News
നയന്‍താര നല്ലൊരു മനസിന് ഉടമ, ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്; വൈറലായി ചിമ്പുവിന്റെ വാക്കുകള്‍
നയന്‍താര നല്ലൊരു മനസിന് ഉടമ, ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്; വൈറലായി ചിമ്പുവിന്റെ വാക്കുകള്‍
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നയന്‍താര സജീവമല്ലെങ്കിലും വിഘ്‌നേഷ് വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ ജൂണിലാണ് നയന്‍താരയും വിക്കി എന്ന വിഘ്‌നേഷും വിവാഹിതരായത്. എന്നാല്‍ വിവാഹം കഴിഞ്ഞ് അഞ്ച് മാസം തികയും മുമ്പാണ് ഇന്നലെ തങ്ങള്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായ സന്തോഷവാര്‍ത്ത താരദമ്പതികള്‍ പങ്കുവെച്ചത്. വാടക ഗര്‍ഭധാരണം വഴിയാണ് നയന്‍താര അമ്മ ആയത്.
സിനിമ പോലെ തന്നെ നയന്‍താരയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. താരത്തിന്റെ പ്രണയങ്ങളും വിവാഹവുമൊക്കെ വാര്‍ത്തയായി മാറിയിരുന്നു. നയന്‍താരയുടെ പ്രണയങ്ങളില്‍ ഏറ്റവും വലിയ ചര്‍ച്ചയായി മാറിയ ഒന്നായിരുന്ന നടന്‍ ചിമ്പുവുമായുള്ളത്. ഇന്നും ആരാധകര്‍ ചര്‍ച്ച ചെയ്യുന്ന പ്രണയകഥയാണിത്.
വല്ലവന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയും ചിമ്പുവും പ്രണയത്തിലാകുന്നത്. എന്നാല്‍ ഈ പ്രണയത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ചിമ്പുവിന്റേയും നയന്‍താരയുടേയും സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എന്തായാലും ചിമ്പുവും നയന്‍താരയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ഇരുവരും സുഹൃത്തുക്കളായി മാറുകയും ചെയ്തു.
2012 ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ നയന്‍താരയെക്കുറിച്ച് ചിമ്പു മനസ് തുറക്കുന്നുണ്ട്. ”നയന്‍താര നല്ലൊരു മനസിന് ഉടമയാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഞങ്ങളെ റൊമാന്റിക്കലി ബന്ധപ്പെടുത്തുക എന്നത് മണ്ടത്തരമാണ്. നല്ല അടുപ്പമുള്ള സുഹൃത്തുക്കള്‍ എന്ന നിലയിലും പ്രൊഫഷണല്‍സ് എന്ന നിലയിലും ഞങ്ങള്‍ ഇപ്പോഴും സംസാരിക്കാറുണ്ട്. സിനിമയെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ പരസ്പരം പങ്കുവെക്കാറുണ്ട്. ഞങ്ങള്‍ രണ്ടു പേരും മൂവ് ഓണ്‍ ചെയ്തു. ഞങ്ങള്‍ക്കിടയില്‍ കയ്പ്പില്ല, സമാധാനമാണുള്ളത്” എന്നാണ് ചിമ്പു പറഞ്ഞത്.
ചിമ്പുവുമായി പിരിഞ്ഞ ശേഷമാണ് നയന്‍താര പ്രഭുദേവയുമായി പ്രണയത്തിലാകുന്നത്. നയന്‍താരയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായാണ് ഈ പ്രണയം അവസാനിച്ചത്. പ്രഭുദേവയുമായുള്ള വിവാഹത്തിനായി തയ്യാറായിരുന്നു നയന്‍താര. വിവാഹത്തിന് മുമ്പായി താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയും ചെയ്തിരുന്നു. നയന്‍താരയ്‌ക്കെതിരെ പ്രഭുദേവയുടെ ആദ്യ ഭാര്യ രംഗത്തെത്തിയതൊക്കെ വലിയ വാര്‍ത്തയായിരുന്നു. എന്തായാലും ഇരുവരും പിരിയുകയായിരുന്നു.
പിന്നീടാണ് നയന്‍താര നിര്‍മ്മാതാവും സംവിധായകനുമായ വിഘ്‌നേഷ് ശിവനുമായി പ്രണയത്തിലാകുന്നത്. ഈയ്യടുത്തായിരുന്നു ഇരുവരുടേയും വിവാഹം. ഏറെ നാളത്തെ ലിവിംഗ് റിലേഷന്‍ഷിപ്പിന് ശേഷമാണ് ഈയ്യടുത്ത് നടന്ന വര്‍ണാഭമായ വിവാഹചടങ്ങില്‍ വച്ച് നയന്‍സും വിക്കിയും ഒന്നായത്. കഴിഞ്ഞ ദിവസം തങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചതായി ഇരുവരും അറിയിച്ചിരുന്നു. വാടകഗര്‍ഭധാരണത്തിലൂടെയായിരുന്നു നയന്‍താരയും വിഘ്‌നേഷും അച്ഛനും അമ്മയുമായത്. എന്നാല്‍ ഇതും വലിയ വിവാദമായി മാറി.
വിവാഹം കഴിഞ്ഞ് നാല് മാസം മാത്രം പിന്നിട്ട നയന്‍താരയും വിഘ്‌നേഷും വാടകഗര്‍ഭധാരണത്തിലൂടെ അച്ഛനും അമ്മയുമായതിന് പിന്നില്‍ നിയമലംഘനം നടന്നിട്ടുണ്ടോ എന്നായിരുന്നു ആരോപണം. തമിഴ്‌നാട് ആരോഗ്യവകുപ്പ് താരദമ്പതികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തത് ആറ് വര്‍ഷം മുമ്പാണെന്നും അതിനാല്‍ നിയമലംഘനം നടന്നിട്ടില്ലെന്നുമായിരുന്നു നയന്‍താരയും വിഘ്‌നേഷയും അന്വേഷണ സംഘത്തെ അറിയിച്ചത്.
നയന്‍സിന്റെ ബന്ധുവായ മലയാള യുവതി ആണത്രെ വാടകഗര്‍ഭ ധാരണത്തിന് തയ്യാറായത്. ദുബായിലെ ബിസിനസ് നോക്കി നടത്തുന്നത് ഈ സ്ത്രീയാണെന്നും റിപ്പോര്‍ട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന് താരങ്ങള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാദത്തില്‍ നയന്‍താര ഇതുവരേയും പ്രതികരിച്ചിട്ടില്ല. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷവും കുട്ടികള്‍ ഇല്ലെങ്കിലേ വാടക ഗര്‍ഭധാരണ മാര്‍ഗം സ്വീകരിക്കാന്‍ പറ്റൂ. 2016 ല്‍ നിയമപരമായി വിവാഹം കഴിഞ്ഞതിനാല്‍ ഈ ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് താരങ്ങള്‍ പറയുന്നത്.