Music Albums
എ ആർ റഹ്മാന്റെ മകളും ഗായികയുമായ ഖദീജ വിവാഹിതയായി… വരൻ റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദ്; ചിത്രം വൈറൽ
എ ആർ റഹ്മാന്റെ മകളും ഗായികയുമായ ഖദീജ വിവാഹിതയായി… വരൻ റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദ്; ചിത്രം വൈറൽ
സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകളും ഗായികയുമായ ഖദീജ വിവാഹിതയായി. സൗണ്ട് എൻജിനീയർ റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹം കഴിഞ്ഞെന്ന സന്തോഷ വാർത്ത ഖദീജയും റഹ്മാനും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബര്‍ 29നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
‘ജീവിതത്തിൽ ഏറ്റവുമധികം കാത്തിരുന്ന ദിനം’ എന്നു കുറിച്ചുകൊണ്ടാണ് ഖദീജ വരനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. എല്ലാവരുടെയും പ്രാർഥനയ്ക്കും ആശംസയ്ക്കും നന്ദി പറഞ്ഞ് വധൂവരന്മാർക്കൊപ്പമുള്ള കുടുംബചിത്രം പങ്കുവച്ചുകൊണ്ട് എ.ആര്‍ റഹ്മാന്‍ സന്തോഷം അറിയിച്ചു. ഇരുവർക്കും ആശംസകൾ അറിയിച്ച് ശ്രേയ ഘോഷാൽ, സിദ് ശ്രീറാം, നീതി മോഹൻ തുടങ്ങി നിരവധി പ്രമുഖർ രംഗത്തെത്തി. അടുത്തിടെ അന്തരിച്ച റഹ്മാന്റെ മാതാവ് കരീമ ബീഗത്തിന്റെ ചിത്രം വിവാഹവേദിക്കു സമീപം സ്ഥാപിച്ചിട്ടുണ്ട്.
ഖദീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്ന് മക്കളാണ് എ.ആര്‍ റഹ്മാന്‍ സൈറാ ബാനു ദമ്പതികള്‍ക്ക്. രജനികാന്ത് നായകനായി എത്തിയ എന്തിരനിലൂടെയാണ് ഖജീജ സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ഏതാനും തമിഴ് സിനിമകളിൽ ഖദീജ ഗാനം ആലപിച്ചു. അടുത്തിടെ ഇന്റര്‍നാഷണല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരവും ഖദീജയ്ക്ക് ലഭിച്ചിരുന്നു.
‘ഫരിശ്‌തോ’ എന്ന വീഡിയോയ്ക്കാണ് പുരസ്‌കാരം. ഖദീജയുടെ ആദ്യ സംഗീതസംരംഭം കൂടിയാണിത്. ‘ഫരിശ്‌തോ’യുടെ സംഗീതസംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് റഹ്മാന്‍ തന്നെയാണ്. മുന്ന ഷൗക്കത്ത് അലിയാണ് രചയിതാവ്.
