News
‘ഇന്ത്യയില്‍ ഇങ്ങനെയാണ്’…, വിമാനത്താവളത്തില്‍ വെച്ച് തന്റെ മാതാപിതാക്കളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമാനിച്ചുവെന്ന് സിദ്ധാര്‍ത്ഥ്
‘ഇന്ത്യയില്‍ ഇങ്ങനെയാണ്’…, വിമാനത്താവളത്തില്‍ വെച്ച് തന്റെ മാതാപിതാക്കളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമാനിച്ചുവെന്ന് സിദ്ധാര്‍ത്ഥ്
തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധ നേടിയ നടനാണ് സിദ്ധാര്‍ത്ഥ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ തമിഴ്‌നാട്ടിലെ മധുരെ വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്റെ മാതാപിതാക്കളെ അപമാനിച്ചുവെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് സിദ്ധാര്‍ത്ഥ്.
ഇന്‍സ്റ്റ സ്‌റ്റോറിയായി ഇട്ട പോസ്റ്റിലാണ് നടന്‍ മാതാപിതാക്കള്‍ അപമാനിക്കപ്പെട്ടതായി പറയുന്നത്. 24 മണിക്കൂറിന് ശേഷം അപ്രത്യക്ഷമാകുന്ന ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം സ്‌റ്റോറി. തന്റെ മാതാപിതാക്കളെ അവരുടെ ബാഗുകളില്‍ നിന്ന് നാണയങ്ങള്‍ മാറ്റാന്‍ എന്ന പേരില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ 20 മിനുട്ടോളം അപമാനിച്ചുവെന്നാണ് സിദ്ധാര്‍ത്ഥിന്റെ ആരോപണം.
അവരോട് ആവര്‍ത്തിച്ച് ഹിന്ദിയിലാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്, ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ വിസമ്മതിച്ചുവെന്നും ആരോപിക്കുന്നു. ഇതില്‍ പ്രതിഷേധിച്ചപ്പോള്‍ ‘ഇന്ത്യയില്‍ ഇങ്ങനെയാണ്’ എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സിദ്ധാര്‍ഥ് ആരോപിച്ചു. വിമാനതാവളത്തില്‍ തിരക്കൊന്നും ഇല്ലാത്ത സമയത്ത് 20 മിനുട്ടോളം ഈ അപമാനം സഹിച്ചുവെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.
മധുരെ വിമാനത്താവളത്തിലെ സുരക്ഷ കൈകാര്യം ചെയ്യുന്നത് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് അഥവാ സിഐഎസ്എഫ് ആണ്. എന്നാല്‍ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറി പോസ്റ്റില്‍ സിദ്ധാര്‍ത്ഥ് സിഐഎസ്എഫ് എന്നതിന് പകരം സിആര്‍പിഎഫ് എന്ന് പറഞ്ഞാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.