Social Media
ഈ കൊച്ചു പയ്യന്റെ യാത്രയിൽ സഹായിച്ച എല്ലാ അധ്യാപകരോടും നന്ദിയും കടപ്പാടും; കുട്ടിക്കാല ചിത്രവുമായി നിവിൻ
ഈ കൊച്ചു പയ്യന്റെ യാത്രയിൽ സഹായിച്ച എല്ലാ അധ്യാപകരോടും നന്ദിയും കടപ്പാടും; കുട്ടിക്കാല ചിത്രവുമായി നിവിൻ
അധ്യാപകദിനമായ ഇന്ന് അധ്യാപകർക്ക് നന്ദി പറഞ്ഞും ആശംസകൾ അറിയിച്ചുമുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അതിനിടയിൽ മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളിയുടെ പോസ്റ്റും ശ്രദ്ധ നേടുകയാണ്.
അധ്യാപക ദിനത്തിൽ തന്നെ പഠിപ്പിച്ച അധ്യാപകർക്ക് നന്ദി പറഞ്ഞു കൊണ്ട് തന്റെ സ്കൂൾ കാലഘട്ടത്തിൽ നിന്നുള്ള ചിത്രമാണ് നിവിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. യൂണിഫോം ധരിച്ചു കൈ പുറകിൽ കെട്ടി നിൽക്കുന്ന നിവിനെയാണ് ചിത്രത്തിൽ കാണാനാവുക. “ഈ കൊച്ചു പയ്യന്റെ യാത്രയിൽ സഹായിച്ച എല്ലാ അധ്യാപകരോടും നന്ദിയും കടപ്പാടും, ഹാപ്പി ടീച്ചേർസ് ഡേ” എന്ന് കുറിച്ചു കൊണ്ടാണ് നിവിന്റെ പോസ്റ്റ്. പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്
ഈ അടുത്തായിരുന്നു നിവിന്റെ പതിനൊന്നാം വിവാഹ വാർഷികം. “ഒന്നായതിന്റെ 11 വർഷങ്ങൾ ആഘോഷിക്കുന്നു,” എന്ന അടികുറിപ്പോടെ ഭാര്യ റിന്നയ്ക്ക് ഒപ്പമുള്ള ചിത്രം വിവാഹവാർഷിക ദിനത്തിൽ നിവിൻ പോസ്റ്റ് ചെയ്തിരുന്നു.
മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നിവിൻ വളരെ കുറഞ്ഞ കാലങ്ങൾ കൊണ്ടാണ് മലയാളസിനിമയിലെ ശ്രദ്ധേയ താരമായി ഉയർന്നത്. തട്ടത്തിൽ മറയത്ത്, നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ്, പ്രേമം, ഒരു വടക്കൻ സെൽഫി, ആക്ഷൻ ഹീറോ ബിജു, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കായം കുളം കൊച്ചുണ്ണി, ലവ് ആക്ഷൻ ഡ്രാമ, മിഖേയൽ എന്നിവയെല്ലാം ഏറെ ജനപ്രീതി നേടിയ നിവിൻ ചിത്രങ്ങളാണ്.
‘മൂത്തോൻ’ എന്ന ചിത്രത്തിലെ അഭിനയം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടാൻ നിവിനെ സഹായിച്ചു. തുറമുഖം, പടവെട്ട്, ബിസ്മി സ്പെഷൽ എന്നീ ചിത്രങ്ങളാണ് ഇനി റിലീസിന് എത്താനുള്ള നിവിൻ ചിത്രങ്ങൾ.