News
‘നീലക്കുയിൽ’ ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു
‘നീലക്കുയിൽ’ ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു
പ്രശസ്ത പിന്നണി ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു. 84 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ പത്തിന് ചെന്നൈ കൊട്ടിവാക്കത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രമായ നീലക്കുയിലിലെ ആ ഒരൊറ്റ ഗാനം മാത്രം മതി പുഷ്പയെ മലയാളികൾക്ക് ഓർത്തിരിക്കാൻ.
‘കടലാസു വഞ്ചിയേറി, കടലുംകടന്നുകേറി കളിയാടുമിളംകാറ്റിൽ ചെറുകാറ്റുപായ പാറി….’ എന്ന ഗാനമാണ് പുഷ്പയെ പ്രശസ്തയാക്കിയത്. തന്റെ പതിന്നാലാം വയസിലായിരുന്നു പുഷ്പ പി. ഭാസ്കരൻ എഴുതി കെ. രാഘവൻ സംഗീതംപകർന്ന ഈ ഗാനം ആലപിക്കുന്നത്. ‘നീലക്കുയിലി’നു ശേഷം ഒട്ടേറെ അവസരങ്ങൾ തേടിയെത്തിയെങ്കിലും അതിനിടയിൽ പുഷ്പ വിവാഹിതായി.
1950-ൽ കോഴിക്കോട് ആകാശവാണിയിൽ പുഷ്പയുടെ ‘സുലളിത സുമധുര’ എന്ന ലളിതഗാനാലാപനം കേട്ടാണ് പി. ഭാസ്കരൻ നീലക്കുയിലിൽ പാടാൻ വിളിക്കുന്നത്. 1953-ൽ ‘ലോകനീതി’ എന്ന സിനിമയിൽ അഭയദേവ് – ദക്ഷിണാമൂർത്തി ടീമിനുവേണ്ടി രണ്ടു പാട്ടുകൾ പാടിയെങ്കിലും ശ്രദ്ധനേടിയില്ല.
മൂത്തസഹോദരിമാരായ തുളസിയും കൗസല്യയും കാലിക്കറ്റ് സിസ്റ്റേഴ്‌സ് എന്നപേരിൽ കച്ചേരികൾ അവതരിപ്പിച്ചിരുന്നു. അവരിൽ നിന്നാണ് പുഷ്പ സംഗീതം പഠിച്ചത്. തലശ്ശേരിയിലാണ് പുഷ്പയുടെ തറവാട്. ഭർത്താവ് കെ.വി. സുകുരാജൻ നേരത്തെ മരിച്ചു. മക്കൾ: പരേതനായ പുഷ്പരാജ് വാചാലി, സൂര്യ, സൈറ, മരുമക്കൾ: രാജി വാചാലി, രാംദേവ്, വിനോദ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ചെന്നൈ ബസന്ത്‌നഗർ ശ്മശാനത്തിൽ.