News
‘പോയ ഒടിയന്‍ ഒരു തള്ളു വണ്ടിയില്‍ തിരിച്ചു വന്നു’; വീഡിയോ പങ്കുവെച്ച് ശ്രീകുമാര്‍ മേനോന്‍
‘പോയ ഒടിയന്‍ ഒരു തള്ളു വണ്ടിയില്‍ തിരിച്ചു വന്നു’; വീഡിയോ പങ്കുവെച്ച് ശ്രീകുമാര്‍ മേനോന്‍
അടുത്തിടെയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഓഫീസിന് മുന്നില്‍ നിന്ന് മോഹന്‍ലാലിന്റെ ഒടിയന്‍ ശില്പം കാണാതെ പോയത്. ഈ വിവരം സംവിധായകന്‍ തന്നെയാണ് അറിയിച്ചതും. ഓഫീസിന് മുന്നില്‍ രണ്ട് ഒടിയന്‍ ശില്‍പങ്ങളില്‍ ഒന്നാണ് കാണാതായതെന്നും അവധി കഴിഞ്ഞ് ഓഫീസില്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം തിരിച്ചറിഞ്ഞതെന്നുമായിരുന്നു ശ്രീകുമാര്‍ പറഞ്ഞത്.
ഒപ്പം തന്നെ ശില്‍പം കടത്തിയ ആള്‍ സംവിധായകന് അയച്ച ഒരു ശബ്ദ സന്ദേശവും സിസിടിവി വീഡിയോക്കൊപ്പം സംവിധായകന്‍ പങ്കിട്ടിരുന്നു. ഇപ്പോഴിതാ പോയ ഒടിയന്‍ തിരികെ വന്നിരിക്കുകയാണ്.
‘പോയ ഒടിയന്‍ പാലക്കാട്ടെ പുഷ് 360 ഓഫീസില്‍ ഒരു തള്ളു വണ്ടിയില്‍ തിരിച്ചു വന്നു. എടുത്തു കൊണ്ടുപോയ ആരാധകന്‍ തന്നെ അതൊരു വണ്ടിക്കാരനെ ഏല്‍പ്പിച്ചു മടക്കി തന്നു. വീഡിയോയില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ദൃശ്യത്തില്‍ കാണുന്നത് മടക്കി കൊണ്ടു വരവ് ഏറ്റെടുത്ത പ്രിയപ്പെട്ട വണ്ടിക്കാരനാണ്.
അല്ലാതെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എടുത്തു കൊണ്ടു പോയ ശേഷം മടക്കി തന്ന ആ ആരാധകനല്ല. എഡിറ്റിംഗും മ്യൂസിക്കും ഓഫീസിലെ രസികന്മാര്‍. നന്ദി, പ്രിയ ആരാധകന്. മടക്കി തന്ന സ്‌നേഹത്തിന്..’ വീഡിയോ പങ്കുവച്ചുകൊണ്ട് ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ എഴുതി.
ചിത്രത്തിന്റെ പ്രൊമോഷനായി നിര്‍മ്മിച്ചതാണ് പ്രതിമകള്‍. 2018ല്‍ ആയിരുന്നു മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ ചിത്രം ‘ഒടിയന്റെ’ റിലീസ്. പ്രമുഖ പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോന്റെ ആദ്യ സിനിമയായിരുന്നു ഒടിയന്‍. സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയ ചിത്രം നടന്റെ ഗെറ്റപ്പിന്റെയും ചില ഡയലോഗുകളുടേയും പേരില്‍ ട്രോള്‍ ചെയ്യപ്പെട്ടു.
