Malayalam
മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കം; സൗബിനെ വീണ്ടും ചോദ്യം ചെയ്യും!
മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കം; സൗബിനെ വീണ്ടും ചോദ്യം ചെയ്യും!
മലയാള സിനിമയിലെ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സൂപ്പർഹിറ്റ് ചിത്രമായ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നിലവിൽ ഇൻകം ടാക്സ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണങ്ങൾ പുരോഗമിക്കുന്നുണ്ട്.
ഇതിനിടെയിലാണ് പൊലീസ് വീണ്ടും സൗബിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. നിലവിൽ സൗബിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. എന്നാൽ അന്വേഷണം മുന്നോട്ടു പോകുന്നതിൽ കോടതി എതിർപ്പ് പറഞ്ഞിട്ടില്ല. അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയിലാണ് പൊലീസ് സൗബിനെതിരെ കേസെടുത്തിരിക്കുന്നത്.
മഞ്ഞുമ്മൽ ബോയ്സ് സിനിമയ്ക്കായി സൗബിനും സംഘവും 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്താണ് സിറാജിൽ നിന്നും 7 കോടിയിലധികം രൂപ വാങ്ങിയത്. ചിത്രീകരണം തുടങ്ങും മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്നും ആണ് വിശ്വസിപ്പിച്ചിരുന്നത്. ഇക്കാര്യം പണമിടപാട് കരാറിൽ എഴുതി ചേർക്കുകയും ചെയ്തിരുന്നു.
എന്നാൽ മുടക്കുമുതൽ പോലും തിരിച്ചുകിട്ടാത്തതിനെത്തുടർന്നാണ് സിറാജ് പോലീസിനെ സമീപിച്ചത്. വിശ്വാസ്യതയുണ്ടാക്കി പരമാവധി പണം തട്ടുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കമാണ് ഇതെന്നും തിനാൽ സംഭവത്തിൽ ക്രമിനൽ സ്വഭാവമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പോലീസിന്റെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിലെത്തിയതോടെ സൗബിനും സംഘവും ഒത്തുതീർപ്പിനുള്ള ശ്രമം നടക്കുകയാണെന്ന് അറിയിച്ചു. തുടർന്ന് മുടക്കു മുതൽ മാത്രം സിറാജിന് തിരികെ നൽകി. കരാറിൽ പറഞ്ഞ നാല്പത് ശതമാനം ലാഭം കൊടുത്തിട്ടില്ല.