത് വെറുതെ അല്ല എന്ന് മനസിലായി ‘ എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. എന്തെങ്കിലും മോഹന്‍ലാലിന്റെ ഒപ്പം ചെയ്യാന്‍ സാധ്യത ഉണ്ടോ എന്ന് ചോദിക്കുമ്പോളും പരിഹാസരൂപത്തില്‍ ഉള്ള മറുപടിയായിരുന്നു ശ്രീനിവാസന്‍ നല്‍കിയത്.
അതിനിടെ സൂപ്പര്‍ സ്റ്റാര്‍ ഡോക്ടര്‍ സരോജ് കുമാര്‍ എന്ന തന്റെ ചിത്രത്തെ കുറിച്ചും ശ്രീനിവാസന്‍ സംസാരിച്ചിരുന്നു. സൂപ്പര്‍സ്റ്റാര്‍ സുരാജ് കുമാര്‍ എന്ന സിനിമയെടുക്കാന്‍ പ്രചോദനമായ ഒരു കാര്യമുണ്ടെന്ന് പറഞ്ഞ് മോഹന്‍ലാലിന് കേണല്‍ പദവി കിട്ടിയത് ചോദിച്ചു വാങ്ങിയത് ആണെന്ന നിലയ്ക്കും ശ്രീനിവാസന്‍ സംസാരിച്ചു.
രാജീവ് നാഥ് എന്നൊരു സംവിധായകനുണ്ട്. പുള്ളി കഴക്കൂട്ടം സൈനിക സ്‌കൂളില്‍ പഠിച്ചതാണ്. കപില്‍ ദേവിന് കേണല്‍ പദവി കിട്ടിയപ്പോള്‍ മോഹന്‍ലാല്‍ ലണ്ടനിലാണ്. അവിടെ നിന്ന് മോഹന്‍ലാല്‍ രാജീവ് നാഥിനെ വിളിച്ചു. താന്‍ ഒരുപാട് സിനിമകളില്‍ സൈനികനായി അഭിനയിച്ചിട്ടുണ്ടെന്നും തനിക്ക് കേണല്‍ പദവി ലഭിക്കാന്‍ സാധ്യതയുണ്ടോ എന്നും ചോദിച്ചു. ഇവര്‍ ശ്രമിച്ചിട്ടാണ് ഈ അവാര്‍ഡുകളൊക്കെ വാങ്ങുന്നത് എന്നതാണ് സിനിമയെടുക്കാനുള്ള എന്റെ പ്രചോദനം.
ഇത് രാജീവ് നാഥ് തന്നെ തുറന്നു പറഞ്ഞ കാര്യമാണ്. ഇതിലൂടെ എനിക്ക് മനസിലായി ഈ പുരസ്‌കാരങ്ങളെല്ലാം വെറുതെ ഇരുന്ന് കിട്ടുന്നതല്ല, പരിശ്രമിച്ച് വാങ്ങിയെടുക്കുന്നതാണെന്ന്. അതിനെ പരിഹസിക്കാന്‍ നമുക്ക് തോന്നുന്നത് തെറ്റല്ലല്ലോ എന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. അതേസമയം, ഇതേ അഭിമുഖത്തില്‍ മോഹന്‍ലാലുമായി അത്ര നല്ല ബന്ധമല്ലെന്നും മരിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് എഴുതുമെന്നും ശ്രീനിവാസന്‍ പറയുന്നുണ്ട്.
‘മോഹന്‍ലാലുമായി ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് അതിനെ പറ്റിയെല്ലാം എഴുതും. മോഹന്‍ലാല്‍ എല്ലാം തികഞ്ഞ നടനാണ്’ എന്നാണ് ശ്രീനിവാസന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
നേരത്തെയും ശ്രീനിവാസനും മോഹന്‍ലാലും തമ്മിലുള്ള പ്രശ്‌നങ്ങളെ കുറിച്ച് പലവിധത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നമെന്താണെന്ന് താരങ്ങള്‍ ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. ഇതിനിടെ മഴവില്‍ അവാര്‍ഡ്‌സ് വേദിയിലെ ഇവരുടെ സൗഹൃദം ഇവര്‍ക്കിടയിലെ മഞ്ഞുരുകി എന്ന സൂചനയാണ് നല്‍കിയത്.
എന്നാല്‍ ശ്രീനിവാസന്‍ വീണ്ടും മോഹന്‍ലാലിന് എതിരെ രംഗത്ത് എത്തുമ്പോള്‍ ആരാധകര്‍ക്കിടയില്‍ ചെറുതല്ലാത്ത അസ്വസ്ഥത ഇത് ഉണ്ടാകുന്നുണ്ട്. അതേസമയം, രോഗാവസ്ഥയെ അതിജീവിച്ചതിന് പിന്നാലെ വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. ‘കുറുക്കന്‍’ എന്ന സിനിമയാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. മകന്‍ വിനീത് ആണ് ചിത്രത്തില്‍ നായകനാകുന്നത്.