Connect with us

ഒരു സുപ്രഭാതത്തില്‍ സുരേഷ് ഗോപിയെന്ന നടൻ അപ്രതീക്ഷിതമായി; യാദൃച്ഛികത മാത്രമോ.. തൽപര കക്ഷികളുടെ ഗൂഢ ശ്രമങ്ങളോ? സംശയമുന്നയിച്ച് ശ്രീകുമാരൻ തമ്പി…

Malayalam Breaking News

ഒരു സുപ്രഭാതത്തില്‍ സുരേഷ് ഗോപിയെന്ന നടൻ അപ്രതീക്ഷിതമായി; യാദൃച്ഛികത മാത്രമോ.. തൽപര കക്ഷികളുടെ ഗൂഢ ശ്രമങ്ങളോ? സംശയമുന്നയിച്ച് ശ്രീകുമാരൻ തമ്പി…

ഒരു സുപ്രഭാതത്തില്‍ സുരേഷ് ഗോപിയെന്ന നടൻ അപ്രതീക്ഷിതമായി; യാദൃച്ഛികത മാത്രമോ.. തൽപര കക്ഷികളുടെ ഗൂഢ ശ്രമങ്ങളോ? സംശയമുന്നയിച്ച് ശ്രീകുമാരൻ തമ്പി…

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യൻ സംവിധാന രംഗത്തേക്ക് തുടക്കം കുറിച്ച സിനിമയാണ് വരനെ ആവശ്യമുണ്ട്. ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്. സിന്ദൂരരേഖ, മണിച്ചിത്രത്താഴ്, രജപുത്രന്‍, കമ്മീഷ്ണര്‍ അങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ഈ ജോടി പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്.

അതെ സമയം തന്നെ മലയാള സിനിമയൽ മികവുറ്റ കഥാപാത്രങ്ങൾ ചെയ്ത സുരേഷ് ഗോപി ഒരു സുപ്രഭാതത്തില്‍ അഭിനയ രംഗത്തു നിന്ന് എങ്ങനെയാണ് ആ നടന്‍ അപ്രത്യക്ഷനായത് എന്ന ചോദ്യവുമായി ശ്രീകുമാരൻ തമ്പി .അതിന്റെ പിന്നില്‍ കേവലം യാദൃച്ഛികത മാത്രം ആണോ ഉണ്ടായിരുന്നത്? അതോ തൽപര കക്ഷികളുടെ ഗൂഢ ശ്രമങ്ങളോ എന്ന ചോദ്യവും ശ്രീകുമാർ തമ്പി ഉന്നയിക്കുന്നുണ്ട്. സിനിമ കണ്ടതിന് ശേഷം പ്രശംസിച്ച് കൊണ്ട് എഴുതിയ കുറിപ്പിലാണ് ഈ സംശയം ഉന്നയിച്ചത്

പ്രണയത്തിന്റെ അവസ്ഥാന്തരങ്ങള്‍ എന്ന തലക്കെട്ടോടെയാണ് ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ് തുടങ്ങുന്നത്

അനൂപ് സത്യന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ”വരനെ ആവശ്യമുണ്ട്” എന്ന ചിത്രം ആദ്യ ദിവസം തന്നെ കാണണം എന്നുണ്ടായിരുന്നെങ്കിലും അന്ന് ഞാന്‍ വിദേശത്തായിരുന്നതു കൊണ്ട് ഇന്നലെ മാത്രം ആണ് കാണാന്‍ അവസരം ലഭിച്ചത്. പ്രണയത്തിന്റെ കാര്യത്തില്‍ പഴയ തലമുറയും പുതിയ തലമുറയും എങ്ങനെ വ്യത്യസ്തരാകുന്നു, പുതിയ തലമുറയുടെ മാറി വരുന്ന കാഴ്ചപ്പാടുകള്‍ എങ്ങനെയൊക്കെ എന്ന് ഈ ചിത്രത്തില്‍ അതിസമര്‍ത്ഥമായി ആവിഷ്‌കരിച്ചിരിക്കുന്നു.

സുരേഷ് ഗോപിയെയും ശോഭനയെയും ദീര്‍ഘകാലത്തിനു ശേഷം വീണ്ടും ഒരുമിച്ച് ഒരു ചിത്രത്തില്‍ കൊണ്ടു വരാന്‍ മുന്‍കൈ എടുത്ത ഈ ചിത്രത്തിന്റെ നിര്‍മാതാവും പ്രധാന നടനുമായ ദുല്‍ഖര്‍ സല്‍മാനെയും സംവിധായകന്‍ അനൂപ് സത്യനെയും ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. ‘സെക്കൻഡ് ഷോ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് വന്ന നാള്‍ മുതല്‍ ദുൽഖര്‍ സല്‍മാന്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ്. അഭിനയത്തില്‍ അദ്ദേഹം കാണിക്കുന്ന അനായാസതയും അവധാനതയും പല നടന്മാര്‍ക്കും മാര്‍ഗ്ഗ ദര്‍ശകം ആകേണ്ടതാണ്.

”ഓര്‍മ്മയുണ്ടോ ഈ മുഖം ?” എന്ന് ചോദിച്ചു കൊണ്ട് തോക്ക് ചൂണ്ടാനും സംഘട്ടന രംഗങ്ങള്‍ അഭിനയിക്കാനും മാത്രം അറിയുന്ന ഒരു നടന്‍ അല്ല സുരേഷ് ഗോപി എന്ന് തുടക്കത്തില്‍ തന്നെ അദ്ദേഹത്തെ പരീക്ഷിച്ചറിഞ്ഞ എനിക്ക് എല്ലാ കാലത്തും ഉറപ്പുണ്ടായിരുന്നു. ഉദ്ദേശ്യശുദ്ധിയോടെ നിര്‍മിക്കപ്പെട്ട അനവധി സിനിമകളിലെ പ്രകടനത്തിലൂടെ സുരേഷ് അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

എന്നിട്ടും ഒരു സുപ്രഭാതത്തില്‍ അഭിനയ രംഗത്തു നിന്ന് എങ്ങനെയാണ് ആ നടന്‍ അപ്രത്യക്ഷനായത്? അതിന്റെ പിന്നില്‍ കേവലം യാദൃച്ഛികത മാത്രം ആണോ ഉണ്ടായിരുന്നത്? അതോ തൽപര കക്ഷികളുടെ ഗൂഢ ശ്രമങ്ങളോ ? ഏതായാലും നിര്‍മാതാവായ ദുല്‍ക്കര്‍ സല്‍മാനും സംവിധായകന്‍ അനൂപ് സത്യനും പൂച്ചയുടെ കഴുത്തില്‍ ആദ്യം ആര് മണി കെട്ടും? എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുന്നു.

ഈ ചെറുപ്പക്കാര്‍ തനിക്കു നല്‍കിയ അവസരം സുരേഷ് ഗോപി എന്ന നടന്‍ സൂക്ഷ്മതയോടെയും അതീവ ചാരുതയോടെയും കൈകാര്യം ചെയ്തിട്ടുമുണ്ട്.. ഒരൊറ്റ നോട്ടത്തില്‍ പത്തു വാക്യങ്ങളുടെ അർഥം കൊണ്ടു വരാന്‍ കഴിവുള്ള ശോഭന എന്ന അഭിനേത്രിയുടെ സാന്നിധ്യം കൂടി ആയപ്പോള്‍ സ്വർണത്തിനു സുഗന്ധം ലഭിച്ചതു പോലെയായി.. അവര്‍ രണ്ടുപേരും ഒരുമിക്കുന്ന എല്ലാ മുഹൂര്‍ത്തങ്ങളും അതീവ ചാരുതയാര്‍ന്നവയാണ്. മലയാളത്തിന്റെ പ്രിയ നടി ഉര്‍വശി തനിക്കു കിട്ടിയ ചെറിയ വേഷം സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ എത്ര മനോഹരമാക്കിയിരിക്കുന്നു ! അച്ഛന്‍ സത്യന്‍ അന്തിക്കാടിന്റെ പ്രിയ നടിയായ കെപിഎസി ലളിതയെ മകനും ഒഴിവാക്കിയിട്ടില്ല. ” ആകാശവാണി” അത്യുജ്ജ്വലം!

ആദ്യ പകുതിയുടെ ദൈര്‍ഘ്യം ലേശം കുറയ്ക്കാമായിരുന്നു എന്ന് തോന്നി. എന്നാല്‍ രണ്ടാം പകുതി അത്യധികം നന്നായി. ഗാനരംഗങ്ങളും ചെന്നൈ നഗരദൃശ്യങ്ങളും മികച്ച രീതിയില്‍ പകര്‍ത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ഛായാഗ്രഹണവും നന്നായി. മമ്മൂട്ടിയുടെ മകനും പ്രിയദര്‍ശന്റെ മകളും ഒരുമിച്ചു വരികയും മികച്ച അഭിനയം കൊണ്ടു കാണികളെ കീഴടക്കുകയും ചെയ്യുമ്പോള്‍ ഏതു മലയാളിക്കാണ് അഭിമാനം തോന്നാതിരിക്കുക മലയാള സിനിമയുടെ ഇപ്പോഴത്തെ കാലാവസ്ഥയില്‍ ഇതു പോലുള്ള ചിത്രങ്ങള്‍ വിജയിക്കേണ്ടത് അത്യാവശ്യമാണ്.

അർഥശൂന്യമായ ചേരിതിരിവുകള്‍ക്ക് അടിമകളാകാതെ ഈ ചിത്രം തീര്‍ച്ചയായും കണ്ടിരിക്കണം എന്ന് മലയാള സിനിമയെ സ്‌നേഹിക്കുന്ന എല്ലാ സുഹൃത്തുക്കളോടും ഞാന്‍ അഭ്യർഥിക്കുന്നു.

ചെന്നൈയിൽ സ്ഥിരതാമസമാക്കിയ രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. കല്യാണി, ശോഭന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നത് . സുരേഷ് ഗോപിയും ദുൽഖറും മറ്റു പ്രധാനകഥാപാത്രങ്ങലുമായി ചിത്രത്തിൽ എത്തുന്നു. ഒരേ സമയം ദുൽഖർ നിർമിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന സിനിമ കൂടിയാണ്.

കുടുംബ പ്രേക്ഷകരെ ആസ്വദിപ്പിക്കാനാകുന്ന കഥയും കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും കൊണ്ട് സമ്പന്നമാണ് ‘വരനെ ആവശ്യമുണ്ട്’ എങ്കിലും സുരേഷ് ഗോപിയുടെയും ശോഭനയുടെയും പ്രകടനങ്ങളുടെ മികവ് കൊണ്ടാവും മലയാള സിനിമാ ചരിത്രത്തില്‍ അടയാളയപ്പെടുക.

sreekumaran thambi

More in Malayalam Breaking News

Trending

Recent

To Top