Malayalam
പൊതുശല്യമായി ആളുകൾക്ക് തോന്നിയതുകൊണ്ടാണ് ഞങ്ങൾക്ക് അനുകൂലമായി കമൻറുകൾ വന്നത്; ചെകുത്താൻ വിഷയത്തെ കുറിച്ച് സിദ്ദിഖ്
പൊതുശല്യമായി ആളുകൾക്ക് തോന്നിയതുകൊണ്ടാണ് ഞങ്ങൾക്ക് അനുകൂലമായി കമൻറുകൾ വന്നത്; ചെകുത്താൻ വിഷയത്തെ കുറിച്ച് സിദ്ദിഖ്
കേരളക്കരയെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തമായിരുന്നു വയനാട് മുണ്ടകൈയ്യിലുണ്ടായ ഉരുൾ പൊട്ടൽ. അതിന്റെ ഭീകരതയുടെ നടുക്കത്തിൽ നിന്നും കരകയറാൻ മലയാളികൾക്കോ വയനാട്ടുകാർക്കോ സാധിച്ചിട്ടില്ല. ഈ വേളയിൽ വയനാട്ടിലുള്ളവർക്ക് സഹായഹസ്തവുമായി എത്തിയ വ്യക്തിയായിരുന്നു നടനും ലെഫ്റ്റനന്റ് കേണലും കൂടിയായ മോഹൻലാൽ. സൈനിക യൂണിഫോമിലായിരുന്നു മോഹൻലാൽ ദുരന്തമുഖത്തെത്തിയത്.
പിന്നാലെ അദ്ദേഹത്തെ അധിക്ഷേപിച്ചുകൊണ്ട് ചെകുത്താൻ എന്ന പേരിൽ യുട്യൂബ് ചാനൽ നടത്തുന്ന അജു അലക്സിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖിൻറെ പരാതിയിലായിരുന്നു കേസ്. ഇപ്പോഴിതാ ഈ കേസിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
ഈ വിഷയത്തിൽ പൊതു സമൂഹത്തിൽ നിന്ന് നല്ല രീതിയിലുള്ള പ്രതികരണങ്ങളും കയ്യടികളുമാണല്ലോ ലഭിക്കുന്നതെന്ന ചോദ്യത്തോടായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. ജീത്തു ജോസഫിന്റെ നുണക്കുഴി എന്ന പുതിയ ചിത്രത്തിൻറെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല വാക്കുകൾ വരുമ്പോഴും ഞാൻ ഭയക്കുന്നത് നമ്മുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച വന്നാലും എതിരെയുള്ള ഒരുപാട് കമൻറുകൾ വരാൻ സാധ്യതയുണ്ട്. എന്ത് കാര്യവും ചെയ്യുമ്പോൾ സൂക്ഷിച്ച് ചെയ്യണം. നമ്മൾ ഒരു കാര്യം ചെയ്തു എന്ന് പറയുന്നത് വലിയ കാര്യമായി എനിക്ക് തോന്നുന്നില്ല. ഞാൻ പരാതി കൊടുത്തതുപോലെ ആര് കൊടുത്താലും ഇതേ നിയമനടപടികൾ തന്നെ ഉണ്ടാവുമായിരുന്നു.
സംഘടനയുടെ നേതൃസ്ഥാനത്ത് ഇരുന്നതുകൊണ്ടാണ് എനിക്ക് അത് ചെയ്യേണ്ടിവന്നത്. അത്രയധികം പൊതുശല്യമായി ആളുകൾക്ക് തോന്നിയതുകൊണ്ടാണ് ഞങ്ങൾക്ക് അനുകൂലമായി കമൻറുകൾ ഉണ്ടായത്. ഇപ്പോൾ നല്ല കമൻറ് വരുന്നതുപോലെ മോശം കമൻറ് വരാനും ഒരു പ്രവർത്തി മതി.
അതിനാൽത്തന്നെ വളരെ സൂക്ഷിച്ചാണ് സംസാരവും പ്രവർത്തിയും. സംഘടനയുടെ സ്ഥാനത്തിരിക്കുമ്പോൾ പറയുന്ന അഭിപ്രായങ്ങളും മറ്റും ഒരു വ്യക്തിയുടേതെന്ന രീതിയിൽ മാത്രമാവില്ല ആളുകൾ എടുക്കുക എന്നും സിദ്ദിഖ് പറഞ്ഞു. മോഹൻലാൽ ചെയ്ത ഈ വലിയ പ്രവൃത്തിയെ അഭിനന്ദിക്കുന്നതിനു പകരം വ്യക്തിപരമായി അദ്ദേഹത്തെ ഒരുപാട് അധിക്ഷേപിക്കുന്നതു കണ്ടപ്പോൾ ഒരു വ്യക്തി എന്ന നിലയിലും അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ എന്ന നിലയിലും ഏറെ വിഷമമുണ്ടായി. ഞാനൊരു സംഘടനയുടെ നേതൃത്വത്തിൽ ഇരിക്കുന്ന ആളാണ്.
മോഹൻലാലിനെ മാത്രമല്ല, ‘അമ്മ’ സംഘടനയിലെ ഒരു മെംബറെപ്പോലും അങ്ങനെയൊരാൾ വ്യക്തിപരമായി അധിക്ഷേപിച്ചാൽ തീർച്ചയായും അതിനെ ചോദ്യം ചെയ്യേണ്ട ബാധ്യത ജനറൽ സെക്രട്ടറിയായ എനിക്കുണ്ടെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാനത് പരാതിയായി എഴുതി പൊലീസിനു കൈമാറുന്നത് എന്നും സിദ്ദിഖ് പറഞ്ഞിരുന്നു.
അതേസമയം, സമൂഹമാധ്യത്തിൽ മോഹൻലാലിനെ അപകീർത്തിപ്പെടുത്തുന്നതിനും താരത്തിൻറെ ആരാധകരിൽ വിദ്വേഷം ജനിപ്പിച്ച് സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കൂടിയുള്ള പരാമർശങ്ങൾ നടത്തിയെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. ഭാരതീയ ന്യായ സംഹിത 192, 236 (ബി), കേരള പൊലീസ് ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമാണ് അജു അലക്സിന് എതിരായ കേസ്.