Malayalam
ആരോഗ്യരംഗത്തെ ചൂഷണങ്ങള്‍ക്കെതിരെയാണ് ഞാൻ ശബ്ദമുയർത്തുന്നത്; ശ്രീനിവാസൻ
ആരോഗ്യരംഗത്തെ ചൂഷണങ്ങള്‍ക്കെതിരെയാണ് ഞാൻ ശബ്ദമുയർത്തുന്നത്; ശ്രീനിവാസൻ
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി നടന്‍ ശ്രീനിവാസന്‍. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും രോഗങ്ങള്‍ക്ക് ശാശ്വത പരിഹാരമില്ലാത്ത ചികിത്സാ സമ്പ്രദായമാണ് അലോപ്പതിയെന്ന് വീണ്ടും വെട്ടി തുറന്ന് ശ്രീനിവാസൻ. അലോപ്പതി ചികിത്സാരീതിയെ വിമര്‍ശിക്കുന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് ശ്രീനിവാസൻ എത്തിയിരുന്നു . വൈറ്റമിന്‍ സി കൊവിഡിന് പ്രതിരോധം ആകുമെന്ന നടന്‍ ശ്രീനീവാസന്റെ
പരാമര്‍ശമാണ് വിവാദത്തിനിടവെച്ചത്.
‘ഈ രംഗത്ത് ഗവേഷണം നടത്തുന്ന ചിലരുടെ അനുഭവങ്ങളും അറിവുകളുമാണ് ഞാന്‍ പങ്കുവെച്ചത്. അവരില്‍ ചിലരെ എനിക്കു നേരിട്ടറിയാം. മറ്റു ചിലരെ വായനയിലൂടേയും. അതിന്റെ ആധികാരികത തെളിയിക്കേണ്ടത് ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. ഞാന്‍ ആരോഗ്യരംഗത്ത് ഗവേഷണം നടത്തിയ ആളല്ല. ഇത് കേരളത്തിലെ ചികിത്സാരീതിയെക്കുറിച്ചോ ഇപ്പോള്‍ നടപ്പാക്കുന്ന ആരോഗ്യപ്രവര്‍ത്തനങ്ങളെകുറിച്ചോ ഉള്ള വിമര്‍ശനവുമല്ല. ഇപ്പോഴത്തെ നടത്തിപ്പില്‍ എന്തെങ്കിലും പാകപ്പിഴയുണ്ടെന്നു തോന്നിയാല്‍ അക്കാര്യം തുറന്നുപറയാന്‍ മടിയുമില്ല. പക്ഷെ ഇതുവരെ എനിക്കങ്ങനെ തോന്നിയിട്ടുമില്ല.
ആരോഗ്യരംഗത്തെ ചൂഷണങ്ങള്‍ക്കെതിരേ മാത്രമാണ് ഞാനെന്നും ശബ്ദമുയര്‍ത്തിയിട്ടുള്ളത്. അത്യാവശ്യഘട്ടങ്ങളില്‍ ആശുപത്രിയുടേയും ഡോക്ടര്‍മാരുടേയും സഹായം തേടുന്ന സാധാരണ മനുഷ്യനാണ് ഞാന്‍. ചില പുതിയ ചിന്തകള്‍ ഉണ്ടാകുന്നത് നല്ലതാണെന്നു തോന്നിയപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് ലേഖനമായി വന്നത്. അത് ഉടന്‍ നടപ്പാക്കേണ്ട കാര്യങ്ങളാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. രോഗങ്ങള്‍ക്ക് ചികിത്സ നിശ്ചയിക്കേണ്ടത് ആ രംഗത്തുള്ളവര്‍ തന്നെയാണ് വ്യത്യസ്തമായ ഒരു അഭിപ്രായമുണ്ടായാല്‍ അതു തുറന്നുപറയും. തെറ്റുണ്ടെങ്കില്‍ തിരുത്തി സത്യം ബോദ്ധ്യപ്പെടുത്തേണ്ടത് ആ രംഗത്തെ വിദഗ്ധരാണ് ‘-ശ്രീനിവാസന്‍ പറയുന്നു
sreenivasan