Hollywood
ഗായകൻ ജാക്ക് ജോൺസ് അന്തരിച്ചു
ഗായകൻ ജാക്ക് ജോൺസ് അന്തരിച്ചു
‘ദി ലവ് ബോട്ട്’ എന്ന ടെലിവിഷൻ ഷോയിലെ തീം സോങ്ങിലൂടെ പ്രശസ്തനായ ഗായകൻ ജാക്ക് ജോൺസ് അന്തരിച്ചു. 86 വയസായിരുന്നു. ബുധനാഴ്ച കാലിഫോർണിയയിലായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി രക്താർബുദബാധിതനായിരുന്നു അദ്ദേഹം.
1938 ൽ ലോസ് ഏഞ്ചൽസിലാണ് ജാക്ക് ജനിച്ചത്. കലാ കുടുംബത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. താരങ്ങളായ അലൻ ജോൺസും ഐറിൻ ഹാർവിയും ആയിരുന്നു അച്ഛനും അമ്മയും. അദ്ദേഹത്തിന്റെ പിതാവ് അലൻ ജോൺസ് നടനെന്നതിനേക്കാളുപരി മികച്ചൊരു ഗായകനുമായിരുന്നു. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന ജാക്ക് ഗായകനായും നടനായും തിളങ്ങി.
1982-ൽ പുറത്തിറങ്ങിയ എയർപ്ലെയിൻ 2: ദി സീക്വൽ, 2013-ലെ അമേരിക്കൻ ഹസിൽ എന്നീ ചിത്രങ്ങളിൽ ജാക്ക് അഭിനയിച്ചിട്ടുണ്ട്. ലേഡി,”, “ദി റേസ് ഈസ് ഓൺ,”, “ഡിയർ ഹാർട്ട്”, “ദി ഇംപോസിബിൾ ഡ്രീം (ദി ക്വസ്റ്റ്) എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങളിൽ ചിലതാണ്. 1960 കളിൽ “ലോലിപോപ്സ് ആൻഡ് റോസസ്”, “വൈവ്സ് ആൻഡ് ലവേഴ്സ്” എന്നിവയ്ക്ക് രണ്ട് ഗ്രാമി പുരസ്കാരങ്ങളും ജാക്കിനെ തേടിയെത്തി.
നിരവധി മനോഹര ഗാനങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ടെങ്കിലും 1980 കളിലെ ‘ദി ലവ് ബോട്ട്’ എന്ന തീം സോങാണ് ഏറെ പ്രശസ്തിയിലേയ്ക്ക് ഉയർത്തിയതും ആരാധകരെ നേടിക്കൊടുത്തതും. ഏഴ് പതിറ്റാണ്ടായ തന്റെ കരിയറിൽ അദ്ദേഹം 50 ലധികം ആൽബങ്ങൾ പുറത്തിറക്കുകയും നിരവധി ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ എൺപതുകളിലും തന്റെ കരിയറിൽ സജീവമായിരുന്നു അദ്ദേഹം.